20 May Monday

ദുരിതാശ്വാസ ക്യാമ്പിൽ സാഹോദര്യത്തിന്റെ പൂവിളി

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018


തിരുവനന്തപുരം
‘ഐൻസ‌്റ്റീന‌് പാടാനറിയില്ല‌,’ നാടൻപാട്ട‌് മത്സരത്തിൽ ഒന്നാമനായ സ്വരൂപ‌് പറയുന്നു. പാട്ടൊഴികെ എല്ലാ ഇനത്തിലും ജയിക്കുമെന്ന‌് അതേ നാണയത്തിൽ തിരിച്ചടിക്കുന്നു കൂട്ടുകാരൻ. കള്ളിയൂർ എംഎൻഎൽപി സ്കൂളിന്റെ ചെറിയ മുറ്റം ഓണക്കളിയുടെ തിരക്കിലാണ‌്.

മിഠായി പെറുക്കിയും നാടൻപാട്ടുകൾ പാടിയും പായസം കുടിച്ചും സ്കൂൾ അങ്കണത്തിൽ ഓടിനടക്കുന്നു കുട്ടികൾ. ഐൻസ‌്റ്റീൻ എന്ന‌് കൂട്ടുകാർ കളിയാക്കി വിളിക്കുന്ന അനസ‌്റ്റീനുൾപ്പെടെ 21 കുട്ടികളും അവരുടെ മാതാപിതാക്കളുമടങ്ങുന്ന സ്കൂളിലെ ‘വലിയ കുടുംബ’ത്തിന‌് ഇത്തവണ സഹോദര്യത്തിന്റെ ഓണമാണ‌്. മഴക്കെടുതി വരുത്തിവച്ച നഷ്ടങ്ങൾ തൽക്കാലം മറക്കുകയാണ‌് അവർ.

ആർത്തുപെയ്ത മഴയിൽ വെള്ളായണിക്കായൽ കരകവിഞ്ഞ‌് വീടുകളിലേക്ക‌് കയറിയപ്പോൾ പത്തുദിവസംമുമ്പാണ‌് കള്ളിയൂരിലെ 41 കുടുംബങ്ങളിൽ നിന്നായി 82 പേർ കള്ളിയൂർ എംഎൻഎൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക‌് മാറിയത‌്.

ഒരുവശത്ത‌്‌ കായൽ റോഡ‌് നിറഞ്ഞ‌് ഒഴുകുകയും മറുവശത്ത‌് വിശാലമായ പാടശേഖരത്തിൽനിന്നുള്ള വെള്ളം വീടുകളിലേക്ക‌് കയറുകയും ചെയ്തതോടെ മിക്ക വീടുകളിലും മുട്ടൊപ്പം വെള്ളം കയറി. മഴ നിന്നതോടെ വെള്ളം ഇറങ്ങിത്തുടങ്ങി. മിക്ക കുടുംബങ്ങളും വീടുകളിലേക്ക‌് മടങ്ങി. ഇനിയും വെള്ളം ഇറങ്ങാത്ത 29 കുടുംബങ്ങളാണ‌് ക്യാമ്പിലുള്ളത‌്.

വീട്ടിലേക്ക‌് തിരികെ പോകാൻ കുറച്ചുദിവസങ്ങൾകൂടി കാത്തിരിക്കേണ്ടിവരും എന്നതിനാൽ ഓണം ഇക്കുറി സ്കൂളിലാണെന്ന‌് പറയുന്നു, ക്യാമ്പിലെ മുത്തശ്ശി ജഗദമ്മ. ‘വീട്ടിലെ ഓണം മകളും മരുമകനും പേരക്കുട്ടിയും ഒന്നിച്ചാണ‌്. ഇക്കുറിയും അവരൊക്കെയുണ്ട‌് ഇവിടെ.

കൂടെ ആർപ്പുവിളികൾ ഉച്ചത്തിലാക്കാൻ കുറേയധികം ബന്ധുക്കളും കൊച്ചുമക്കളും.’ ഉത്രാടനാളിൽത്തന്നെ ഓണാഘോഷം തുടങ്ങി ക്യാമ്പിൽ. രാവിലെ കള്ളിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. സുനിതയുടെ വക രുചിയേറും സേമിയ പായസം. ഓണക്കളികളും കലാപരിപാടികളും കസേരകളിയും പൂക്കളമത്സരവും ഇല്ലെന്ന‌ ചെറുപരാതികളുമുണ്ട‌് കുട്ടിപ്പട്ടാളത്തിന‌്.

ഓണസദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി പേരൂർക്കട സ‌്റ്റേഷനിലെ പൊലീസുകാരെത്തി. ഓണാഘോഷം നടത്തുന്നത‌് കള്ളിയൂർ സഹകരണ ബാങ്കാണ‌്.

പ്രധാന വാർത്തകൾ
 Top