06 October Sunday
ക്ഷേമസ്ഥാപനങ്ങളിലെ അംഗങ്ങൾക്ക്‌ 
ഭക്ഷ്യകിറ്റും ഓണക്കോടിയും വിതരണം ചെയ്തു

ഓണക്കിറ്റും കോടിയും കിട്ടി , 
ഇനി ആഘോഷം

സ്വന്തം ലേഖികUpdated: Thursday Sep 12, 2024

പുലയനാർകോട്ട ഗവ. കെയർ ഹോമിൽ സർക്കാർ നൽകിയ 
ഓണപ്പുടവയുമായി അന്തേവാസികൾ


തിരുവനന്തപുരം
ഓണം വന്നെത്തിയ ആഹ്ലാദത്തിലാണ്‌ പുലയനാർകോട്ട ഗവ. കെയർ ഹോമിൽ അമ്മൂമ്മമാരും അപ്പൂപ്പന്മാരും. ക്ഷേമസ്ഥാപന അംഗങ്ങൾക്ക്‌ ഭക്ഷ്യക്കിറ്റും ഓണക്കോടിയും നൽകുന്ന സംസ്ഥാന സർക്കാരിന്റെ കരുതൽ അവരുടെ സന്തോഷത്തിന്‌ നിറവേകുന്നു. ഭക്ഷ്യകിറ്റ്‌, ഓണക്കോടി വിതരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം  പുലയനാർകോട്ട ഗവ. കെയർ ഹോമിലായിരുന്നു ഇക്കുറി. പ്രായത്തിന്റെ അവശതകൾക്കിടയിലും രാജലക്ഷ്‌മി അമ്മയും രാജമ്മയും അടക്കമുള്ളവർ കിറ്റും ഓണക്കോടിയും മന്ത്രി ആർ ബിന്ദുവിൽനിന്ന്‌ ഏറ്റുവാങ്ങി.

13 ഇനങ്ങൾ അടങ്ങിയ കിറ്റും ഓണക്കോടിയുമാണ്‌ സംസ്ഥാനത്തെ 480 ക്ഷേമകേന്ദ്രങ്ങളിലെ 39,519 പേർക്കായി വിതരണം ചെയ്തത്‌. നാലുപേർക്ക്‌ ഒരു കിറ്റെന്ന നിലയിലാണ്‌ വിതരണം. ഇത്‌ അതത്‌ സ്ഥാപനങ്ങളിൽത്തന്നെ ഓണസദ്യയൊരുക്കാൻ ഉപയോഗിക്കും.

വയോജന സംരക്ഷണത്തിന് സുരക്ഷിത സാഹചര്യം ഒരുക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഗൗരവത്തോടെയാണ് നിർവഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വയോജന സംരക്ഷണം പൊതുസമൂഹത്തിന്റെകൂടി ഉത്തരവാദിത്വമാണ്. സർക്കാർ കെയർ ഹോമുകൾ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

വർഷങ്ങളായി കെയർഹോമിന്റെ ഭാഗമായവരെയും ചടങ്ങിൽ ആദരിച്ചു. കെയർഹോം ക്യാമ്പസിൽ കൃഷി ചെയ്യുന്ന ശ്രീധരൻ, സുന്ദരൻ നാടാർ, വിജയകുമാർ എന്നിവരെയും മന്ത്രി ആദരിച്ചു. ചടങ്ങിനുശേഷം ഓണപ്പാട്ടും ഇഷ്ട സിനിമാഗാനങ്ങളും പാടിയാണ്‌ അന്തേവാസികൾ പിരിഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top