11 October Friday

തിരുവാറന്മുളയപ്പന് ഓണവിഭവങ്ങൾ സമർപ്പിക്കാൻ തിരുവോണത്തോണി ഇന്ന് പുറപ്പെടും

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

അനൂപ് നാരായണൻ ഭട്ടതിരി മങ്ങാട്ട് ഇല്ലത്തെ കടവിൽ വള്ളത്തിനരികെ

ഏറ്റുമാനൂർ > ആറൻമുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ തിരുവോണ ദിവസം ഭഗവാനായുള്ള സദ്യയ്ക്ക് സദ്യവട്ടങ്ങളും വിഭവങ്ങളുമായി മങ്ങാട്ട്  ഭട്ടതിരി കുമാരനല്ലൂരിൽനിന്ന്‌ ഇന്ന് യാത്ര തിരിക്കും. കുമാരനല്ലൂരിലെ മങ്ങാട്ട് ഇല്ലത്തു അനൂപ് നാരായണൻ ഭട്ടതിരിയാണ് ഇത്തവണ ആറന്മുളയ്‌ക്ക്‌ പോകുന്നത്. ഇദ്ദേഹത്തിന്റെ  കന്നിയാത്രയാണിത്. എംടെക് ബിരുദധാരിയായ ഇദ്ദേഹം അമേരിക്കയിൽ കംപ്യൂട്ടർ എൻജിനിയറായി ജോലിചെയ്തുവരികയാണ്. രാവിലെ മങ്ങാട്ടില്ലത്തെ തേവാരപ്പുരയിൽ നടക്കുന്ന ചടങ്ങുകൾക്കുശേഷം 11.30 ന് മങ്ങാട്ടുകടവിൽനിന്ന് ചുരുളൻ വള്ളത്തിൽ ആറന്മുള ലക്ഷ്യമാക്കി യാത്ര തുടങ്ങും. മൂന്നു തുഴക്കാരാണ് വള്ളത്തിലുള്ളത്.

തിരുവോണത്തോണിയുടെ ഐതിഹ്യം

ആറൻമുളയ്ക്കടുത്ത് കാട്ടൂർ മങ്ങാട് ഇല്ലത്തെ ഭട്ടതിരിയ്ക്ക് സന്താനങ്ങളുണ്ടായിരുന്നില്ല. ഒടുവിൽ ഒരു കുട്ടി ജനിച്ചപ്പോൾ അത് ആറൻമുള ഭഗവാന്റെ കൃപയാണെന്ന് ഭട്ടതിരി വിശ്വസിച്ചു. എല്ലാ വർഷവും തിരുവോണ സദ്യ ഉണ്ണും മുമ്പ് അദ്ദേഹം ഒരു ബ്രഹ്‌മചാരിയ്ക്ക് ഭക്ഷണം നല്കും. ഒരിക്കൽ ഈ പതിവ് തെറ്റി. ബ്രഹ്‌മചാരി എത്താതെ താൻ തിരുവോണ സദ്യ കഴിയ്ക്കുകയില്ലെന്ന് ഭട്ടതിരി ശാഠ്യം പിടിച്ചു. അപ്പോൾ ഒരു ബാലനെത്തി ഊണ് കഴിച്ചു. ഭട്ടതിരിയുടെ ഭക്തിയിൽ സന്തുഷ്ടനായ ശ്രീകൃഷ്ണൻ തിരുവോണത്തിന്റെ സദ്യ ഇനി ആറൻമുള ക്ഷേത്രത്തിൽ വന്ന് നൽകിയാൽ മതിയെന്ന് ദർശനത്തിൽ പറഞ്ഞുവത്രെ.

പിറ്റേവർഷം മുതൽ തിരുവോണത്തിനുള്ള സദ്യവട്ടവുമായി ഭട്ടതിരി മങ്ങാട്ട് ഇല്ലത്തിൽ നിന്നും വള്ളത്തിൽ ആറൻമുളയിലേക്ക് തിരിക്കും. ഈ തോണിയാണ് തിരുവോണത്തോണി. ഒരിക്കൽ തിരുവോണത്തോണിയിൽ ആറൻമുളയിലേക്ക് യാത്ര തിരിച്ച ഭട്ടതിരിയെ വഴിയിൽ വച്ച് കൊള്ളക്കാർ ആക്രമിച്ചു. സംഭവമറിഞ്ഞ് കരക്കാർ വള്ളങ്ങളിലെത്തി ഭട്ടതിരിയ്ക്കും തിരുവോണത്തോണിയ്ക്കും സംരക്ഷണം നല്കി. അടുത്ത വർഷങ്ങളിൽ തിരുവോണത്തോണിയ്ക്ക് അകമ്പടി സേവിയ്ക്കാൻ ഉയർന്ന അമരവും അണിയവുമായി പണി കഴിപ്പിച്ച പോർവള്ളങ്ങളായ ചുണ്ടൻ വള്ളങ്ങൾ എത്തി. ഇവയാണ് ആറൻമുള പള്ളിയോടങ്ങൾ. ഇതിനിടെ മങ്ങാട്ടില്ലത്ത് താമസം തുടർന്നു പോകാൻ തടസ്സങ്ങളുണ്ടായപ്പോൾ ഭട്ടതിരി കുമാരനെല്ലൂരിലെ കാർത്യായനി ക്ഷേത്രത്തിനു സമീപം ഇല്ലം കെട്ടി അങ്ങോട്ടു മാറി. അന്നു മുതൽ കുമാരനെല്ലൂർ മനയിൽ നിന്നുമാണ് തിരുവോണത്തോണി പുറപ്പെടുക.

ചിങ്ങമാസത്തിലെ മൂലം നാളിൽ കുമാരനെല്ലൂരിലെ ഇല്ലത്തു നിന്നും മൂത്ത ഭട്ടതിരി ചുരുളൻ വള്ളത്തിൽ യാത്ര പുറപ്പെടും. താഴത്തങ്ങാടി വഴി കാവാലം, നീരേറ്റുപുറത്തു ചെന്ന് ചക്കുളത്തുകാവിലെത്തി വിശ്രമിക്കും. തിരുവല്ല മൂവടത്തു മഠത്തിലും പിറ്റേന്ന് രാവിലെ യാത്ര തുടർന്ന് ആറന്മുള ഗസ്റ്റ്ഹൗസിലുമെത്തി രാത്രി അവിടെ വിശ്രമിക്കും. ഉത്രാടം നാൾ രാവിലെ യാത്ര തിരിച്ച് അയിരൂർ പുതിയകാവിലും വൈകിട്ട് അഞ്ചോടെ കാട്ടൂരിലുമെത്തും. കാട്ടൂരിൽനിന്ന്‌ അരിയും ഓണവിഭവങ്ങളും അലങ്കരിച്ച തിരുവോണത്തോണിയിൽ നിറയ്ക്കും. കാട്ടൂർ മഹാവിഷ്ണുക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം അവിടെനിന്നും കൊളുത്തുന്ന ഭദ്രദീപവുമായി തിരുവോണത്തോണി ആറന്മുളയ്ക്ക്‌ പുറപ്പെടും.

തിരുവോണ നാളിൽ പുലർച്ചെ ആറന്മുള ക്ഷേത്രത്തിലെ മധുക്കടവിലെത്തുന്ന തിരുവോണത്തോണിയിൽനിന്ന് ഭട്ടതിരിയെ വഞ്ചിപ്പാട്ടുപാടി എതിരേറ്റ് ശ്രീകോവിലിലേയ്ക്ക്‌ ആനയിക്കും. തുടർന്ന് ഓണസദ്യയ്ക്കുള്ള അരിയളക്കും. ഓണവിഭവങ്ങൾകൊണ്ട് ഓണസദ്യയും ഒരുക്കും. അന്ന് അത്താഴ പൂജ കഴിഞ്ഞ് ക്ഷേത്രപൂജാരിയിൽ നിന്ന് പണക്കിഴി ഏറ്റുവാങ്ങുന്നതോടെ ഈ യാത്രാ ചടങ്ങുകൾക്ക് സമാപനമാകും. സദ്യ കഴിഞ്ഞുള്ള ചെലവ് കഴിഞ്ഞ് ബാക്കി തുകയാണിതത്രെ. ഈ പണക്കിഴി ഭണ്ഡാരത്തിൽ നിക്ഷേപിച്ച് മങ്ങാട്ട് ഭട്ടതിരി മടങ്ങും. മടക്കയാത്ര തിരുവോണത്തോണിയിലല്ല.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top