18 May Wednesday

34,000 കടന്നു ; വർധന 211 ശതമാനം ; 54 പേര്‍ക്കുകൂടി ഒമിക്രോണ്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ബുധനാഴ്‌ച 34,199 പേർക്ക് കോവിഡ്- സ്ഥിരീകരിച്ചു. 37.17 ആണ്‌ സ്ഥിരീകരണ നിരക്ക്‌. എറണാകുളത്താണ്‌ കൂടുതൽ രോഗികൾ–- 5953. തിരുവനന്തപുരത്ത്‌ 5684. തൃശൂർ, കോഴിക്കോട്  ജില്ലകളിൽ മൂവായിരത്തിന്‌ മുകളിലാണ്‌. വയനാട്, കാസർകോട്‌ ഒഴികെയുള്ള ജില്ലയിൽ ആയിരത്തിന്‌ മുകളിൽ പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 91,983 സാമ്പിളാണ് പരിശോധിച്ചത്. 8193 പേർ രോഗമുക്തി നേടി. 49 കോവിഡ് മരണംകൂടി സ്ഥിരീകരിച്ചു. അപ്പീൽ നൽകിയ 85 മരണവും പട്ടികയിൽ ചേർത്തു. ആകെ മരണം 51,160 ആയി.

വർധന 211 ശതമാനം
ജനുവരി 12 മുതൽ 18 വരെയുള്ള കാലയളവിൽ മുൻ ആഴ്‌ചയുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ്‌ ബാധിതരിൽ 88,062 പേരുടെ വർധന. വളർച്ച നിരക്ക്‌ 211 ശതമാനമാണ്‌. നിലവിൽ ചികിത്സയിലുള്ളവർ, ആശുപത്രി, ഫീൽഡ് ആശുപത്രി, ഐസിയു, വെന്റിലേറ്റർ, ഓക്‌സിജൻ കിടക്കകൾ എന്നിവിടങ്ങളിലെ രോഗികൾ യഥാക്രമം 192, 60, 113, 38, 9, 52 ശതമാനം വർധിച്ചിട്ടുണ്ട്.

54 പേര്‍ക്കുകൂടി ഒമിക്രോണ്‍
സംസ്ഥാനത്ത് 54 പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂർ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട് മൂന്നു വീതം, കൊല്ലം, ആലപ്പുഴ രണ്ടു വീതവും വയനാടും കണ്ണൂരും ഓരോരുത്തർക്കുമാണ്‌  രോഗം.  41 പേർ വിദേശരാജ്യങ്ങളിൽനിന്നും അഞ്ചുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. സംസ്ഥാനത്ത് ആകെ 645 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

ഒമ്പതാം ക്ലാസ്‌ വരെ നാളെ 
അടയ്‌ക്കും
സംസ്ഥാനത്ത്‌  ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ വെള്ളിയാഴ്‌ച മുതൽ രണ്ടാഴ്‌ചത്തേക്ക്‌ അടയ്‌ക്കും. കോവിഡ്‌ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ്‌ സ്‌കൂൾ അടയ്‌ക്കുന്നത്‌. രണ്ടാഴ്‌ചയ്‌ക്ക്‌ ശേഷം സ്ഥിതി വിലയിരുത്തി  തുടർ നിർദേശങ്ങൾ നൽകുമെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു സ്‌കൂളുകൾക്ക്‌ നൽകിയ മാർഗനിർദേശത്തിൽ വ്യക്തമാക്കി.
 ഓഫീസുകൾ കോവിഡ്‌ നിയന്ത്രണങ്ങൾ അനുസരിച്ച്‌ പ്രവർത്തിക്കണം. എല്ലാ അധ്യാപകരും സ്‌കൂളിൽ എത്തണം. കൈറ്റ്‌ വിക്ടേഴ്‌സിൽ പുതുക്കിയ ടൈംടേബിൾ പ്രകാരമുള്ള ക്ലാസുകൾ കുട്ടികൾ കാണുന്നുണ്ടെന്ന്‌ അധ്യാപകർ ഉറപ്പാക്കണം.  22, 23 തീയതികളിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി,  വെക്കേഷണൽ  വിഭാഗങ്ങൾ പിടിഎയുടെ നേതൃത്വത്തിൽ ശുചീകരിക്കണം.  
കോവിഡ്‌ ക്ലസ്‌റ്ററുകളായി പ്രഖ്യാപിക്കുന്ന കേന്ദ്രങ്ങളിലെ എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി ക്ലാസുകൾ ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം രണ്ടാഴ്‌ചവരെ അടച്ചിടാം. സ്‌കൂളുകളിൽ വാക്‌സിനേഷൻ തടസ്സമില്ലാതെ നടക്കുന്നുവെന്ന്‌  വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പാക്കണം. അധ്യാപകർ ദിവസവും രക്ഷിതാക്കളുമായി  ആശയവിനിമയം നടത്തണം. സ്‌കൂൾതല റിസോഴ്‌സ്‌ ഗ്രൂപ്പുകൾ (എസ്‌ആർജി)  ചേരണം. വിദ്യാർഥികളുടെ  പഠനപുരോഗതി  രേഖപ്പെടുത്തണം. എല്ലാവർക്കും ഡിജിറ്റൽ ക്ലാസുകൾ കാണുന്നതിനാവശ്യമായ സൗകര്യമുണ്ടെന്ന്‌ പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ ഉറപ്പുവരുത്തണം.

ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ലാബ്‌ പ്രവർത്തനങ്ങൾ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാകണം. വിദ്യാർഥികളുടെ വായന പരിപോഷിപ്പിക്കാൻ പുസ്‌തകങ്ങൾ വീടുകളിലെത്തിക്കണം. വായനാക്കുറിപ്പുകൾ അവതരിപ്പിക്കാനും പുസ്‌തക ചർച്ചകൾ നടത്താനും ഡിജിറ്റൽ പ്ലാറ്റ്‌ ഫോമുകൾ ഉപയോഗപ്പെടുത്തണം. സർഗശേഷി പ്രകടിപ്പിക്കുന്നതിന്‌ അവസരമൊരുക്കണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top