കൊച്ചി
സർക്കാർ നൽകിയ പിന്തുണയുടെ കരുത്തിൽ 36 നഴ്‌സുമാർകൂടി ബൽജിയത്തിലേക്ക് പറന്നു. ഒഡെപക് നേതൃത്വത്തിൽ നടപ്പാക്കിയ ‘അറോറ’പദ്ധതിവഴിയാണ് വിദേശജോലിയെന്ന നഴ്‌സുമാരുടെ സ്വപ്‌നം യാഥാർഥ്യമായത്.
അടുത്ത ബാച്ച് പരിശീലനം മാർച്ചിൽ ആരംഭിക്കുമെന്ന് ഒഡെപക് ചെയർമാൻ കെ പി അനിൽകുമാർ യാത്രയയപ്പിനുമുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബൽജിയം ഡിഗ്നിറ്റാസ് കൺസോർഷ്യം, കൊച്ചി ലൂർദ് ഹോസ്‌പിറ്റലുമായി ചേർന്നാണ് അറോറ പദ്ധതി. സൗജന്യ റിക്രൂട്‌മെന്റാണ്. തെരഞ്ഞെടുക്കുന്ന നഴ്‌സുമാർക്ക് ആറു മാസം ഡച്ച് ഭാഷാ പരിശീലനം നൽകും. മാസം 11,000 രൂപവീതം സ്‌റ്റെപ്പൻഡുമുണ്ട്. ആദ്യ ബാച്ചിലെ 22 നഴ്‌സുമാർ കഴിഞ്ഞവർഷം മാർച്ചിൽ ബൽജിയത്തിൽ ജോലിയിൽ പ്രവേശിച്ചു.
ഇതുവരെ പതിനായിരത്തോളം റിക്രൂട്ട്മെന്റ് ഒഡെപക് മുഖേന വിവിധ രാജ്യങ്ങളിലേക്ക് നടന്നിട്ടുണ്ട്. ഡോക്ടർ, നഴ്‌സ്, പാരാമെഡിക്കൽ, എൻജിനിയർ, അധ്യാപനം തുടങ്ങി വിവിധ തൊഴിൽമേഖലകളിലായി ഗൾഫ്, മാലദ്വീപ്, യുകെ, അയർലൻഡ് എന്നിവിടങ്ങളിൽ ഉൾപ്പെടെയാണ് നിയമനം ലഭിച്ചത്. ഒഡെപക് എംഡി കെ എ അനൂപ്, ലൂർദ് ഹോസ്‌പിറ്റൽ ഡയറക്ടർ ഫാ. ഷൈജു അഗസ്‌റ്റിൻ തോപ്പിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..