18 June Friday

രാജഗോപാലിനെതിരെ സംഘിപ്പട ; ഫേസ്‌ബുക്കിലും നവമാധ്യമങ്ങളിലും ഭീഷണി

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021


കോഴിക്കോട്‌  
ഒ രാജഗോപാലിനെ ബിജെപിയിൽനിന്ന്‌ പുറത്താക്കി സംഘപരിവാരത്തെ നാണക്കേടിൽനിന്ന്‌ രക്ഷിക്കണമെന്ന്‌ സൈബർപ്പട. രാജഗോപാൽ എൽഡിഎഫ്‌ വിജയദിനം ആഘോഷിച്ചെന്ന്‌ ആരോപിച്ചാണ്‌ സംഘി സൈബർഭടന്മാരുടെ ആക്രമണം. രാജഗോപാലിന്റെ  ഫേസ്‌ബുക്കിലും നവമാധ്യമങ്ങളിലുമെല്ലാം അധിക്ഷേപവും ഭീഷണിയുമുണ്ട്‌. എൽഡിഎഫ്‌ വിജയദിനമാഘോഷിച്ച വെള്ളിയാഴ്‌ച രാജഗോപാൽ മൺചെരാത്‌ തെളിച്ച ചിത്രം ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ചിരുന്നു.

‘സേവ്‌ ബംഗാൾ, ബംഗാൾ വയലൻസ്‌’ എന്ന ഹാഷ്‌ടാഗോടെയായിരുന്നു ചിത്രം. എന്നാൽ ഹാഷ്‌ടാഗ്‌ ശ്രദ്ധിക്കാത്ത ആർഎസ്‌എസ്‌–-ബിജെപി പ്രവർത്തകരിലൊരുവിഭാഗം പ്രകോപന പരാമർശങ്ങളുമായി ചാടിവീണു. സിപിഐ എമ്മിൽ ചേർന്നോ, എകെജി സെന്ററിലേക്ക്‌ വിട്ടോ എന്നൊക്കെയുള്ള പ്രതികരണങ്ങൾക്കൊപ്പമാണ്‌ ഭീഷണി.

‘‘താങ്കൾ ഇപ്പോഴും ബിജെപിക്കാരനാണോ. തൊണ്ണൂറുകഴിഞ്ഞ ഒരാൾക്ക് ഇത്രയും കുശുമ്പും അസൂയയും കാണുന്നത് ആദ്യമായിട്ടാണ്,  ഇയാൾ സംഘത്തിന് അപമാനം, നേതൃത്വം ഇടപെട്ട് പുറത്താക്കാനുള്ള നടപടികൾ സ്വീകരിക്കണം’’ എന്നിങ്ങനെയെല്ലാം കമന്റുണ്ട്‌. ബിജെപി വിളക്ക്‌ കത്തിച്ചുള്ള  പ്രതിഷേധത്തിന്‌ ആഹ്വാനം ചെയ്‌തിട്ടില്ലെന്നും രാജഗോപാൽ എൽഡിഎഫിനായി ദീപം തെളിച്ചതാണെന്നും  കുറ്റപ്പെടുത്തലുമുണ്ട്‌.

നേമത്ത്‌ കുമ്മനം രാജശേഖരൻ തോറ്റതോടെയാണ്‌ ഒരുവിഭാഗം ആർഎസ്‌എസ്‌–-ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും രാജഗോപാൽ കണ്ണിലെ കരടായത്‌.

തെരഞ്ഞെടുപ്പ്‌  ഫലംവന്ന ദിവസം നന്ദി പറഞ്ഞുള്ള ഫേസ്‌ബുക്ക്‌ കുറിപ്പിനെ ട്രോളിയും സംഘികൾ രംഗത്തെത്തിയിരുന്നു. മുതിർന്ന നേതാവിനെ തുടർച്ചയായി അപമാനിക്കുന്നത്‌ സംസ്ഥാന നേതൃത്വത്തിന്റെ ആശീർവാദത്തോടെയാണെന്നാണ്‌ ബിജെപിയിലെ ഒരുവിഭാഗം സൂചിപ്പിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top