07 June Sunday
രോഗിയെ ശുശ്രൂഷിക്കുന്നതിനിടെ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലുള്ള നേഴ്‌സിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽനിന്ന്‌

നിന്നെ മലർത്തിയടിച്ച് ഞാനും മുറി വിടും

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

വിളിക്കാതെ വന്ന ഈ കൂട്ടുകാരൻ എന്റെ കൂടെക്കൂടി എന്ന് ഉറപ്പുവരുത്തിയിട്ട് മാർച്ച് 27ന്‌ നാലു ദിവസം. പുതിയ കൂട്ടുകാരനെ എന്റെകൂടെ കണ്ടാൽ എല്ലാവരും പേടിച്ചുമാറും എന്ന ധാരണ തിരുത്തി, എന്റെ ചങ്ക് ഫ്രണ്ട്‌സും പിന്നെ ഈ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരും. അവരുടെ പ്രാർഥനയും കരുതലും എപ്പോഴും കൂടെത്തന്നെയുണ്ട്. കാര്യം എന്റെ പുതിയ കൂട്ടുകാരൻ കുറച്ചൊന്നുമല്ല എന്നെ മാനസികമായി തളർത്താൻ ശ്രമിക്കുന്നത്.

എങ്കിലും എന്റെ സഹപ്രവർത്തകർ, സീനിയർ സ്റ്റാഫ് അംഗങ്ങൾ, ഡോക്ടർമാർ, നേഴ്സിങ് ഹെഡ്സ്, സൂപ്രണ്ട് തൊട്ട് നമ്മുടെ ഗവൺമെന്റിന്റെയും അകമഴിഞ്ഞ കരുതൽ, ഈ മുറിയിൽ നിന്നോട് ഒറ്റയ്ക്ക് ‘ഫൈറ്റ്' ചെയ്യാനുള്ള കരുത്ത് എനിക്കുതരുന്നുണ്ട്.  ഈ റൂമിൽ കയറിയപ്പോൾ അയ്യപ്പനോ കോശിയോ ആരെങ്കിലും ഒരാളേ പുറത്തിറങ്ങുകയുള്ളു എന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ, പാവം കൂട്ടുകാരന് തെറ്റി. വെല്ലുവിളിയുമായി വന്ന സ്ഥലം മാറിപ്പോയി. ഇത് ആരോഗ്യസുരക്ഷയ്ക്ക് പേരുകേട്ട കേരളമാണ്. എണ്ണം വച്ചോ കലണ്ടറിൽ ഒരു വാരം കഴിയുംമുമ്പ്‌ നിന്നെ മലർത്തിയടിച്ച് ഞാനും മുറി വിടും. നിനക്കറിയില്ല കേരളത്തിലെ ആളുകളെയും ആരോഗ്യപ്രവർത്തകരെയും. അവർ നിന്നെ ഉറക്കും, നല്ല ആരാരീരോ പാടി ഉറക്കും. സ്വയം സന്നദ്ധമായാണ് കോവിഡ് വാർഡിലെ ഡ്യൂട്ടി ഏറ്റെടുത്തത്.

മുന്നിൽ എത്തിയത് നിർമല മനസ്സുള്ള കുട്ടികളെപ്പോലുള്ള മുതിർന്ന ദമ്പതികൾ. 90 വയസ്സുള്ള അച്ഛനും 88 വയസ്സുള്ള അമ്മയും. രോഗം എന്താണെന്നുപോലും അറിയാത്ത ഇവർ വീട്ടിൽ പോകണമെന്ന് വാശി പിടിച്ചു. ദിവസങ്ങൾകൊണ്ട് കോവിഡ് രോഗത്തെപ്പറ്റിയും അതിന്റെ ഗൗരവവും ബോധ്യപ്പെടുത്തി. അവശത കൂടിയതോടെ ഇരുവരുടെയും എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കേണ്ടി വന്നു. പ്രായമായ അമ്മയ്ക്ക് ചെവിക്ക് കേൾവിക്കുറവ് ഉണ്ടായിരുന്നു. അതിനാൽ അടുത്തുനിന്ന് സംസാരിക്കേണ്ടി വന്നു. ശരീരം മുഴുവൻ മൂടുന്ന അതീവ സുരക്ഷയുള്ള പെഴ്സണൽ പ്രൊട്ടക്‌ഷൻ എക്യുപ്മെന്റ് ഉൾപ്പെടെ എല്ലാ സുരക്ഷാ മാർഗങ്ങളും സ്വീകരിച്ചിരുന്നു. എന്നിട്ടും രോഗം ബാധിച്ചു.  ഡ്യൂട്ടി കഴിഞ്ഞ് മുറിയിൽ എത്തിയപ്പോൾ ചെറിയ പനിയും തൊണ്ട വേദനയും.

ഉടൻ ആശുപത്രി വാർഡിൽ തിരികെ എത്തി. പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഒട്ടും പേടിക്കാതെ കോവിഡ് വാർഡിലേക്കു കയറി. ആദ്യം പനിയും തൊണ്ടവേദനയുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം മാറി. കോവിഡ് വാർഡിലെ മുറിക്കുള്ളിൽ ആശുപത്രി അധികൃതർ എത്തിച്ചുനൽകിയ പുസ്തകങ്ങൾ വായിച്ച് സമയം കളയുന്നു. ബന്ധുക്കളും സഹപ്രവർത്തകരും ഫോണിൽ വിളിച്ച് വിശേഷങ്ങൾ പങ്കുവയ്ക്കുന്നുമുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top