21 July Sunday

പ്രവാസിയുടെ ആത്മഹത്യ: അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം കൂടുതല്‍ നടപടി; നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

തിരുവനന്തപുരം> കണ്ണൂരിലെ ആന്തൂരില്‍ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. നഗരസഭാ സെക്രട്ടറിയടക്കം നാല് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതായി തദ്ദേശഭരണവകുപ്പ് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. നഗരസഭ സെക്രട്ടറി കെ. എം ഗിരീഷ്, അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ കെ. കലേഷ്, ഓവര്‍സിയര്‍മാരായ ടി.എ അഗസ്റ്റിന്‍, ബി. സുധീര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

പ്രശ്‌നവുമായി ബന്ധപ്പെട്ട് ചീഫ് ടൗണ്‍ പ്ലാനര്‍ വിജിലന്‍സിന്റെ നേതൃത്വത്തിലും നഗരകാര്യ ഉത്തരമേഖല ജോയിന്റ് ഡയറക്ടറുടേയും നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെ, സ്ഥലവും രേഖകളും പരിശശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഒക്കുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ അനാവശ്യ കാലതാമസം വരുത്തിയിട്ടണ്ടോ എന്ന കാര്യം പരിശോധിക്കും. പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ചില ഒറ്റപ്പെട്ട സംഭവങ്ങങ്ങള്‍ ഇത്തരത്തില്‍ സംസ്ഥാനത്ത് ഉണ്ടാകുന്നുണ്ട്.

സംരംഭം തുടങ്ങുന്നവര്‍ക്ക് സൗകര്യം കൊടുക്കുക എന്നതാണ് സര്‍ക്കാര്‍ നയം.തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ഇത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്ന്‌ മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അനാവശ്യകാലതാമസം വന്നിട്ടുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തി.

അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം ആവശ്യാനുരണം കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top