01 February Wednesday
13,000 അപേക്ഷകർ; 
റിക്രൂട്ട്‌മെന്റ്‌ 25 വരെ

നോർക്ക യുകെ കരിയര്‍ ഫെയര്‍ 
റിക്രൂട്ട്മെന്റ് ഫെസ്റ്റ്‌ തുടങ്ങി

സ്വന്തം ലേഖകൻUpdated: Monday Nov 21, 2022


കൊച്ചി
മുഖ്യമന്ത്രി പിണറായി വിജയന്റെ ലണ്ടൻ സന്ദർശനത്തിനിടെ ബ്രിട്ടനിലേക്കുള്ള തൊഴിൽ കുടിയേറ്റം സുഗമമാക്കാൻ ഒപ്പിട്ട ധാരണപത്രപ്രകാരമുള്ള നോർക്ക–-യുകെ കരിയർ ഫെയർ റിക്രൂട്ട്മെന്റ് ഫെസ്റ്റിന്  തുടക്കം. താജ് ഗേറ്റ് വേ ഹോട്ടലിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ  ഫെയർ ഉദ്ഘാടനം ചെയ്‌തു.

റിക്രൂട്ട്‌മെന്റ് ഫെയർ തൊഴിൽ കുടിയേറ്റത്തിന്റെ പുതിയ ചവിട്ടുപടിയാണെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു. ആരോഗ്യം, ഹോസ്‌പിറ്റാലിറ്റി മേഖലകളിൽ മൂവായിരത്തോളം തൊഴിലവസരങ്ങൾ ഇത്‌ ഉറപ്പുവരുത്തും. ആദ്യഘട്ടത്തിൽ ആയിരംപേരെ ഉൾപ്പെടുത്താനാകും. യുകെയുമായി ഇന്ത്യയിൽനിന്നുള്ള ആദ്യകരാർ എന്നനിലയിൽ ഇതിന്‌ വലിയ പ്രാധാന്യമുണ്ടെന്നും കൂടുതൽ മേഖലകളിലേക്ക് കരാർ വ്യാപിപ്പിക്കുമെന്നും ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.

കേരളവുമായി കരാറുണ്ടാക്കാനായത്‌ വലിയ അംഗീകാരമാണെന്ന് നാവിഗോ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് മൈക്ക് റീവ് പറഞ്ഞു. അറിവും തൊഴിൽനൈപുണ്യവും പരസ്പരം പങ്കിടാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. റിക്രൂട്ട്മെന്റ് നടപടികൾ അദ്ദേഹം വിശദീകരിച്ചു.
നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത് കോളശേരി, ഹമ്പർ ആൻഡ്‌ നോർത്ത് യോക്ക്ഷെയർ ഹെൽത്ത് ആൻഡ്‌ കെയർ പാർട്ണർഷിപ്പിന്റെ വർക് ഫോഴ്സ് ലീഡ് കാത്തി മാർഷൽ തുടങ്ങിയവർ പങ്കെടുത്തു.

ആരോഗ്യം, സോഷ്യൽ വർക് എന്നീ മേഖലകളിലെ ഉദ്യോഗാർഥികൾക്കായാണ് റിക്രൂട്ട്‌മെന്റ് ഫെയർ. ഡോക്ടർമാർ, സ്‌പെഷ്യാലിറ്റി നഴ്‌സുമാർ, സീനിയർ കെയറർ, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ എന്നിങ്ങനെ 13 മേഖലകളിൽനിന്നുള്ളവർക്കാണ് റിക്രൂട്ട്മെന്റ് ലഭിക്കുക. ബ്രിട്ടനിൽനിന്നുള്ള ഇന്റർവ്യൂ പാനലിസ്റ്റുകളുടെയും നാഷണൽ ഹെൽത്ത് സർവീസ് നിരീക്ഷകരുടെയും മേൽനോട്ടത്തിലാണ് റിക്രൂട്ട്‌മെന്റ്.

13,000 അപേക്ഷകർ; 
റിക്രൂട്ട്‌മെന്റ്‌ 25 വരെ
ബ്രിട്ടനിലേക്കുള്ള തൊഴിൽ കുടിയേറ്റത്തിന്‌ നോർക്ക റൂട്ട്‌സിൽ ലഭിച്ചത്‌ 13,000 അപേക്ഷകൾ.  യോഗ്യതകളുടെയും മികവിന്റെയും അടിസ്ഥാനത്തിൽ ഓരോ മേഖലയിലെയും ഉദ്യോഗാർഥികൾക്കായി 21 മുതൽ 25 വരെ അഭിമുഖവും റിക്രൂട്ട്‌മെന്റും നടക്കും. ഭാഷാപരിചയം, വിദ്യാഭ്യാസയോഗ്യത, മികവ്‌, തൊഴിൽപരിചയം എന്നിവയുടെ അടിസ്ഥാനത്തിലാണ് അഭിമുഖം. 21ന്‌ സൈക്യാട്രിസ്റ്റ് ഡോക്ടർമാർ, ജനറൽ നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ്, റേഡിയോഗ്രാഫർ എന്നിവർക്കായിരുന്നു അഭിമുഖം. 22ന്‌ വിവിധ സ്പെഷ്യാലിറ്റി നഴ്സുമാർ, സീനിയർ കെയറർ, 23ന്‌ ഡയറ്റീഷ്യൻ, സ്പീച്ച് തെറാപ്പിസ്റ്റ്, മെന്റൽ ഹെൽത്ത് നഴ്സ്, സോഷ്യൽ വർക്കർ, സീനിയർ കെയറർ, 24ന്‌  ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, നഴ്സുമാർ, 25ന്‌ നഴ്‌സ്‌, ഫാർമസിസ്റ്റ്, സീനിയർ കെയറർ എന്നിവരുടെ റിക്രൂട്ട്മെന്റ് നടക്കും.

ബ്രിട്ടനിൽനിന്നുള്ള ഇന്റർവ്യൂ പാനലിസ്റ്റുകളുടെയും നാഷണൽ ഹെൽത്ത് സർവീസ് നിരീക്ഷകരുടെയും മേൽനോട്ടത്തിലാണ് റിക്രൂട്ട്‌മെന്റ്. നോർക്ക റൂട്ട്സ്‌ പ്രതിനിധികളും പങ്കെടുക്കും. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് സുരക്ഷിതവും നിയമവിധേയവുമായി യുകെയിലേക്ക്‌ തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്ന ധാരണപത്രം കഴിഞ്ഞമാസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലണ്ടനിൽ ഒപ്പിട്ടത്. നോർക്ക റൂട്ട്സ്‌, യുകെയിലെ ഹമ്പർ ആൻഡ് നോർത്ത് യോർക്ക് ഷെയർ ഹെൽത്ത് ആൻഡ്‌ കെയർ പാർട്‌ണർഷിപ്, നോർത്ത് ഈസ്റ്റ് ലിങ്കൻഷെയറിലെ നാവിഗോ എന്നിവയുമായാണ് ധാരണപത്രം ഒപ്പിട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top