24 January Thursday

മോഡി സർക്കാരിനെതിരെ അവിശ്വാസപ്രമേയം ലോകസഭയിൽ ; ശിവസേന വിട്ടുനിൽക്കും, ബിജെഡി ഇറങ്ങിപോയി

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018

ന്യൂഡൽഹി> മോഡി സർക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം ലോകസഭ ഇന്ന്‌ ചർച്ചചെയ്യും.രാവിലെ 11ഓടെ  സഭ സമ്മേളിച്ചു. പെരുകുന്ന കർഷകആത്മഹത്യ, ബാങ്കിങ് മേഖലയിലെ തകർച്ച, സ്ത്രീകൾക്കും ദളിതർക്കും നേരെയുള്ള ആക്രമണങ്ങൾ, ആന്ധ്രപ്രദേശിന‌് പ്രത്യേക സംസ്ഥാനപദവി നിഷേധിച്ച വിഷയം എന്നിവ ഉന്നയിച്ച് വിവിധ പ്രതിപക്ഷകക്ഷികൾ നൽകിയ നോട്ടീസുകളുടെ അടിസ്ഥാനത്തിലാണ് അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കുന്നത്.അതേസമയം എൻഡിഎയുടെ ഘടകകക്ഷിയായ ശിവസേന വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിൽക്കും. സഭ സമ്മേളിച്ചയുടനെ ബിജെഡി അംഗങ്ങൾ ഇറങ്ങിപോയി. അവിശ്വാസപ്രമേയത്തിൻമേൽ വൈകിട്ട്‌ ആറിന്‌ വോട്ടെടുപ്പ്‌ നടക്കും.

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ സഭയിൽ തുറന്നുകാട്ടുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും ലോക്‌സഭാ  ഉപനേതാവുമായ മുഹമ്മദ് സലിം പറഞ്ഞു.ജനകീയവിഷയങ്ങൾ ചർച്ചചെയ്യാൻ സർക്കാർ സഭയിൽ അവസരമൊരുക്കുന്നില്ല. സഭയുടെ സുഗമമായ നടത്തിപ്പിന‌് സർക്കാർതന്നെ തടസ്സം നിൽക്കുന്നതാണ് കുറെക്കാലമായുള്ള അനുഭവം.ഈ സാഹചര്യത്തിൽ നിലവിലുള്ള സഭയിലെ അംഗബലം മാറ്റുരയ്ക്കുന്നതിനേക്കാൾ ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് അവിശ്വാസപ്രമേയംവഴി ഉദ്ദേശിക്കുന്നതെന്നും മുഹമ്മദ് സലിം പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍  535 അംഗങ്ങളുള്ള ലോക്‌സഭയില്‍ 268 വോട്ടുകള്‍ അവിശ്വാസ പ്രമേയം പാസാക്കാന്‍ പ്രതിപക്ഷത്തിന് ആവശ്യമാണ്.എന്നാല്‍ 129 അംഗങ്ങളാണ് ആകെ പ്രതിപക്ഷത്തുള്ളത്. ഇതുവരെ തീരുമാനമെടുക്കാത്ത ബിജെഡി,  ടിആര്‍എസ്, സമാജ്‌വാദി പാർടി  എന്നിവര്‍ പിന്തുണച്ചാലും ഈ സംഖ്യ 166 ആയെ ഉയരൂ.

സഭയില്‍ എന്‍ഡിഎയ്ക്ക് 314 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്.ബിജെപി നേതൃത്വത്തെയും കേന്ദ്രസര്‍ക്കാരിനെയും നിരന്തരം വിമര്‍ശിക്കുന്ന എന്‍ഡിഎ ഘടകകക്ഷിയായ ശിവസേന ഇന്ന്‌ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിലക്കും.  ശിവസേനയ്ക്ക് പുറമെ എന്‍ഡിഎ ഘടകകക്ഷികളായ ശിരോമണി അകാലിദള്‍, ലോക്ജനശക്തി പാര്‍ട്ടി, നിതീഷ് കുമാറിന്റെ ജെഡിയു എന്നീ പാര്‍ട്ടികളും സര്‍ക്കാരിനെ പിന്തുണയ്ക്കും.

സഭയിലെ അംഗ ബലമനുസരിച്ച് ചര്‍ച്ചയില്‍ 3 മണിക്കൂര്‍ 38 മിനുട്ട് സംസാരിക്കാന്‍ ബിജെപിക്ക് സമയം അനുവദിച്ചിട്ടുണ്ട്.എന്നാല്‍ കോണ്‍ഗ്രസിനാകട്ടെ 38 മിനുട്ട് മാത്രമാണ് സമയമുള്ളത്. ചര്‍ച്ചക്കുള്ള മറുപടിയും പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കും പ്രധാന മന്ത്രി വൈകുന്നേരം എഴുമണിയോടെ മറുപടി പറയും.

തെലുങ്ക് ദേശം പാര്‍ട്ടിയുടെ എംപി കെസിനേനി ശ്രീനിവാസയാണ് അവിശ്വാസ പ്രമേയത്തിന് അനുമതി തേടിയത്. അവിശ്വാസത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നു പറഞ്ഞ ടിഡിപി എംപി ദിവാകര്‍ റെഡ്ഢി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദേശ പ്രകാരം ചര്‍ച്ചയില്‍ പങ്കെടുക്കും.

2003ല്‍ അന്നത്തെ വാജ്പേയ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിനു ശേഷം കേന്ദ്രസര്‍ക്കാര്‍ നേരിടുന്ന ആദ്യ അവിശ്വാസ പ്രമേയമാണിത്.ഫലത്തില്‍ ബിജെപിക്കെതിരേയുള്ള അവിശ്വാസ പ്രമേയം വിജയിക്കണമെങ്കില്‍ പാര്‍ലമെന്റിലെ ബിജെപി ഇതര പാര്‍ട്ടികളെല്ലാം അവിശ്വാസത്തെ പിന്തുണക്കേണ്ടിവരും.

 

പ്രധാന വാർത്തകൾ
 Top