07 July Tuesday

മതമില്ലാത്തതിനാല്‍ മകന് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചുവെന്ന് പരാതി; വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

വഞ്ചിയൂര്‍ > മകന്റെ മതം രേഖപ്പെടുത്താതിന്റെ പേരില്‍ സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതായി രക്ഷിതാക്കളുടെ പരാതി. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എല്‍ പി സ്‌കൂളിനെതിരെയാണ് രക്ഷിതാക്കളുടെ ആരോപണം.

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷയിലാണ് മതം രേഖപ്പെടുത്താതെ കോളം ഒഴിച്ചിട്ടത്. പാപ്പനംകൊട് സ്വദേശി നസീമും ഭാര്യ ധന്യയും മകനെ ഒന്നാം ക്ലാസില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞ ബുധനാഴ്ച ഫെബ്രുവരി 19 ന് സ്‌കൂളില്‍ എത്തിയപ്പോഴായിരുന്നു ഈ ദുരനുഭവം ഉണ്ടായത്. പ്രവേശന ഫാറം പൂരിപ്പിച്ച് നല്‍കിയപ്പോഴാണ് എല്‍പി വിഭാഗം മേധാവിയായ സിസ്റ്റര്‍ ടെസ്സി തടസം അറിയിച്ചത്. അഡ്മിഷന്‍ വേണമെങ്കില്‍ മതം രേഖപെടുത്തണം എന്ന് നസീമിനോട് സിസ്റ്റര്‍ ആവശ്യപ്പെട്ടു. മതം രേഖപ്പെടുത്താതെയും പ്രവേശനം നേടാമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനിലക്കെയാണ് ഈ ദമ്പതികള്‍ക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്.

പ്രവേശനം നിഷേധിച്ചത് രക്ഷിതാക്കള്‍ ചോദ്യം ചെയ്തതോടെ മാനേജ്മെന്റുമായി ആലോചിച്ച ശേഷം സിസ്റ്റര്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ടതായി ദമ്പതികള്‍ ആരോപിച്ചു. രണ്ട് ദിവസം മുന്‍പ് ഡി ജിയുടെ ഓഫീസിലേയ്ക്ക് ഈ വിവരങ്ങള്‍ പറഞ്ഞ് ഫോണ്‍കോള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍, ഡി ജി യുടെ ഓഫീസ് ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാന്‍ തയ്യാറാണെന്ന് പിന്നീട് സ്‌കൂള്‍ മാനേജ്മെന്റ് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ മകന് ഇനി ഈ സ്‌കൂളില്‍ പ്രവേശനം വേണ്ടെന്നാണ് രക്ഷിതാക്കളുടെ നിലപാട്.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് വിദ്യാഭ്യാസ ഡെപ്യ്ൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top