29 February Saturday

സെൻസസ് കണക്കെടുപ്പിൽ പൊതുമേഖലാ ബാങ്ക്‌ ജീവനക്കാരെ നിയമിക്കരുത്: ബിഇഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 28, 2020

കൊച്ചി >  സെൻസസ് 2021 കണക്കെടുപ്പിൽ പൊതുമേഖലാ ബാങ്കു ജീവനക്കാരെ നിയമിക്കരുതെന്ന്‌ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ബെഫി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 2021 സെൻസസ് (കനേഷുമാരി) കണക്കെടുപ്പ് 2020 ഏപ്രിൽ 14 മുതൽ മെയ് 19 വരെ നടക്കുകയാണ്. അതിന് വേണ്ടിയുള്ള എന്യൂമറേറ്റർമാരായും സൂപ്പർവൈസർമാരായും ബാങ്ക് ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതിനു വേണ്ടി ബാങ്ക് ശാഖകളിലെ ജീവനക്കാരുടെയും ഓഫീസർമാരുടെയും വിവരങ്ങൾ ബന്ധപ്പെട്ട താലുക്ക് ഓഫീസുകൾ സ്വീകരിച്ചു വരികയാണ്. കനേഷുമാരി കണക്കെടുപ്പിന് നാളിതുവരെ പൊതുമേഖലാ ബാങ്ക് ജീവനക്കാരെ നിയമിച്ചിട്ടില്ലെന്ന്‌ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി പ്രസ്‌താവിച്ചു.

പൊതുമേഖലാ ബാങ്കുകളിൽ നാമമാത്രമായ ജീവനക്കാരാണ് നിലവിലുള്ളത്. പല ശാഖകളും രണ്ടും മൂന്നും ജീവനക്കാരെ വച്ചാണ് പ്രവർത്തനം നടത്തുന്നത്.ബാങ്കു ജീവനക്കാരെ ഇത്തരം പണികളിൽ നിയമിച്ചാൽ അത് ഇടപാടുകാർക്ക് ലഭിക്കുന്ന നാമമാത്രമായ സേവനങ്ങളെപ്പോലും വളരെ പ്രതികൂലമായി ബാധിക്കുമെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി പ്രസ്‌താവിച്ചു.

രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ സാമ്പത്തിക നയങ്ങളുടെ പശ്ചാത്തലത്തിൽ നവസ്വകാര്യ മേഖലാ ബാങ്കുകളും ചെറുകിട ബാങ്കുകളും അനവധി ശാഖകൾ രാജ്യത്തെമ്പാടും തുറന്നു കഴിഞ്ഞു. ഇവിടത്തെ ജീവനക്കാരെ ഇത്തരം കാര്യങ്ങൾക്ക് നിയമിക്കുകയും ചെയ്യാറില്ല. പൊതുവേ വലിയ തിരക്കുള്ള ഏപ്രിൽ/ മെയ് മാസങ്ങളിൽ പൊതുമേഖലാ ബാങ്ക് ജീവനക്കാരെ മറ്റ് പണികൾക്കൾക്കായി നിയോഗിക്കുന്നതോടെ സാധാരണക്കാരായ ഇടപാടുകാരും ബാങ്കുകളിൽ നിന്നും അകലും.

 വൻകിടക്കാരുടെ കിട്ടാക്കടങ്ങൾ കൊണ്ട് പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടാനേ ഇത് ഉപകരിക്കുകയുള്ളൂ. ഇപ്പോൾ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണ ചർച്ചകളിൽ ജീവനക്കാരുടെ പ്രവർത്തനത്തിനനുസരിച്ച് വേതനം (Performance Linked Incentive) എന്ന ഒരു നിർദ്ദേശം സംഘടനകൾക്കു മുൻപിൽ സമർപ്പിച്ചിരിക്കുന്ന വേളയിലാണ് ജീവനക്കാരെ കനേഷുമാരി കണക്കെടുപ്പിലുൾപ്പടെ നിയമിക്കുന്നത് എന്നതും പരിശോധിക്കപ്പെടേണ്ടതാണെന്നും ബിഇഎഫ്ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സെൻസ് 2021 (കനേഷുമാരി) കണക്കെടുപ്പിൽ പൊതുമേഖലാ ബാങ്കു ജീവനക്കാരെ നിയമിക്കരുതെന്നും കേന്ദ്ര/ സംസ്ഥാന സർക്കാരുകൾക്ക് മുൻപിൽ വസ്തുതകൾ അവതരിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ പൊതുമേഖലാ ബാങ്കധികാരികൾ തയ്യാറാകണമെന്നും ബിഇഎഫ്ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top