കോഴിക്കോട് > കോഴിക്കോട് എൻഐടിയിൽ എബിവിപിയുടെ ‘സ്റ്റുഡന്റ്സ് എക്‌സ്‌പീരിയൻസ് ഇൻ ഇന്റർസ്റ്റേറ്റ് ലിവിങ്’ പരിപാടി "ഔദ്യേഗിക' പരിപാടിയായി അവതരിപ്പിച്ച് അധികൃതർ. എബിവിപി പരിപാടിയിൽ അതിഥികളായി ഡയറക്‌ടറും വിദ്യാർഥി ക്ഷേമവിഭാഗം ഡീനും പങ്കെടുത്തു. എബിവിപി സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ സംസാരിച്ച ചടങ്ങിനെതിരെ വിദ്യാർഥികളിൽ പ്രതിഷേധം ശക്തമാണ്.
ബുധൻ പകൽ 11.30ന് എൻഐടിയിലെ ആര്യഭട്ട ഹാളിലായിരുന്നു പരിപാടി. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ക്ലബ്ബിന്റെ ബാനറിലാണ് എബിവിപിയുടെ ‘സ്റ്റുഡന്റ്സ് എക്‌സ്‌പീരിയൻസ് ഇൻ ഇന്റർസ്റ്റേറ്റ് ലിവിങ്’ പരിപാടി സംഘടിപ്പിച്ചത്. ബ്രോഷറിലെ എബിവിപിയുടെ പേരുള്ള ഭാഗം നീക്കം ചെയ്‌താണ് ക്ലബ്ബ് നോഡൽ ഓഫീസർ വിദ്യാർഥികൾക്കും ഗവേഷകർക്കും ജീവനക്കാർക്കും മെയിൽ അയച്ചത്.
ഡയറക്‌ടർ ഡോ. പ്രസാദ് കൃഷ്‌ണ, ഡീൻ ഡോ. ജി കെ രജനികാന്ത്, എബിവിപി സംസ്ഥാന സെക്രട്ടറി എൻ സി ടി ശ്രീഹരി എന്നിവർ പരിപാടിയിൽ സംസാരിച്ചു. ഡയറക്‌ടർ പ്രസംഗത്തിൽ എബിവിപിയെ പുകഴ്‌ത്തുകയും ചെയ്‌തു.
ക്യാമ്പസിൽ സംഘടനകളെയോ വിദ്യാർഥി രാഷ്‌ട്രീയമോ അനുവദിക്കില്ലെന്ന് ശഠിക്കുന്ന അധികൃതരാണ് എബിവിപി പരിപാടി ഏറ്റെടുത്തത്. ഒരു രാഷ്‌ട്രീയ സംഘടനയുടെ നേതൃത്വത്തിലുള്ള പരിപാടിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ അനുമതി നൽകിയതിലും പങ്കെടുത്തതിലും കടുത്ത പ്രതിഷേധമാണ് വിദ്യാർഥികൾക്കുള്ളത്.
ക്യാമ്പസിൽ വർഗീയ ശക്തികളെ അവതരിപ്പിക്കാനുള്ള ശ്രമം ശക്തമാണ്. ലൈബ്രറിയിലേക്ക് വാങ്ങുന്ന പുസ്‌തകങ്ങളിലും പുതിയ കോഴ്‌സുകളിലും ഇവന്റുകളിലുമെല്ലാം ഇത് പ്രതിഫലിക്കാറുണ്ട്. ഇതിനൊപ്പമാണ് എബിവിപി നേതാക്കളടക്കം പങ്കെടുത്ത പരിപാടിയെ അധികൃതർ ഔദ്യോഗികമെന്ന മട്ടിൽ അവതരിപ്പിച്ചത്. ക്യാമ്പസിന്റെ കാവിവൽക്കരണത്തെ എതിർക്കുന്നവർക്ക് പ്രതികാര നടപടികൾ നേരിടേണ്ടിവരുമെന്ന ഭീഷണിയുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..