26 August Monday

നിപാ: കേന്ദ്ര വിദഗ‌്ധസംഘം തൊടുപുഴയിൽ പരിശോധന നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

നിപ്പാ ബാധ കണ്ടെത്തിയ തുരുത്തിപ്പുറത്ത് ഭോപ്പാലിൽ നിന്നുള്ള സംഘം സന്ദർശിക്കുന്നു

തൊടുപുഴ
നിപാ ബാധയുടെ ഉറവിടം കണ്ടുപിടിക്കാനായി കേന്ദ്രത്തിൽനിന്നുള്ള വിദഗ‌്ധസംഘം തൊടുപുഴയിൽ പരിശോധന നടത്തി. തൊടുപുഴയിൽ വാടകവീട്ടിൽ താമസിച്ച‌് സ്വകാര്യ കോളേജിൽ പഠിച്ചിരുന്ന വിദ്യാർഥിക്ക‌് നിപാ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു പരിശോധന.

വിദ്യാർഥി പഠിച്ചിരുന്ന കോളേജിലും താമസിച്ച വാടകവീട്ടിലുമാണ് എൻസിഡിസി (നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ)യിൽനിന്നുള്ള സംഘം പരിശോധിച്ചത‌്. ഡോ. റിജി ജെയിൻ (തിരുവനന്തപുരം), ഡോ. സതീഷ് നാഗരാജ് (ഡൽഹി), ഡോ. രഘു(കോഴിക്കോട്), ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ എൻ പ്രിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വാടകവീടിന‌് സമീപം വവ്വാലുകളുടെ സാന്നിധ്യമുണ്ടോയെന്ന‌് പരിശോധിച്ച സംഘം പ്രദേശത്ത‌് ഉണ്ടാകുന്ന  പഴങ്ങളെക്കുറിച്ചും സ്ഥലവാസികളോട‌് ചോദിച്ചറിഞ്ഞു.

പ്രദേശത്ത‌് വവ്വാലുകളുടെ സാന്നിധ്യമില്ലെന്നാണ‌് സമീപവാസികൾ അറിയിച്ചത‌്. വിദ്യാർഥികൾ വീട്ടിൽ തന്നെയാണോ ഭക്ഷണം പാകം ചെയ‌്തിരുന്നതെന്നും കുടിവെള്ളം എവിടെനിന്നാണ‌് ശേഖരിച്ചിരുന്നതെന്നും സംഘം അന്വേഷിച്ചു. രോഗം പിടിപെടുന്നതിന‌് എത്രദിവസം മുമ്പുവരെ വിദ്യാർഥി അവിടെ താമസിച്ചിരുന്നുവെന്ന‌് വീട്ടുടമസ്ഥനോടും ആരാഞ്ഞു. താമസിച്ച വീട്ടിലെ കിണറും പരിസരവും സംഘം പരിശോധിച്ചു. പ്രാഥമിക പരിശോധനയിൽ രോഗത്തിന്റെ ഉറവിടം ഇവിടെയാണെന്ന് കണ്ടെത്താനായില്ലെന്ന് ഡിഎംഒ എൻ പ്രിയ പറഞ്ഞു.

അടുത്തതായി വിദ്യാർഥിയുടെ വടക്കൻ പറവൂരിലെ വീടും ഇന്റേൺഷിപ്പിന‌് പോയ തൃശൂരിലെ സ്ഥലവും വിദഗ‌്ധസംഘം പരിശോധനയ‌്ക്ക‌് വിധേയമാക്കും. തുടർന്ന‌് പരിശോധന സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഉന്നതതല യോഗത്തിൽ സമർപ്പിക്കും.


പ്രധാന വാർത്തകൾ
 Top