27 June Thursday

നിപാ; വിദ്യാർഥിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു; മൂന്നു പേരെ പരിശോധനക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

കൊച്ചി > നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. മെഡിക്കല്‍ കോളേജില്‍ ഐസലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന അഞ്ച് രോഗികളില്‍ രണ്ടു പേരെ ഡിസ്ചാര്‍ജ് ചെയ്തു. പുതുതായി മൂന്നു പേരെ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരുടെ സാമ്പിള്‍ പരിശോധന നടന്നുവരികയാണ്. ഇതോടെ ഐസൊലേഷന്‍ വാര്‍ഡിലുള്ളവരുടെ എണ്ണം ആറായി. എറണാകുളം മെഡിക്കല്‍ കോളേജില്‍ ഇന്നലെ പരിശോധിച്ച 10 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്.

നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒരാളെക്കൂടി ഇന്ന് നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി.  ഇതോടെ സമ്പര്‍ക്ക ലിസ്റ്റിലുള്ളവരുടെ എണ്ണം 330 ആയി.  ഇവരിലാര്‍ക്കും തന്നെ രോഗലക്ഷണമില്ല.  എല്ലാവരുടെയും ആരോഗ്യനില സ്‌റ്റേബിളായി തുടരുന്നു.   നിരീക്ഷണ കാലാവധി പൂര്‍ത്തീകരിക്കുന്നതിനാല്‍ ഇവരില്‍ 33 പേരെ ജൂണ്‍ 13ന് വൈകീട്ട് അഞ്ചു മണിയോടെ നിരീക്ഷണപ്പട്ടികയില്‍ നിന്നൊഴിവാക്കും. സമ്പര്‍ക്കമുണ്ടായിരുന്നവരില്‍ രോഗലക്ഷണം പ്രകടമാകാന്‍ വിദൂര സാധ്യതയെങ്കിലും ഉണ്ടായിരുന്ന ഒമ്പതു പേരുടെ പരിശോധന ഫലവും നെഗറ്റീവാണ്.

മെയ് മാസം ജില്ലയില്‍ സംഭവിച്ച 1798 മരണങ്ങളില്‍  1689 എണ്ണത്തിന്റെ രേഖകളുടെ പരിശോധന പൂര്‍ത്തിയായി.  സംശയാസ്പദമായ ഒരു മരണവും കണ്ടെത്തിയില്ല. ജില്ലയിലെ 78 സ്വകാര്യ ആശുപത്രികളില്‍ മെയ് മാസം നടന്ന മരണങ്ങളുടെ പശ്ചാത്തലം പരിശോധിച്ചതിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.  ആരോഗ്യ വിദഗ്ദ്ധര്‍ നാല് മെഡിക്കല്‍ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.


പ്രധാന വാർത്തകൾ
 Top