12 November Tuesday

വിദ്യാർഥിയുടെ നില മെച്ചപ്പെട്ടു; പഴംതീനി വവ്വാലുകളെ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

പറവൂർ ചിറ്റാറ്റുകര പട്ടണം ഭാഗത്ത് വിദഗ്ദ്ധർ വൗവ്വാലിന്റെ അവശിഷ്ടങ്ങൾ ശേഖരിക്കുന്നു


കൊച്ചി/പറവൂർ > നിപാ ബാധിച്ച‌് കൊച്ചിയിലെ സ്വകാര്യ ആശ‌ുപത്രിയിൽ കഴിയുന്ന വിദ്യാർഥിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. ചെറിയ പനിയുണ്ടെങ്കിലും ഭക്ഷണം കഴിക്കുകയും അമ്മയുമായി സംസാരിക്കുകയും ചെയ‌്തതായി ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. മെഡിക്കൽ ബോർഡ‌് യോഗം ചേർന്ന‌് ആരോഗ്യനില വിലയിരുത്തി. നിപാബാധയെന്ന സംശയത്തിൽ അടിമാലി സ്വദേശിയെ വെള്ളിയാഴ‌്ച എറണാകുളം ഗവ. മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 80 വയസ്സുള്ള ഇയാൾ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ‌്ധരും വനം–-വന്യജീവി വകുപ്പ‌് ഉദ്യോഗസ്ഥസംഘവും സംയുക്തമായി നടത്തിയ തെരച്ചിലിൽ നിപാ വൈറസ്- പരത്തുന്ന ഇനത്തിൽപ്പെട്ട പഴംതീനി വവ്വാലുകളെ കണ്ടെത്തി. പറവൂർ വടക്കേക്കര തുരുത്തിപ്പുറത്തിനു സമീപം മടപ്ലാതുരുത്ത് പള്ളിയുടെ കിഴക്കു ഭാഗത്തും വാവക്കാടുമാണ‌് ഇവയെ കൂട്ടത്തോടെ കണ്ടെത്തിയത്. ഇവ രോഗാണു വാഹകരാണോ എന്നറിയാൻ പരിശോധന നടത്തും. രണ്ടിടത്ത‌് വലവിരിച്ച‌് വവ്വാലുകളെ പിടികൂടിയിട്ടുണ്ട‌്. 

പുണെ നാഷണൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് വൈറോളജിയിൽനിന്നുള്ള ഡോ. ഗോഖ‌്റെ, ഡോ. ബാലസുബ്രഹ്മണ്യം, ഡോ. സുദീപ‌് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിപാ ബാധയുടെ ഉറവിടം കണ്ടെത്താനുള്ള തെരച്ചിൽ. മൃഗസംരക്ഷണ വകുപ്പിലെയും വനംവകുപ്പിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിപാ രോഗിയുടെ വീടും പരിസരവും പരിശോധിച്ചു. പ്രദേശത്തെ കന്നുകാലി, പന്നി ഫാമുകളിലും പരിശോധന നടത്തി. ചിറ്റാറ്റുകര പഞ്ചായത്തിന്റെ പട്ടണം പ്രദേശത്ത് ഭോപാൽ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലെ വിദഗ‌്ധർ സന്ദർശനം നടത്തി. വവ്വാലുകളുടെ കാഷ്ഠവും മറ്റ് അവശിഷ്ടങ്ങളും പരിശോധനയ‌്ക്കായി ഇവർ ശേഖരിച്ചു.നിപാ രോഗിയുമായി സമ്പർക്കം പുലർത്തിയ 318 പേരുടെ പട്ടിക തയ്യാറാക്കിയതിൽ 52 പേരെ ഹൈ റിസ‌്ക‌് വിഭാഗത്തിൽ ഉൾപ്പെടുത്തി. ഇവർ രോഗിയുമായി നേരിട്ട‌് സമ്പർക്കം പുലർത്തിയവരോ മണിക്കൂറുകളോളം ഒന്നിച്ചുകഴിഞ്ഞവരോ ആണ‌്.


പ്രധാന വാർത്തകൾ
 Top