21 September Saturday

നിപയെ ചെറുത്തത‌് ഒറ്റക്കെട്ടായ പ്രവർത്തനം: കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019

തിരുവനന്തപുരം> സ്വന്തം മരണം മുന്നിൽ കണ്ടപ്പോഴും ധൈര്യപൂർവം സേവനസന്നദ്ധരായ ആരോഗ്യപ്രവർത്തകർ നിപാ വൈറസ‌് ബാധയെ ചെറുത്തുതോൽപ്പിക്കുന്നതിൽ വലിയ പങ്ക‌ുവഹിച്ചെന്ന‌് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ സംഘടിപ്പിച്ച സിസ‌്റ്റർ ലിനി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. താൽക്കാലിക ജീവനക്കാരുടെ സേവനം ആരോഗ്യമേഖലയ്ക്ക് വിലപ്പെട്ടതാണ‌്. നിപാബാധിതയായി മരിച്ച ലിനി എച്ച‌്ഡിസി വിഭാഗത്തിൽപ്പെട്ട താൽക്കാലിക ജീവനക്കാരിയായിരുന്നു. അവരുടെ അസാമാന്യ ധൈര്യവും ആത്മവിശ്വാസവും ആരോഗ്യപ്രവർത്തകർക്ക് എന്നും കരുത്താണെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എസ്എടി ആശുപത്രിയിലും നേഴ്‌സായി 28 വർഷം താൽക്കാലിക തസ്തികയിൽ സേവനമനുഷ്ഠിച്ച കെ എം അനിതയ്ക്ക് ലിനിയുടെ പേരിലുള്ള പുരസ്കാരം മന്ത്രി സമ്മാനിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ‌് എ പ്രദീപ് കുമാർ എംഎൽഎ അധ്യക്ഷനായി. ബി സത്യൻ എംഎൽഎ, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എ സന്തോഷ് കുമാർ, യൂണിയൻ ജന. സെക്രട്ടറി സുനിൽ കുമാർ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top