19 October Saturday

ഐസൊലേഷന്‍ വാര്‍ഡിലുള്ള ഏഴുപേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീവ്രമായി തുടരും

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

കൊച്ചി> നിപ വൈറസ് ബാധയുണ്ടെന്ന് സംശയിച്ച് കളമശേരി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന ഏഴു പേര്‍ക്കും നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. നിപയില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും ഇന്‍ക്യുബേഷന്‍ പീരിയഡ് കഴിയുന്നതു വരെ നിരീക്ഷണം തുടരും. ആരോഗ്യ വകുപ്പിന്റെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീവ്രമായി തുടരും. എല്ലാവരും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ തുടര്‍ന്നും പാലിക്കണം. നിപ രോഗം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കും കളമശേരി മെഡിക്കല്‍ കോളേജില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 30 രോഗികളെക്കൂടി പ്രവേശിപ്പിക്കാവുന്ന രണ്ടാമത്തെ ഐസലേഷന്‍ വാര്‍ഡും കളമശേരി മെഡിക്കല്‍ കോളെജില്‍ തയ്യാറാക്കിയിട്ടുണ്ട്.

രോഗിയുമായി സമ്പര്‍ക്കത്തിലുള്ളതായി ഇതേവരെ കണ്ടെത്തിയിരിക്കുന്നത് 318 പേരെയാണ്. ഇതില്‍ 315 പേരെ ഇതേവരെ ബന്ധപ്പെട്ട് വിശദാംശങ്ങള്‍ എടുത്തു. 244പേരുടെ വിവരങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്തു. ഇതില്‍ ഹൈറിസ്‌ക് വിഭാഗത്തിലുള്ള 41 പേര്‍ തീവ്രനിരീക്ഷണത്തിലാണ്. 203 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്.

രോഗിയുടെ സ്രവങ്ങളുമായി സാമീപ്യമുണ്ടായിട്ടുള്ളവരോ 12 മണിക്കൂറെങ്കിലും ഒരുമിച്ചുകഴിഞ്ഞിട്ടുള്ളവരോ ആണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നത്. മറ്റുള്ളവരെല്ലാം ലോ റിസ്‌ക് വിഭാഗത്തില്‍ പെടുന്നു. നിപരോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുള്ള കൂടുതല്‍ പേരുണ്ടെങ്കില്‍ കണ്ടെത്താനും ശക്തമായ നിരീക്ഷണം നടത്താനും ആരോഗ്യവകുപ്പിന്റെ കീഴിലുള്ള എല്ലാ വിഭാഗങ്ങളും തീവ്ര പരിശ്രമത്തിലാണ്

എന്‍ഐവി, എന്‍ഐഇ, എഐഎംഎസ്, നിംഹാന്‍സ്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തിയ വിദഗ്ധര്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തി.  എഐഎംഎസ്, നിംഹാന്‍സ് എന്നിവടങ്ങളിലെ വിദഗ്ധര്‍ നിപ രോഗിയുടെ ക്ലിനിക്കല്‍ റിവ്യൂ ആശുപത്രിയില്‍ എത്തി നടത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലെ ലാബ് സന്ദര്‍ശിച്ചു. പിഒസി മെഷീനും ആര്‍ടി പിസിആര്‍ സൗകര്യവും മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചു.  നിപ രോഗബാധയുമായി ബന്ധപ്പെട്ട് വവ്വാലുകളെക്കുറിച്ച് പഠിക്കുന്നതിനായി ഡോ. സുദീപ്, ഡോ. ഗോഖ്‌റേ, ഡോ.ബാലസുബ്രമണ്യം എന്നിവരടങ്ങിയ മൂന്നംഗ വിദഗ്ധ സംഘവും എത്തിയിട്ടുണ്ട്.

വനം വകുപ്പിന്റെ നേതൃത്വത്തില്‍ 40 ട്രൈബല്‍ കോളനിയില്‍ റേഞ്ച് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ബോധവത്കരണ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ട്. നിലവില്‍ സംശയാസ്പദമായ കേസുകളൊന്നും ഈ മേഖലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പറവൂര്‍ താലൂക്കില്‍ ഫീല്‍ഡ് പരിശോധനയും നടത്തുന്നുണ്ട്.

മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ പഞ്ചായത്തിലെ വീടും പരിസരവും പരിശോധിച്ചു. ഇവിടെയുള്ള പന്നി, കന്നുകാലി ഫാമുകളും പരിശോധിച്ചു. പഞ്ചായത്ത് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊടുവള്ളി, ചേന്ദമംഗലം, പുത്തന്‍വേലിക്കര, ഏഴിക്കര, ചിറ്റാറ്റുകര, പറവൂര്‍ നഗസരഭ എന്നിവിടങ്ങളില്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സാമൂഹ്യക്ഷേമ പ്രവര്‍ത്തകര്‍ക്കും ബോധവത്കരണ ക്ലാസ് നടത്തി.

സൈബര്‍ മോണിറ്ററിംഗ്  നിപ്പയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി. സൈബര്‍ സ്‌പേസ് മോണിറ്ററിങ് ടീം വ്യാജ പ്രചരണം നടത്തിയ എട്ട് കേസുകള്‍ പോലീസിനു കൈമാറി. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം  കൗണ്‍സിലിംഗിനു വേണ്ടി പുതിയ ഹെല്‍പ്പ് ലൈന്‍ സേവനം കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തനമാരംഭിച്ചു. 0484 2351185 എന്ന നമ്പറില്‍ വിളിക്കാം. ഇന്ന് 118 കോളുകളാണ് കോള്‍ സെന്ററില്‍ ലഭിച്ചത്. ആകെ ഇതുവരെ പനിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും വിവരങ്ങള്‍ക്കുമായി 490 കോളുകളാണ് ലഭിച്ചത്.

നിപാ പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മേഖലയിലെ 106 ഡോക്ടര്‍മാര്‍ക്കും 279 പാരാമെഡിക്കല്‍ സ്റ്റാഫിനും 185 നോണ്‍ പാരാമെഡിക്കല്‍ സ്റ്റാഫിനും പരിശീലനം നല്‍കി. സ്വകാര്യ മേഖലയില്‍ 47 ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കി. ആശ പ്രവര്‍ത്തകര്‍, അനുബന്ധ വകുപ്പ് ജീവനക്കാര്‍, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ടീച്ചര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കും പരിശീലനവും ബോധവത്കരണവും നല്‍കി. 1907 പേര്‍  പരിശീലന പരിപാടിയില്‍ പങ്കെടുത്തു. 

അടിസ്ഥാന സൗകര്യമൊരുക്കല്‍  കളമശേരി മെഡിക്കല്‍ കോളേജില്‍ 30 ബെഡുകളോടു കൂടിയ പുതിയ ഐസൊലേഷന്‍ വാര്‍ഡ് തയാറാക്കിയിട്ടുണ്ട്. ഐസലേഷന്‍ വാര്‍ഡുകള്‍ക്കായി പ്രത്യേക സംഘങ്ങളെ പരിശീലനം നല്‍കി നിയോഗിച്ചിട്ടുണ്ട്. ഇതില്‍ 70 ഡോക്ടര്‍മാര്‍, 102 പാരാമെഡിക്കല്‍ സ്റ്റാഫ്, 30 അറ്റന്‍ഡേഴസ് എന്നിവര്‍ ഉള്‍പ്പെടുന്നു. കൂടാതെ ഒരു സ്റ്റാന്‍ഡ് ബൈ സംഘത്തെയും നിയോഗിച്ചിട്ടണ്ട്. ബയോമെഡിക്കല്‍ അവശിഷ്ടങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള  സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി.

നിപ രോഗം കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ നടത്തുന്നതിന് പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ അധികൃതരുടെ സഹായത്തോടെ പോയിന്റ് ഓഫ് കെയര്‍ ലാബ് സൗകര്യം മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി ലാബില്‍ ഒരുക്കിയിട്ടുണ്ട്. ആര്‍ ടി പി സി ആര്‍ മെഷീന്‍ ഉപയോഗിച്ചുള്ള ലാബ് വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പ്രവര്‍ത്തന സജ്ജമായി. ആവശ്യമുള്ള മരുന്നുകളും ഉപകരണങ്ങളും പൂനെയില്‍ നിന്നും എത്തിച്ചു.


പ്രധാന വാർത്തകൾ
 Top