26 March Tuesday

തകര്‍ന്ന് അടിഞ്ഞ കാഴ്‌ചകളിലും തോറ്റു പോവാത്ത മനുഷ്യരുടെ നാടിനു ശിഖയേന്തി പിണറായി സര്‍ക്കാര്‍

ജെയ്‌‌‌ക്ക് സി തോമസ്Updated: Tuesday Aug 14, 2018

ഓഖി ചുഴലിക്കാറ്റ്, നിപാ വൈറസ്,ഐക്യ കേരളചരിത്രത്തിലെ മഹാപ്രളയം..!  തകര്‍ന്നു അടിഞ്ഞ കാഴ്ചകളിലും തോറ്റു പോവാത്ത മനുഷ്യരുടെ നാടിനു ശിഖയേന്തുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍..!

'മനുഷ്യന്‍ നിര്‍മ്മിക്കപ്പെട്ടത് പരാജയങ്ങള്‍ക്കായില്ല,തകര്‍ന്നു  തരിപ്പണമാവുമ്പോഴും  മനുഷ്യര്‍ പരാജയപ്പെടാറില്ല.' എന്നു സാന്റിയാഗോയുടെ ജീവിതം പകര്‍ത്തിയെഴുതവേ  ഹേമിങ്ങവേയുടെ 'കിഴവനും  കടലും' ( The Old Man and the Sea ) നമ്മോടു വിളിച്ചു പറയുന്നുണ്ട്. തകര്‍ച്ചകള്‍ക്ക് സ്പര്‍ശിക്കുവാന്‍  കഴിയാത്ത  മനുഷ്യ  ജീവിതങ്ങളുടെ പരിഛേദമായിരുന്നു  ഹേമിങ്വേയുടെ സാന്റിയാഗോ. കടലുമായി പോരടിച്ചു   ജീവിതം അനിതരസാധാരണമായ  കരുത്തോടെ  മുമ്പോട്ടു കൊണ്ടുപോകുന്ന പ്രായമെത്തിയ മുക്കുവന്റെ  കഥാപാത്രം നക്ഷത്ര ജ്വാലയുടെ   കരുത്തോടെ  വിളിച്ചു പറയുന്നത്  പ്രകൃതിയുടെ  തിരിച്ചടികളില്‍ തോറ്റു പോകാതെ തലയുയര്‍ത്തുന്ന  ജീവിതങ്ങളെയാണ്.

മഹാദുരന്തങ്ങളുടെ കയ്പേറിയ അനുഭവങ്ങളെ  അപൂര്‍വ്വമായി മാത്രമേറ്റു വാങ്ങേണ്ടി വന്നതാണ് മലയാളത്തിന്റെ ചരിത്രം. പ്രളയക്കെടുതികളുടെയും,പ്രകൃതി ക്ഷോഭങ്ങളുടെയും  ഭീമത്സകരമായ  ദുരന്തമുഖങ്ങള്‍ക്കു അതുകൊണ്ട് തന്നെ അപവാദമാണ് കേരളത്തിന്റെ  ഭൂതകാലം. 99' ലെ വെള്ളപ്പൊക്കമെന്ന്  അിറയപ്പെടുന്ന മലയാള വര്‍ഷത്തിലെ  പ്രളയകാലവും,പതിറ്റാണ്ടു കാലം മുന്‍പുള്ള  സുനാമിയും  ഒഴിച്ചു നിര്‍ത്തിയാല്‍ മഹാദുരന്തങ്ങളുടെ കള്ളികളില്‍ നിറയുന്നത്  ആശ്വാസകരമായ ശൂന്യതയാവും.മലയാളി വര്‍ഷം99 എന്ന  1924ലെ  വെള്ളപ്പൊക്കത്തിലായിരുന്നു പശ്ചാത്യാധിനിവേശത്തിന്റെ  അനുരണനങ്ങള്‍  ശിലയിട്ട  മൂന്നാര്‍ നഗരമത്രയും  ഒഴുകിയൊലിച്ചു പോയത്.'റെയില്‍പാതയുണ്ടായിരുന്ന മൂന്നാര്‍' എന്ന  ഗൃഹാതുര സ്മരണയിപ്പോഴും  നമ്മുടെ ഓര്‍മ്മകളുടെ  തിണ്ണയില്‍  പുഞ്ചിരിയോടെ ചാരു കസേരയിട്ടിരുന്നു   വിശ്രമിക്കുന്നത് മലയാളിയെ സര്‍വ്വാര്‍ത്ഥത്തില്‍ പിടിച്ചുലച്ചു  കളഞ്ഞ ആ മഹാ പ്രളയത്തിന്റെ ശേഷിപ്പുകളിലാണ്. കടലിലെ  ഭൂകമ്പം സുനാമിയായി   മലയാളിയുടെ ജീവിതങ്ങളെ വിഴുങ്ങിയത്   അസാധാരണമായ ദുരന്താനുഭവങ്ങളിലെ മറ്റൊരു  ഏടായിരുന്നു. ഇവിടെ  അവസാനിപ്പിക്കുവാന്‍ കഴിയുന്നൊരു  ദുരന്താനുഭവ  പട്ടിക മാത്രമാണ് മലയാളിക്കുളളത്.

ഭൂമിയുടെ  അസ്വഭാവികമായ പ്രകമ്പനങ്ങളെ സ്വാഭാവികതയെന്ന പോലെ ഏറ്റു വാങ്ങേണ്ടി വന്നയൊരു നാടാണ് സുക്കാര്‍ത്തോ ഉള്‍പ്പെടുന്ന  ഇന്‍ഡോനേഷ്യ.ഭൂമിയുടെ താളം തെറ്റുന്ന കുലുക്കങ്ങളില്‍  പ്രതിവര്‍ഷം മരണമടയുന്ന ആയിരങ്ങള്‍  ലോക മരണ വാര്‍ത്തകളിലെ  പുതുമ നഷ്ടപ്പെട്ടു പോയ ഇന്തോനേഷ്യന്‍ മുഖങ്ങളാണ്.

'ഹുവാങ് ഹെ'   എന്നറിയപ്പെടുന്ന  ഏഷ്യ  ഉപഭൂഖണ്ഡത്തിലെ  ഏറ്റവും വലിപ്പമേറിയ  നദികളിലെ ദ്വിതീയ സ്ഥാനമുള്ള  മഞ്ഞ നദിയുടെ തടങ്ങളിലൊണ് പുരാതന ചൈനീസ് സംസ്‌കൃതി തന്നെ  ഉദയം ചെയ്‌തത്. 1,593 തവണ സംഹാര ഭാവത്തോടെ കരകളെ കീഴടക്കി കവിഞ്ഞൊഴുകിയപ്പോള്‍ നഷ്ടമായ  മനുഷ്യ ജീവിതങ്ങളുടെ എണ്ണം പലമടങ്ങ്  കോടികളാണ്. ചൈനയുടെ ദു:ഖമായി മാറിയ മഞ്ഞനദി 1931 ലെ പ്രളയകാലത്ത് മാത്രം  കവര്‍ന്നെടുത്ത  ജീവനുകള്‍ 10 ലക്ഷത്തിലുമധികവും 40 ലക്ഷത്തില്‍  താഴെയുമെന്നു ചരിത്രം പറയുന്നു.

ലോകചരിത്രം വിറയാര്‍ന്ന  ഹൃദയത്തോടെ കണ്ടറിഞ്ഞ  കടല്‍ഭൂകമ്പങ്ങളുടെയും  ഭൂമി കുലുക്കങ്ങളുടെയും  വാര്‍ത്തകള്‍ അലയൊടുങ്ങാതെ പ്രവഹിച്ചത്  ലോകമഹായുദ്ധങ്ങളുടെ  കെടുതികളെ  ദയാരഹിതമാംവിധം ഏറ്റുവാങ്ങേണ്ടി വന്ന  ജപ്പാനില്‍  നിന്ന് തന്നെയാണ്. വന്‍ദുരന്തങ്ങള്‍ കവര്‍ന്നെടുക്കുന്ന പരശ്ശതം മനുഷ്യരില്‍ ജപ്പാനില്‍ പിറന്നു വീണ  നൂറുകണക്കിനു മനുഷ്യായുസ്സുകളുടെ മുഖങ്ങളുണ്ടാവും.

ഇത്തരത്തില്‍ ഭൂമിശാസ്ത്രപരവും  ജൈവികവുമായ കാരണങ്ങളാല്‍   മഹാ ദുരന്തങ്ങളെ  ഒരു നിത്യ  സംഭവമെന്ന പോലെ  സ്വീകരിക്കേണ്ടി വരുന്ന നിര്‍ഭാഗ്യരില്‍  മലയാളികളില്ല. എന്നാല്‍ സമീപകാലയളവില്‍ അത്രമേല്‍ പരിചിതമല്ലാത്ത  ദുരന്താനുഭവങ്ങളെ വ്യത്യസ്ത മേഖലകളില്‍  നാം നേരിടുകയുണ്ടായി.  ഓഖി ചുഴലിക്കാറ്റും നിപ്പാ വൈറസ്സും  ഐക്യകേരള  രൂപീകരണാനന്തര കാലയളവിലെ  ഏറ്റവും  വലിയ പ്രളയവും ലോക ദുരന്തങ്ങളോടു   സമീകരണാര്‍ഹമല്ലെങ്കിലും സമീപ കാലയളവുകളില്‍ മാത്രം സൃഷ്ടിക്കപ്പെതാണ്. ദുരന്തങ്ങള്‍ക്കു മുന്‍പില്‍ തകര്‍ന്നു പോയ കാഴ്ചകളെമ്പാടുമുണ്ടെങ്കിലും തോറ്റു പോയ മനുഷ്യരില്ലായെന്നു  ഇച്ഛാശക്തിയോടെ തെളിയിച്ചു  കൊടുക്കുന്നതിനു പതാക വാഹകരാവുകയാണ്  കേരളത്തിലെ  പിണറായി വിജയന്‍ സര്‍ക്കാര്‍.

ദുരന്ത മുഖങ്ങളിലെ ചായം തേച്ച ചിരികള്‍ക്കും, പ്രകടന പരതയുടെ  മാത്രം പിന്തുണയുള്ള  ചില സഹായ പ്രഖ്യാപനങ്ങള്‍ക്കുമപ്പുറം രാഷ്ട്രിയമെന്നത് എക്സിബിഷനിസത്തിന്റെ ഏക മുഖ പ്രകടനമല്ലായെന്നു സംശയ രഹിതാമാവണ്ണം തെളിയിച്ചു വെയ്ക്കുന്നതിനാണ്  കേരള മുഖ്യമന്ത്രി നേതൃത്വമായത്.നിറം പിടിപ്പിച്ച 'വാര്‍പ്പു'മാതൃകകളെ  അപനിര്‍മ്മിക്കാനുള്ള ശ്രമങ്ങളില്‍  കല്ലെറിയുവാന്‍,തങ്ങളുടെ ഇംഗിതങ്ങള്‍ക്കൊത്തു  പ്രവര്‍ത്തിക്കാത്ത രാഷ്ട്രീയശരീരങ്ങളെ 'പാഠം പഠിപ്പിക്കുവാന്‍'  തീരുമാനിച്ചവരില്‍  പ്രഥമ  സ്ഥാനം   കേരളത്തിലെ  മാധ്യമ മുഖ്യധാരകള്‍ക്കു  തന്നെയായിരുന്നു. 

എന്നാല്‍  മാമൂലുകളിലും,പാരമ്പര്യ ശീലങ്ങളിലും  കെട്ടു  പിണഞ്ഞു കിടന്ന  കേരളത്തിന്റെ   ബ്യൂറോക്രാറ്റിക് അപൊളിറ്റിക്കല്‍ ശ്രേണിയെ  സര്‍ക്കാരിന്റെ  രാഷ്ട്രീയ  ശരികളോടു ജനപക്ഷ  തീരുമാനങ്ങളൊടുമൊപ്പം ചലിക്കുന്ന യന്ത്രങ്ങളാക്കി പരിവര്‍ത്തനപ്പെടുത്തിയ ചരിത്ര നടപടികള്‍ക്കാണ്  ഇക്കാലയളവില്‍ കേരള മുഖ്യമന്ത്രി  സവിശേഷകരവും,സ്വാഗാതാര്‍ഹവുമായ കാര്‍ക്കശ്യത്തോടെ  നേതൃത്വമായത്.

കല്ലെറിഞ്ഞ  മാധ്യമങ്ങള്‍ക്ക  പിന്നീട്  കേരളത്തിന്റെ  ശരിമയാര്‍ന്ന നടപടികളെ കുറിച്ച്,സമയ ബന്ധിതമായി കേന്ദ്ര അറിയിപ്പുകളെ  കൈമാറിയതിനെ കുറിച്ചു  തിരുത്തിയെഴുതേണ്ടി വന്നെങ്കിലും,തെറ്റു തിരുത്തലിന്റെ,  പശ്ചാത്താപ പൂര്‍ണ്ണമായ  ഏറ്റു പറിച്ചിലിന്റെ പ്രതീക്ഷ നിര്‍ഭരമായ  ഒരു നേര്‍മ പോലും നമ്മുടെ മാധ്യമ ശീലങ്ങളില്‍ കാണ്മാനുണ്ടായില്ല.  മലേഷ്യയ്ക്ക് നേരിടാന്‍ കഴിയാതെ  പോയ നിപ്പയെ  കേരള ആരേഗ്യ മാതൃകയുടെ കരുത്തില്‍ അസാധാരണമായ ജാഗ്രതയോടെ കേരളം നേരിട്ടപ്പോള്‍,ചെറുത്തു തോല്പിച്ചപ്പോള്‍ അതൊരു ആദരണാര്‍ഹമായ ഏടായിരുന്നു എന്നംഗീകരിക്കാന്‍ നമുക്ക്   അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിന്റെ ആദരം ഏറ്റുവാങ്ങുന്നത് വരെ കാത്തിരിക്കേണ്ടതായി വന്നു.

ഓഖി ദുരന്തത്തില്‍  കേന്ദ്രം കേരളത്തിനു  നല്കിയ വിഹിതത്തിലധികം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു  മനുഷ്യ സഹായമായി  പ്രവഹിച്ചപ്പോള്‍  വ്യക്തമായ രണ്ടു കാര്യങ്ങളായിരുന്നു.രാഷ്ട്രിയ  വൈരാഗ്യത്തില്‍ ഒരു നാടിനെയാകെ  എന്തു വില  കൊടുത്തും ശത്രുപക്ഷത്തു  നിര്‍ത്തുമെന്നുളള ആര്‍.എസ്.എസ് വെല്ലുവിളിക്കു ഇന്ത്യന്‍ ഭൂതകാലത്തില്‍ ഉദാഹരണങ്ങള്‍ അന്യമാണ്.മറ്റൊന്ന് വര്‍ത്തമാന കാല ദുരന്തത്തില്‍ ഒഴുകിയെത്തുന്ന സഹായധന പ്രവാഹത്തില്‍  ക്ഷേത്രത്തിലെ പ്രത്യേക കാണിക്ക നിക്ഷേപമടക്കം വിളിച്ചു പറയുന്നത് ഒരു വെല്ലുവിളികള്‍ക്കും ഒന്നു  പോറലേല്പിക്കാന്‍  പോലൂമി നാടിനെ  ഞങ്ങള്‍ വിട്ടു  തരില്ലായെന്ന  മാനവികതയുടെഹൃദയ വെളിച്ചം തൂവുന്ന പ്രഖ്യാപനമാണ്.

ഇപ്പോഴാവട്ടെ  ഐക്യ കേരളത്തിന്റെ  ചരിത്രത്തിലെ ഏറ്റവും  വലിയ പ്രളയക്കെടുതിയെ നേരിടുകയാണ്  നാം.തകര്‍ന്നടിഞ്ഞ വീടുകള്‍ മറ്റൊരര്‍ത്ഥത്തില്‍  തകര്‍ന്നടിഞ്ഞ  ഒരായുഷ്‌ക്കാലം കൂടിയാണ്. അസ്തമിച്ചു പോയ  ജീവനുകള്‍  ജീവിച്ചിരിക്കുന്ന  അനേകര്‍ക്കു അണഞ്ഞു പോയ ജീവിതത്തിന്റെ  മെഴുകുതിരി  വെട്ടങ്ങള്‍  തന്നെയാണ്.ഒഴുകിയൊലിച്ചു പോയ  മണല്‍ പരപ്പുകളിലില്ലാതായി പോയത്  ചവിട്ടി നില്ക്കാനുള്ള  ഭൂമിക   തന്നെയാണ്. ഈ ദുരന്തത്തെയും തോല്പിക്കാന്‍ മനുഷ്യ പക്ഷമൊന്നാകെ കേരളത്തോടൊപ്പം അണിനിരക്കുന്ന   ആവേശകരമായ കാഴ്ചയുണ്ട്.

'this CM is fanatic and anti Hindu'എന്ന് പ്രചരിപ്പിച്ച  ചില ഇന്‍ന്ത്യന്‍ ദേശീയ മുഖങ്ങള്‍ക്കു,ഉപജീവനാര്‍ത്ഥം വില്ക്കാന്‍  കൊണ്ടുവന്ന പുതപ്പുകളത്രയും ദുരിതാശ്വാസ ക്യാമ്പില്‍ ദാനം ചെയ്‌ത ഇതര സംസ്ഥാന തൊഴിലാളിയുടെ  ചെറുപ്പിന്റെ  വാറഴിക്കാന്‍  ഉള്ള  യോഗ്യത പോലുമില്ലായെന്നു  നാമൊന്നാകെ  വിളിച്ചു പറയുക തന്നെ വേണം.

അസ്വാഭാവികവും,അത്യപൂര്‍വ്വവുമായ  ദുരന്തങ്ങള്‍ക്കു  മുമ്പില്‍ തോറ്റു പോവാത്ത ജനത ഇവിടെയുയിര്‍ കൊള്ളുകയാണ്.പുതുക്കിപ്പണിയുന്ന ഓരോ മണല്‍ത്തരിയിലും ഓരോ ജീവനുകളാണ് തളിരിടുന്നത്.നമ്മള്‍ കൈകള്‍ ചേര്‍ക്കേണ്ടതുണ്ട് മുന്‌പേതൊരു കാലയളവിനേക്കാള്‍ കരുത്തോടെ.അതെ,നമുക്കത്രമേല്‍ പരിചിതമല്ലാത്ത മഹാദുരന്തങ്ങളെ നാമൊത്തൊരുമിച്ച് ചെറുത്തു തോല്പിക്കുക തന്നെയാണ്,ചരിത്രത്തിലെ  അത്യപൂര്‍വ്വ ഭരണ മികവിനു ശിഖയേന്തുന്ന ഒരു സര്‍ക്കാരിനൊപ്പം .

  

പ്രധാന വാർത്തകൾ
 Top