12 November Tuesday

നിപാ : അസുഖം ഭേദമായ വിദ്യാർഥി നടന്നുതുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019


നിപാ ബാധിച്ച‌് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥി പരസഹായമില്ലാതെ നടന്നുതുടങ്ങി. രോഗിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന‌് മെഡിക്കൽ സംഘം വിലയിരുത്തി.

നിപാ രോഗിയുമായി സമ്പർക്കം പുലർത്തിയവരിൽ ഒരാളെക്കൂടി മെഡിക്കൽ കോളേജ‌് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. വരാപ്പുഴ സ്വദേശിയാണ്. നിലവിൽ എട്ടുപേരാണ‌് ഐസൊലേഷൻ വാർഡിൽ ചികിത്സയിലുള്ളത‌്.

മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ച ഒരാ‌ളുടേതുൾപ്പെടെ തിങ്കളാഴ‌്ച അഞ്ച് സാമ്പിളുകൾ പരിശോധനയ‌്ക്കായി ശേഖരിച്ചു. തൃശൂർ മെഡിക്കൽ കോളേജ്, ഇടുക്കി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽനിന്നെത്തിയ ഓരോ സാമ്പിളും എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ടുപേരുടെ രണ്ടാംഘട്ട പരിശോധനയ‌്ക്കായി ശേഖരിച്ച സാമ്പിളും ഉൾപ്പെടുന്നു.

എറണാകുളം ഗവ. മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ 30 പേരെ കിടത്താവുന്ന പുതിയ ഐസൊലേഷൻ വാർഡ് സജ്ജമാക്കി. രോഗി ആംബുലൻസിൽ എത്തുന്നതുമുതൽ ഐസൊലേഷൻ വാർഡിൽ എത്തുന്നതുവരെയുള്ള ഓരോ ഘട്ടവും കാര്യക്ഷമമാക്കുന്നതിനായി ഇവിടെ ട്രയൽ റൺ നടത്തി. രോഗം ബാധിച്ച വിദ്യാർഥിയുമായി ഇടപഴകിയ 329 പേർ നിരീക്ഷണത്തിൽ തുടരുകയാണ‌്. ഇവരിൽ അടുത്തിടപഴകിയ 52 പേർ ഹൈ റിസ‌്ക‌് വിഭാഗത്തിലും 277 പേർ ലോ റിസ്‌ക് വിഭാഗത്തിലും ഉൾപ്പെട്ടവരാണ്.

നിപാ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയുടെ ഭാഗമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നുള്ള വിദഗ്ധസംഘം തൊടുപുഴ, മുട്ടം മേഖലകളിൽനിന്ന‌് 22 പഴംതീനി വവ്വാലുകളിൽനിന്ന‌ുള്ള സാമ്പിളുകൾകൂടി തിങ്കളാഴ‌്ച ശേഖരിച്ചു.

വനംവകുപ്പിന്റെ സഹായത്തോടെ 52 പഴംതീനി വവ്വാലുകളിൽനിന്നാണ‌് ഇതുവരെ സാമ്പിൾ ശേഖരിച്ചത‌്.  ഈ സാമ്പിളുകൾ പുണെയിലേക്ക് അയക്കും.  ചൊവ്വാഴ‌്ച ആലുവ, പറവൂർ മേഖലകളിൽനിന്ന് സാമ്പിളുകൾ ശേഖരിക്കും. ഡോ. സുദീപിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡോ. ഗോഖലെ, ഡോ. ബാലസുബ്രഹ്മണ്യൻ എന്നീ ശാസ്ത്രജ്ഞരുമുണ്ട്.


പ്രധാന വാർത്തകൾ
 Top