16 February Saturday
കോഴിക്കോട്- മലപ്പുറം ജില്ലകളെ നിപാ രഹിത ജില്ലകളായി പ്രഖ്യാപിച്ചു

ക്ഷീണമുണ്ടായപ്പോഴും ഡോക്ടര്‍മാര്‍ വിശ്രമിക്കാന്‍ തയ്യാറായില്ല; നിപായെ തുരത്താന്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനം ആഗോളതലത്തില്‍ പ്രശംസ നേടി: ആരോഗ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018

 കോഴിക്കോട് > കോഴിക്കോട് മലപ്പുറം ജില്ലകളെ നിപാ രഹിത ജില്ലകളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.  നിപാ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ഡോക്ടര്‍മാരെ ആദരിക്കുന്ന ചടങ്ങില്‍ വച്ച് ആരോഗ്യമന്ത്രി കെകെ ശൈലജയാണ് പ്രഖ്യാപനം നടത്തിയത്. രണ്ട് മാസത്തോളം കോഴിക്കോടേ് നിപാ ഭീതിയിലായിരുന്നു. എന്നാല്‍ മെയ് 30 നുശേഷം നിപാ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജൂണ്‍ മുപ്പത് വരെയായിരുന്നു ജാഗ്രത സമയം.ഈ കാലയളവില്‍ നിപാ ഉണ്ടായില്ലെന്ന് സ്ഥിരീകരിച്ചു. ഇതിന്റ അടിസ്ഥാനത്തില്‍ ജൂലൈ ഒന്ന് കോഴിക്കോട് മലപ്പുറം ജില്ലകളെ നിപാരഹിത ജില്ലകളായി പ്രഖ്യാപിക്കുകയാണെന്ന്  ആരോഗ്യ മന്ത്രി ചടങ്ങില്‍ പറഞ്ഞു.
 
 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ക്യാംപ് ചെയ്ത് മുഴുവന്‍ സമയവും തങ്ങളുടെ സേവനം നല്‍കിയ ഡോക്ടര്‍മാരെയും മറ്റ് പ്രവര്‍ത്തകരെയും മന്ത്രി അഭിനന്ദിച്ചു. രണ്ട് മരണങ്ങള്‍ സംഭവിച്ച  ആദ്യഘട്ടത്തില്‍  സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ വിമര്‍ശനമുന്നയിച്ചെങ്കിലും സംഭവങ്ങളുടെ ഗൗരവം മനസിലായപ്പോള്‍ എല്ലാ പിന്തുണയും മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായി.

യഥാര്‍ഥ വസ്തുതകള്‍ എല്ലാദിവസവും ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നു. അതേസമയം തന്നെ ആളുകള്‍ വലിയഭീതിയിലാവുകയുമുണ്ടായി. എന്നാല്‍ അതെല്ലാം കൃത്യമായി തന്നെ പിന്നീട് പരിഹരിക്കാന്‍ സാധിച്ചു. എണ്ണയിട്ട യന്ത്രം പോലെയാണ് എല്ലാവരും പ്രവര്‍ത്തിച്ചത്.

ക്ഷീണമുണ്ടായപ്പോഴും പനി വന്നപ്പോഴും  പിന്‍മാറാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. ഈ ദുരിതത്തിന് ഒരറുതി വരുന്നതുവരെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാന്‍ അവരോരോരുത്തരും സജ്ജമായി. വിശ്രമം പോലും വേണ്ടെന്നുപറഞ്ഞു. ഏതുപാത്രിരാത്രിയില്‍  ബന്ധപ്പെട്ടാലും എല്ലാവരും  എല്ലാ സഹായങ്ങള്‍ക്കും തയ്യാറായി നില്‍ക്കുന്ന അവസ്ഥ. രോഗം ഇല്ലാതാക്കാന്‍ വേണ്ട എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രിയും ഉറപ്പുനല്‍കി.

 പല കോണുകളില്‍ നിന്നും നിരവധി പേര്‍ സഹായിക്കാന്‍ സന്നദ്ധരാണെന്ന് പറഞ്ഞെത്തിയതും വലിയ ആശ്വാസം തന്നെയായിരുന്നു. നഴ്‌സ് ലിനിയുടെ മരണം സംഭവിച്ചിട്ടും ഐസൊലേഷന്‍ വാര്‍ഡില്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിച്ചു എന്നത് വലിയ കാര്യമാണെന്നും മന്ത്രി വിശദീകരിച്ചു.

ഒരേ സമയം ഉത്ഘണ്ഠ നിറഞ്ഞതും കര്‍മ്മനിരതവുമായ നാളുകളാണ് കടന്നുപോയത്.  എല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകാന്‍ ജില്ലാ കളക്ടര്‍ നടത്തിയ ശ്രമവും പ്രത്യേകം തന്നെ എടുത്തുപറയേണ്ടതാണ്. അദ്ദേഹം ജനങ്ങളുമായി നേരിട്ട് സംസാരിച്ച് പ്രശ്‌നങ്ങള്‍ ഒന്നൊന്നായി പരിഹരിച്ചു. ലിനിയുടെ കുടുംബം അനാഥമാകില്ലെന്നും മന്ത്രി പറഞ്ഞു.

യുഎന്നും , ഡബ്ല്യു എച്ച് ഒയും കേരള സര്‍ക്കാരിനെ അഭിനന്ദിച്ചു.  രോഗം ഇത്രമാത്രം വേഗത്തില്‍ പിടിച്ചുകെട്ടാനും പരിഹരിക്കാനും നമുക്ക് കഴിഞ്ഞതെങ്ങനെയെന്ന് ലോകം കണ്ടുപഠിക്കുകയാണിപ്പോള്‍. നിലവിലെ അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്നും ആരോഗ്യമന്ത്രി  കൂട്ടിച്ചേര്‍ത്തു.

മന്ത്രിമാരായ ടിപി രാമകൃഷ്ണന്‍, എകെ ശശീന്ദ്രന്‍, ആരോഗ്യ രംഗത്തെ വിദഗ്ധര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

 

പ്രധാന വാർത്തകൾ
 Top