18 February Monday

നിപാ തോൽക്കട്ടെ, ഉബീഷും അജന്യയും ജയിക്കട്ടെ

ആർ രഞ‌്ജിത‌്Updated: Wednesday Jun 6, 2018

കോഴിക്കോട‌്>രാവിലെ ഫോണിൽ വിളിച്ച അമ്മയോട‌് ഉബീഷ‌് പറഞ്ഞു ‘പേടിക്കേണ്ട ഞാൻ തിരിച്ചുവരും’. ജീവിതത്തിലേക്ക‌് തിരിച്ചെത്തുന്നതിന്റെ ആത്മവിശ്വാസത്തിലാണ‌് ഈ ചെറുപ്പക്കാരൻ. മെഡിക്കൽ കോളേജിലെ ഒറ്റപ്പെട്ട മുറിയിൽ  അവൻ പതിവുപോലെ ഉണരുന്നു, ഭക്ഷണം കഴിക്കുന്നു, സംസാരിക്കുന്നു.   കേരളത്തെ വിറപ്പിച്ച നിപാ വൈറസിന്റെ പിടിയിൽനിന്ന‌് കുതറിമാറിയ ഇരുപത്തെട്ടുകാരന‌് ഒരുപാട‌് കാര്യങ്ങൾ പറയാനുണ്ട‌്. അമ്മയെക്കുറിച്ച‌്, കൂട്ടുകാരെക്കുറിച്ച‌്, ജീവിതത്തെക്കുറിച്ച‌്,  നിപാ കൊണ്ടുപോയ ഭാര്യയെക്കുറിച്ച‌്.
   നിപായെ അത്ഭുതകരമായി അതിജീവിച്ചെന്ന‌് കരുതുന്ന ഈ ചെറുപ്പക്കാരനും നേഴ‌്സിങ‌് വിദ്യാർഥിനിയായ അജന്യയും  ആശുപത്രിവിട്ട‌് പതിവുജീവിതത്തിലേക്ക‌് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ‌് കേരളം. നാടൊന്നാകെ  അവരുടെ തിരിച്ചുവരവിനായി പ്രാർഥിക്കുന്നു. ഇരുവരുടെയും ചികിത്സാ പുരോഗതി ആരോഗ്യപ്രവർത്തകർക്ക‌് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

 ‘എനിക്കിപ്പോൾ ഒരു കുഴപ്പവുമില്ല. എല്ലാം പതിവുപോലെ. മുറിയിൽ ഒറ്റക്കിരിക്കുന്നതിന്റെ പ്രയാസമേയുള്ളൂ. പിന്നെ അവളുടെ ഓർമ. എത്രയും പെട്ടെന്ന‌് പുറത്തിറങ്ങാനാകും. എല്ലാ പിന്തുണയുമായി ഡോക്ടർമാരും നേഴ‌്സുമാരുമുണ്ട‌്. വീട്ടിൽനിന്ന‌് അമ്മയും അച്ഛനും സഹോദരങ്ങളും എല്ലാ ദിവസവും വിളിക്കും. മൂന്ന‌് കൂട്ടുകാരുണ്ട‌്. സുധീഷും ഷെരീഫും ഉണ്ണിയും.  അവന്മാരാണ‌് എന്റെ ശക്തി. ഫോണിന്റെ അങ്ങേത്തലക്കലിൽനിന്നും വരുന്ന ശബ്ദങ്ങളാണ‌് തിരിച്ചുവരാനുള്ള മരുന്ന‌്.’

മലപ്പുറം ജില്ലക്കാരനായ ഉബീഷിനും ഭാര്യ ഷിജിതക്കും വൈറസ‌് ബാധിച്ചത‌് മെഡിക്കൽ കോളേജിൽനിന്നാണ‌്. ഏപ്രിൽ 15ന‌് ബൈക്ക‌് അപകടത്തിൽപ്പെട്ട‌് തലക്ക‌് പരിക്കേറ്റാണ‌് ഉബീഷിനെ ആദ്യം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ കൊണ്ടുവന്നത‌്. ചികിത്സക്കുശേഷം വീട്ടിലേക്ക‌് മടങ്ങി. പിന്നീട‌് മെയ‌് അഞ്ചിന‌് വീണ്ടും പരിശോധനക്കെത്തിയപ്പോഴാണ‌് മരണ വൈറസ‌് ഇരുവരെയും പിടികൂടുന്നത‌്. വൈറസ‌് പിടിപെട്ട‌് ആദ്യം മരിച്ചെന്ന‌് കരുതുന്ന മുഹമ്മദ‌്സാബിത്ത‌് ആ ദിവസം സ‌്കാൻ ചെയ്യാൻ അവിടെയുണ്ടായിരുന്നു. ഇരുപത്തിമൂന്നുകാരിയായ ഷിജിത മെയ‌് 20ന‌് മരണത്തിന‌് കീഴടങ്ങി. തൊട്ടുപിന്നാലെ ഉബീഷിനെയും നിപാ ലക്ഷണങ്ങളോടെ ആശുപത്രിയിലാക്കുകയായിരുന്നു.

പരിശോധനയിൽ ഉബീഷിനും വൈറസ‌് ബാധയുണ്ടെന്ന‌് കണ്ടെത്തി. മരണത്തെ മുന്നിൽകണ്ട നിമിഷം. ജീവൻ രക്ഷിക്കാനായി പ്രതിരോധ പ്രവർത്തനങ്ങളുമായി ഡോക്ടർമാരും നേഴ‌്സുമാരും. മലേഷ്യയിൽനിന്ന‌് കൊണ്ടുവന്ന റിബാവൈറിൻ മരുന്ന‌് നൽകി. അതിനൊപ്പം ഉബീഷിന്റെ പ്രതിരോധ ശേഷിയും തുണയായി.  ഗുരുതരാവസ്ഥയിൽനിന്ന‌് മാറ്റം കണ്ടുതുടങ്ങി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വൈറസ‌്ബാധയില്ല. എന്നാലും ജാഗ്രത തുടരാനാണ‌് ആരോഗ്യവകുപ്പിന്റെ തീരുമാനം.
  

ഉബീഷിന്റെ  വിവാഹം കഴിഞ്ഞിട്ട‌് ഒരുവർഷമേ ആയിട്ടുള്ളു. അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയതമയെക്കുറിച്ചുള്ള ഓർമകളാണ‌് ഏകാന്തതയിൽ അവന‌് കൂട്ടായിട്ടുള്ളത‌്.  നേഴ‌്സിങ‌് വിദ്യാർഥിനിയായ അജന്യയുടെ രക്തസാമ്പിളുകൾ അത്ഭുതകരമായ ഫലമാണ‌് കാണിക്കുന്നതെന്ന‌് മെഡിക്കൽ കോളേജിലെ സ‌്റ്റാഫ‌് നേഴ‌്സ‌് റൂബി സജ‌്ന പറഞ്ഞു. അർധബോധാവസ്ഥയിലാണ‌് ഈ പത്തൊമ്പതുകാരിയെ കൊണ്ടുവന്നത‌്. അവൾ രക്ഷപ്പെടുന്നുവെന്ന‌ തിരിച്ചറിവ‌് ഉണ്ടാക്കുന്ന സന്തോഷം ചെറുതല്ലെന്ന‌് റൂബി ഫെയ‌്സ‌്ബുക്കിൽ കുറിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top