17 October Thursday
പരിശോധനാ ഫലം നെഗറ്റീവ്

കേരളം അതിജീവിക്കുന്നു; നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആറ്‌പേർക്കും നിപാ ഇല്ലാ

വെബ് ഡെസ്‌ക്‌Updated: Thursday Jun 6, 2019

കൊച്ചി > നിപാ വൈറസ് ബാധയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആറ് പേര്‍ക്കും നിപാ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പൂണൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് വൈറസ് ബാധയില്ലെന്ന സ്ഥിരീകരണം വന്നത്. ആരോഗ്യ മന്ത്രി കെ കെ ശൈലജ പത്രസമ്മേളനത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയെ ചികിത്സിച്ച രണ്ട് നേഴ്‌സുമാരടക്കമുള്ള ആറ് പേരാണ് ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്നത്. 

ആറുപേരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴ, പൂനെ ലാബുകളിലേക്കും അയച്ചിരുന്നു. അവിടെനിന്നുള്ള പരിശോധനകളില്‍ ഇവരുടെ നില തൃപ്തികരമാണെന്നായിരുന്നു റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ആരോഗ്യനിലയും മെച്ചപ്പെടുന്നുണ്ട്. അതേസമയം പനിബാധിച്ച്‌ എത്തിയ രണ്ടുപേർ  കൂടി ഇന്ന്‌ നിരീക്ഷണത്തിലാണ്‌. തിരുവനന്തപുരത്തും കൊച്ചിയിലുമുള്ളവരാണിവർ.

നിപാ ഭീതി പൂർണമായി ഒഴിഞ്ഞു എന്നിപ്പോൾ  പറയാനാവില്ല . അതിന്‌ കൂടുതൽ നടപടിക്രമങ്ങൾ ഉണ്ട്‌. എന്നാൽ ആശങ്കയില്ല എന്ന്‌ പറയാം.ഭീതിജനകമായ  അവസ്‌ഥ ഇല്ല. പ്രതിരോധിക്കാനും ചികിത്സ നൽകാനുമുള്ള എല്ലാ സജ്ജീകരണങ്ങളും മരുന്നും കരുതിയിട്ടുണ്ട്‌. ആവശ്യം വരുമെങ്കിൽ മരുന്ന്‌ പ്രയോഗിക്കാൻ വിദഗ്ധരായവരും നമുക്കുണ്ട്‌. മരുന്ന്‌ പ്രയോഗിക്കാൻ പ്രത്യേക ഗൈഡ്‌ലൈൻ ഉണ്ട്‌. കുടുംബാംഗങ്ങളുടെ സമ്മതവും ആവശ്യമാണ്‌. ഡോ. സുമ, ഡോ. ചാന്ദിനി എന്നിവർ ആ പരിശീലനം നേടിയവരാണ്‌. ഇതുവരെ ആ മരുന്ന്‌ കൊടുക്കേണ്ടിവന്നിട്ടില്ല. നിലവിൽ കൊടുത്തുകൊണ്ടിരിക്കുന്ന റിബാവൈറിൻ മരുന്ന്‌തശന്നയാണ്‌ കൊടുക്കുന്നത്‌. അതുകൊണ്ട്‌ മരുന്ന്‌ പരീക്ഷണം എന്നൊന്നും പറയേണ്ടതില്ല.

രോഗിയെ ഐസോലേഷൻ വാർഡിൽനിന്ന്‌ എപ്പോൾ മാറ്റണമെന്നതെല്ലാം ഡോക്‌ടർമാരുടെ ടീമാണ്‌ തീരീമാനിക്കുക. രോഗിയിൽ വൈറസിന്റെ അംശം തീരെയില്ലെന്നും മറ്റൈാരാളിലേക്ക്‌ പകരില്ലെന്നും ഇറപ്പുവരുത്തേണ്ടതുണ്ട്‌.

രോഗത്തിന്റെ ഉറവിടം ഇപ്പോഴും വ്യക്‌തമല്ല. അത്‌ കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ട്‌. ആരോഗ്യ വിദഗ്‌ധർ നിർദ്ദേശിക്കുന്ന മാർഗനിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം. പക്ഷികളും മറ്റും കൊത്തിയ പഴങ്ങളൊന്നും കഴിക്കരുതെന്നും മന്ത്രി പറഞ്ഞു.

നിപായുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണവിധേയമാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. രോഗം പടരാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കോള്‍സെന്ററില്‍ ഒരു നമ്പരില്‍ കൂടി വിളിക്കാം. നിലവിലുള്ള 1077 നു പുറമെ 04842425200 എന്ന നമ്പരിലും വിളിക്കാം.


പ്രധാന വാർത്തകൾ
 Top