15 October Tuesday

മികച്ച ചികിത്സ നൽകും: മന്ത്രി

സ്വന്തം ലേഖകൻUpdated: Wednesday Jun 5, 2019

അവലോകന യോഗത്തിന്‌ ശേഷം മന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ

കൊച്ചി
നിപാ വൈറസ‌് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗബാധയെ ഫലപ്രദമായി നേരിടുമെന്നും കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ രോഗിക്ക‌് നൽകുമെന്നും മന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ല. നിപായെ നമുക്ക‌് നേരിടാൻ കഴിയുമെന്ന‌് തന്നെയാണ‌് മുൻ അനുഭവം. അതിന്റെ വെളിച്ചത്തിൽ തയ്യാറാക്കിയ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കാനിരിക്കെയാണ‌് വീണ്ടും രോഗബാധ കണ്ടെത്തിയത‌്.
 
റിബാവിറിൻ ഗുളികയാണ‌് നൽകുന്നത‌്. ഇത‌് പൂർണമായി ഫലപ്രദമല്ല. ചില ലക്ഷണങ്ങൾക്ക‌് പറ്റും. ഈ മരുന്ന‌് ആവശ്യത്തിന‌് നമ്മുടെ പക്കലുണ്ട‌്. ഓസ‌്ട്രേലിയയിൽനിന്ന‌് എത്തിച്ച ഹ്യൂമൻ മൈക്രോ ക്ലോം ആന്റിബോഡി മൂന്നുപേരിൽ പരീക്ഷിച്ച‌് വിജയിച്ചതായി പറയുന്നു. എന്നാൽ ഇത‌ിന‌് ആഗോള അംഗീകാരമില്ല. ഐസിഎംആർ അനുമതിയും പ്രോട്ടോകോളും പ്രകാരം മാത്രമേ പ്രയോഗിക്കാനാകൂ. കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട‌്. രോഗിയുടെ ജീവൻ രക്ഷിക്കലും രോഗ വ്യാപനം തടയലുമാണ‌് അടിയന്തര കടമ. രോഗത്തിന്റെ ഉറവിടം കണ്ടെത്തൽ പോലുള്ള കാര്യങ്ങൾ പിന്നീടാണ‌്.

രോഗ ലക്ഷണങ്ങളുള്ളവർക്കായി എറണാകുളം ഗവ. മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പനി ക്ലിനിക്ക‌് തുറന്നു. അവിടെ ചികിത്സ തേടുന്നവരുടെ സാമ്പിളുകൾ പുണെ, മണിപ്പാൽ, ആലപ്പുഴ വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ടുകളിൽ പരിശോധനയ‌്ക്ക‌്‌ അയക്കും.
രോഗ പ്രതിരോധമാണ‌് പ്രധാനം. ആരോഗ്യവകുപ്പ‌് നൽകുന്ന നിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണം. ഭയാശങ്ക പരത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രചാരണങ്ങൾ പാടില്ല. അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും.  കേന്ദ്രമന്ത്രി ഹർഷ‌് വർധൻ വിളിച്ച‌് എല്ലാ പിന്തുണയും വാഗ‌്ദാനംചെയ‌്തു. ഐസിഎംആർ ഡയറക്ടർ ഡോ. ഭാർഗവയും കേന്ദ്ര ആരോഗ്യവകുപ്പും വിവരങ്ങളാരാഞ്ഞു. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ രോഗിയിൽനിന്നുകൂടി വിവരങ്ങൾ ചോദിച്ചറിയണം. ഇപ്പോൾ അതിന‌് കഴിയില്ല. രോഗിയുടെ മാനസികാരോഗ്യം
ഇപ്പോൾ പ്രധാനമാണ‌്.

നിപായുടെ പേരിൽ രോഗിയുടെ ബന്ധുക്കളെയോ നാട്ടുകാരെയോ ഒറ്റപ്പെടുത്തരുത‌്. രോഗത്തെക്കുറിച്ച‌് ശരിയായ അവബോധവും മാർഗനിർദേശങ്ങൾ അനുസരിക്കലുമാണ‌് പ്രധാനമെന്നും മന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top