നിലയ്ക്കൽ
ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം റോഡില്‍നിന്ന് താഴ്‌ചയിലേക്ക് മറിഞ്ഞ് ബസിലുണ്ടായിരുന്ന എല്ലാവർക്കും പരിക്ക്. ഇലവുങ്കൽ– കണമല റോഡിൽ നാറാണംതോട്ടിൽ മൂന്നാം വളവിൽ ചൊവ്വ പകൽ 1.30നായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തമിഴ്‌നാട് തിരുച്ചി കുംഭകോണം സ്വദേശികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. 9 കുട്ടികൾ അടക്കം 66 പേരാണ് ബസിലുണ്ടായിരുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 45പേരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡ്രൈവറുള്‍പ്പെടെ 12 പേരും ചികിത്സയിലാണ്.
അപകടത്തില്‍പ്പെട്ട ബസിന്റെ പിറകില്‍ മറ്റൊരു വാഹനത്തില്‍ വരികയായിരുന്ന വയനാട് സ്വദേശികളായ തീര്‍ഥാടകരാണ് അപകടം ആദ്യം കണ്ടത്. അവര്‍ ബസിന്റെ പുറകിലെ ചില്ല് തകർത്ത് തീർഥാടകരെ പുറത്തെത്തിച്ചു. രക്ഷാപ്രവർത്തനത്തിന് നിലയ്ക്കലില്‍നിന്ന് പൊലീസും അഗ്നിരക്ഷാസേനയുമെത്തി.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ജില്ലാ പൊലീസ് മേധാവിയും കലക്ടറുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സജ്ജീകരണം ഒരുക്കാന്‍ നിര്‍ദേശിച്ചു. കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും ജനറല്‍ ആശുപത്രിയിലെത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സജ്ജീകരണം ഒരുക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, കൃഷി മന്ത്രി പി പ്രസാദ് എന്നിവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളവരെയും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ സന്ദർശിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ നിർദേശം നൽകി. ബസ് ഡ്രൈവർ ബാലസുബ്രഹ്മണ്യൻ(48) തലയ്ക്ക് പരുക്കേറ്റ് ട്രോമ ഐസിയുവിലാണ്. അതീവ ഗുരുതരാവസ്ഥയിൽ രംഗനാഥ് ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണ്. ചന്ദ്രശേഖർ( 65 ), തൻഷിക( 8 ), സുരേഷ് ( 36 ), ഉത്രാപതി (48), ബാലാജി (24), ദിവാകർ (23), ശങ്കർ (52), കനേഷ് കുമാർ (45), കുമാർ (45), സൂര്യാംമ്പുത് (48 ), ഭാസ്കർ (52), സുരേഷ് (42), സുബാസ്തി (9) എന്നിവരും ഇവിടെ ചികിത്സയിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..