22 May Sunday
‘കൊലക്കത്തി’ നൽകിയത്‌ സുധാകരൻ

നിഖില്‍ പൈലി
 കോണ്‍ഗ്രസിന്റെ 
തെരുവുഗുണ്ട

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022


ചെറുതോണി
എൻജിനിയറാവുകയെന്ന സ്വപ്‌നവുമായി ഇടുക്കിയിലെത്തിയ ധീരജിന്റെ ഇളംചോര കവർന്നെടുത്ത നിഖിൽ പൈലി ഇടുക്കിയിലെ കോൺഗ്രസിന്റെ തെരുവുഗുണ്ട. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റായ ഇയാൾ സൈബർ കുറ്റകൃത്യങ്ങളും ഗുണ്ടാ ആക്രമണങ്ങളും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്‌.

പ്രമുഖ കോൺഗ്രസ്‌ നേതാക്കളുടെ ഇഷ്ടതോഴനുമാണിയാൾ. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, വി ഡി സതീശൻ, ഡിസിസി പ്രസിഡന്റ് സി പി മാത്യു തുടങ്ങിയ മുതിർന്ന കോൺഗ്രസ്‌ നേതാക്കളുടെയെല്ലാം ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇയാൾതന്നെ സമൂഹമാധ്യമങ്ങൾവഴി പങ്കുവച്ചിട്ടുണ്ട്‌. പരസ്പരം ആക്രമണത്തിന് ക്ഷണിച്ചും ഏറ്റുമുട്ടലിന് സമയംകുറിച്ചും വെല്ലുവിളിച്ചും പ്രകോപനപരമായ പോസ്റ്റുകൾ പലപ്പോഴും ഇയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്‌തിരുന്നു. നിഖിൽ പൈലി താമസിക്കുന്നത്‌ മണിയാറൻകുടിയിലാണ്‌. ഇവിടെ അടുത്തിടെ നിരന്തര സംഘർഷമുണ്ട്‌. നാട്ടിലുണ്ടാകുന്ന സാമൂഹ്യവിരുദ്ധ പ്രശ്നങ്ങളുടെ ഒരുഭാഗത്ത്‌ ഇയാളുമുണ്ടാകും. അടുത്തനാളിൽ പൊലീസിന്‌ മണിയാറൻകുടിയിൽ നിരവധി ദിവസം ക്യാമ്പ് ചെയ്‌ത്‌ റൂട്ട് മാർച്ച് നടത്തേണ്ടിവന്നു. സ്വൈരജീവിതം തകർക്കുന്ന ഇയാളെ കോൺഗ്രസ്‌ നേതൃത്വവും ഡീൻ കുര്യാക്കോസ് എംപിയും ക്രിമിനൽ കാര്യങ്ങൾക്ക്‌ ഉപയോഗിക്കാറുണ്ടെന്ന്‌ കോൺഗ്രസിൽ രഹസ്യസംസാരമുണ്ട്‌. ഒരാഴ്ചയായി ഇയാൾ എൻജിനിയറിങ്‌ കോളേജിൽ സ്ഥിരമായി വരാറുണ്ടായിരുന്നു. ജില്ലയിൽനിന്നുള്ള ലോക്‌സഭാംഗത്തിന്റെ ഒത്താശ ഈ അരുംകൊലയ്‌ക്ക് പിന്നിലുണ്ടെന്ന്‌ എസ്എഫ്ഐ പ്രവർത്തകർ പറയുന്നു.
 

‘കൊലക്കത്തി’ നൽകിയത്‌ സുധാകരൻ
കോൺഗ്രസിന്റെ സെമികേഡർ ഗുണ്ടാസംഘങ്ങൾക്ക്‌ കൊലക്കത്തി നൽകുന്നത്‌ അക്രമ രാഷ്‌ട്രീയത്തിന്റെ ആൾരൂപമായ കെ സുധാകരൻ. ഇടുക്കി പൈനാവ്‌ എൻജിനിയറിങ്‌ കോളേജ്‌ വിദ്യാർഥി ധീരജിനെ വെട്ടിക്കൊന്ന യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ നിഖിൽ പൈലി സുധാകര സംഘത്തിലെ പ്രധാനി. ഓരോ പ്രദേശത്തും സ്വന്തമായി ഫാൻസ്‌ അസോസിയേഷനും ഗുണ്ടാസംഘവുമുണ്ടാക്കി എതിരാളികളെ വകവരുത്തുന്നതാണ്‌ കെപിസിസി പ്രസിഡന്റിന്റെ ‘രാഷ്‌ട്രീയ വളർച്ചയുടെ’ ചരിത്രം. 1987 മാർച്ച്‌ 23ന്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർകോട്‌ ചീമേനിയിൽ അഞ്ച്‌ സിപിഐ എം പ്രവർത്തകരെ പാർടി ഓഫീസിലിട്ട്‌ ചുട്ടുകൊന്നത്‌ സുധാകരന്റെ ക്രിമിനൽ സംഘമായിരുന്നു. 1992ൽ കണ്ണൂർ സേവറി ഹോട്ടൽ ആക്രമിച്ച്‌ സിപിഐ എം പ്രവർത്തകൻ നാണുവിനെ ബോംബെറിഞ്ഞ്‌ കൊന്നതും ഇവർതന്നെ. ഈ ചോരക്കറ മായുംമുമ്പാണ്‌ 1993ൽ സിപിഐ എം പ്രവർത്തകൻ നാൽപ്പാടി വാസുവിനെ സുധാകരന്റെ ഗൺമാൻ വെടിവച്ചുകൊന്നത്‌. അക്രമം നടത്തുക മാത്രമല്ല, ഹീനമായി  ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതും ശൈലിയാണ്‌. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനെ വകവരുത്താൻ വാടകഗുണ്ടകളെ അയച്ചതും സുധകാരനാണെന്ന്‌ കണ്ടെത്തിയിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കലാപമുണ്ടാക്കാൻ തൃശൂരിൽനിന്ന്‌ വാടകകൊലയാളികളെ കൊണ്ടുവന്നു. സംഘം പിടിയിലായപ്പോൾ സ്‌റ്റേഷനിൽ കയറി ഇവരെ മോചിപ്പിച്ചതും വിവാദമായി. അവിടെയും തീർന്നില്ല മണൽമാഫിയാ സംഘം പിടിയിലായപ്പോൾ വളപട്ടണം സ്‌റ്റേഷനിൽ കയറി പ്രതികളെ മോചിപ്പിച്ച ചരിത്രവും സുധാകരന്‌ സ്വന്തം. കെപിസിസി പ്രസിഡന്റായതോടെ അക്രമം സംസ്ഥാനമാകെ വ്യാപിപ്പിച്ചു. അതിന്റെ തെളിവാണ്‌ ധീരജിന്റെ അരുംകൊല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top