16 September Monday
കോയമ്പത്തൂരിൽ റെയ്ഡ്

കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആരാധനാലയങ്ങളിൽ ഐഎസ്‌ ഭീകരാക്രമണ പദ്ധതി: 6 പേർക്കെതിരെ എൻഐഎ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

‌കൊച്ചി > ശ്രീലങ്കയിലേതിന‌ു സമാനമായി ദക്ഷിണേന്ത്യയിൽ ഐഎസ് ആക്രമണത്തിന് പദ്ധതിയിട്ട ആറംഗ സംഘത്തിനെതിരെ എൻഐഎ കേസെടുത്തു. ശ്രീലങ്കൻ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു സംശയിക്കുന്ന സഹ്റാൻ ഹാഷിമുമായി രണ്ടുവർഷമായി ഫെയ‌്സ്ബുക്ക് സുഹൃദ്ബന്ധം പുലർത്തിയിരുന്ന ‌കോയമ്പത്തൂർ ഉക്കടം സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീൻ (32) അടക്കമുള്ളവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ‌്തത്.

എറണാകുളം പ്രത്യേക എൻഐഎ കോടതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ എൻഐഎയുടെ കൊച്ചി, തമിഴ്നാട് യൂണിറ്റുകൾ സംയുക്തമായി കോയമ്പത്തൂരിലെ ഏഴിടങ്ങളിൽ പരിശോധന നടത്തി. 14 മൊബൈൽ ഫോണുകൾ, 29 സിം കാർഡ‌്, 10 പെൻഡ്രൈവ‌്, മൂന്ന‌് ലാപ‌്ടോപ‌്, ആറ‌് മെമ്മറി കാർഡ‌്, നാല‌് ഹാർഡ‌് ഡിസ‌്ക‌് ഡ്രൈവ‌്, ഒരു ഇന്റർനെറ്റ‌് ഡോങ്കിൾ, 13 സിഡി–-ഡിവിഡികൾ എന്നിവ കണ്ടെത്തി. ഇവയ‌്ക്ക‌ു പുറമെ ഒരു കത്തി, ഇലക‌്ട്രിക‌് ബാറ്റൺ, 300 എയർഗൺ പെല്ലറ്റ‌്, പോപ്പുലർ ഫ്രണ്ട‌്–-എസ‌്ഡിപിഐ ലഘുലേഖകൾ ഉൾപ്പെടെ വിവിധ രേഖകൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട‌്.

അസ്ഹറുദ്ദീന് പുറമെ സൗത്ത് ഉക്കടം അൽ അമീൻ കോളനിയിൽ വൈ ഷേഖ‌്  ഹിദായത്തുല്ല, കുനിയാംതൂർ സ്വദേശി എം അബൂബക്കർ, കരിമ്പുകടൈ ആസത്ത് നഗർ സ്വദേശി സദ്ദാം ഹുസൈൻ, മാണിയതോട്ടം സ്വദേശി ഇബ്രാഹിം ഷഹിൻ, തിരുമറൈ നഗറിൽ അക്രം സിന്ധ എന്നിവർക്കെതിരെയാണ‌് കേസ‌്. പ്രതികളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് സമൻസ് അയച്ചിട്ടുണ്ട്.

ശ്രീലങ്കൻ ആക്രമണവുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിൽനിന്ന് ലഭിച്ച ഇന്ത്യൻ ബന്ധങ്ങളാണ് തമിഴ്നാട്ടിൽ ഐഎസ് റിക്രൂട്ടിങ് നടക്കുന്നുവെന്ന സംശയമുണ്ടാക്കിയത്. ഇതേത്തുടർന്നാണ് മുഹമ്മദ് അസ്ഹറുദ്ദീൻ സഹ്റാൻ ഹാഷിമുമായി ഫെയ‌്സ്ബുക്കിലൂടെ ബന്ധം സ്ഥാപിച്ചിരുന്നതായി സ്ഥിരീകരിച്ചത്. അസ്ഹർ തന്നെയാണ് തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ഐഎസ് സംഘമുണ്ടാക്കിയതെന്നും എൻഐഎ പറയുന്നു. സമാനമനസ്കരെ കണ്ടെത്താൻ തമിഴ്നാട്ടിൽ ഓൺലൈൻ ക്യാമ്പയിൻ നടത്തിയതായും പറയുന്നു. തമിഴ്നാട്ടിലെയും കേരളത്തിലെയും ആരാധനാലയങ്ങൾ ആക്രമിക്കുകയായിരുന്നു കോയമ്പത്തൂർ കേന്ദ്രമായി രൂപീകൃതമായ ഐഎസ് സംഘത്തിെന്റെ ലക്ഷ്യമെന്നും എൻഐഎ പറയുന്നു. മുഹമ്മദ് അസ്ഹറുദ്ദീനുമായി ബന്ധപ്പെട്ട കേരളത്തിലെ ചിലരെയും എൻഐഎ തെരയുന്നുണ്ട്. നേരത്തെ സഹ്റാൻ ഹാഷിമുമായി ബന്ധം പുലർത്തിയിരുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറെ അറസ്റ്റ് ചെയ്തിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top