20 September Sunday

സ്വര്‍ണക്കടത്ത്: രണ്ടുപേരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

കൊച്ചി> നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ രണ്ടുപേരെ കൂടി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ സ്വദേശി കെ ടി ഷറഫുദീന്‍(38), മണ്ണാര്‍ക്കാട് സ്വദേശി ഷെഫീഖ്(31) എന്നിവരെയാണ് പിടികൂടിയത്. ഇതോടെ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തവരുടെ എണ്ണം 12 ആയി.

എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും നാലു ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണിയായ കെ ടി റമീസ് കേരളത്തിലില്ലാത്ത ദിവസങ്ങളില്‍ സന്ദീപ് നായരില്‍ നിന്ന് കടത്ത് സ്വര്‍ണം കൈപ്പറ്റിയിരുന്നത് ഷറഫുദീനും ഷെഫീഖുമായിരുന്നു. സന്ദീപില്‍ നിന്ന് അഞ്ച് പ്രാവശ്യം ഇവര്‍ സ്വര്‍ണം കൈപ്പറ്റി. ഈ സ്വര്‍ണം റമീസ് നിര്‍ദേശിക്കുന്ന ആളുകളിലെത്തിക്കുന്നതും ഇരുവരുമായിരുന്നു.

റമീസുമായി അടുത്ത ബന്ധമുള്ള ഇവരെ വീടുകളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കെ ടി റമീസ്, എ എം ജലാല്‍, പി ടി അബ്ദു, മുഹമ്മദ് ഷാഫി എന്നിവരെയും മൂന്ന് ദിവസത്തേക്ക് എന്‍ഐഎയുടെ കസ്റ്റഡിയില്‍ നല്‍കി. എല്ലാവരേയും നാലു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മദലി, മുഹമ്മദലി ഇബ്രാഹിം എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ അപേക്ഷ  അടുത്ത ദിവസം പരിഗണിക്കും.

റമീസാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണിയെന്ന് എന്‍ഐഎ ആവര്‍ത്തിച്ചു. ലോക്ഡൗണ്‍ കാലത്ത് പരമാവധി അളവില്‍ സ്വര്‍ണം കടത്താനായിരുന്നു റമീസിന്റെ നിര്‍ദേശം. കാന്‍സര്‍ രോഗിയായ സെയ്ത് അലവിയെ കസ്റ്റഡിയില്‍ വാങ്ങില്ല. പണം നിക്ഷേപിച്ചവരില്‍ ഒരാളായ ഇയാളില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍ഐഎ അധികൃതര്‍ പറഞ്ഞു. യുഎഇയില്‍ സ്വര്‍ണം വാങ്ങാന്‍ ഹവാല പണം കൈപ്പറ്റിയിരുന്നത് മൂവാറ്റുപുഴ സ്വദേശി റബിന്‍സ് ഹമീദാണ്. ഇയാള്‍ക്കായി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിക്കാന്‍ കോടതിയെ സമീപിക്കും.

എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ 14 പ്രതികളില്‍ 12 പേരും പിടിയിലായി. പ്രതികളായ ഫൈസല്‍ ഫരീദും റബിന്‍സും യുഎഇയിലാണ്. ഭീമമായ തോതില്‍ സ്വര്‍ണം കടത്തിയത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിച്ചുവെന്നും കേസിലെ ഭീകരവാദ ബന്ധം തെളിയിക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top