02 July Thursday

ദേശീയപാത വികസനം: രണ്ടാംഘട്ടത്തിനും അംഗീകാരം ; അനുമതി ‌ ചെങ്ങള–നീലേശ്വരം റീച്ചിന്‌

റഷീദ‌് ആനപ്പുറംUpdated: Tuesday May 19, 2020


ദേശീയപാത വികസനത്തിനുള്ള രണ്ടാം ഘട്ടത്തിനും അനുമതിയായി. 37.268 കിലോമീറ്റർ ദൈർഘ്യമുള്ള ചെങ്ങള–- നീലേശ്വരം റീച്ചിനാണ്‌‌ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിനു കീഴിലുള്ള സ്റ്റാൻഡിങ്‌‌ ഫിനാൻസ്‌ കമ്മിറ്റിയുടെ അനുമതി ലഭിച്ചത്‌. 1107.56 കോടിയാണ്‌ ചെലവ്‌. ആദ്യഘട്ടമായ തലപ്പാടി–- ചെങ്ങള റീച്ചിന്‌ നേരത്തെ അനുമതി ലഭിച്ചിരുന്നു. ദേശീയപാത ഹൈബ്രീഡ്‌ അന്യൂറ്റി മോഡിൽ 45 മീറ്റർ വീതിയിൽ ആറുവരിയായി വികസിപ്പിക്കുന്നതാണ്‌ പദ്ധതി. മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്തുമന്ത്രി ജി സുധാകരന്റെയും നിരന്തരമായ ഇടപെടലാണ്‌ ഫലം കണ്ടത്‌. 

രണ്ടാം ഘട്ടത്തിനായി 40.78 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുക്കുക. ഇതിനായി 509.52 കോടി നൽകും. ഇതിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കും. ഭൂമിയുടെ ഭൂരിഭാഗവും ഏറ്റെടുക്കാനുള്ള നടപടി പൂർത്തിയായി.

ഈ റീച്ചിൽ വരുന്ന ഉപ്പള, ഷിറിയാൽ, മൊഗ്രാൽ പാലങ്ങൾ‌ വീതികൂട്ടി പുനർനിർമിക്കും. സ്റ്റാൻഡിങ്‌‌ ഫിനാൻസ്‌ കമ്മിറ്റിയുടെ അനുമതി ലഭിച്ചതിനാൽ ഇനി ഉത്തരവ്‌ ഇറങ്ങേണ്ട താമസം മാത്രമേയുള്ളൂ ടെൻഡർ നടപടികളിലേക്ക്‌ കടക്കാൻ.

തലപ്പാടിമുതൽ കഴക്കൂട്ടംവരെ 521.81 കിലോമീറ്റർ ദേശീയപാതയാണ്‌ വികസിപ്പിക്കുന്നത്‌. ഇതിൽ 266.22 കിലോമീറ്റർ ദൈർഘ്യമുള്ള എട്ട്‌ പദ്ധതി ഈ വർഷം ആരംഭിക്കാനാണ്‌ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ ഏറെക്കാലമായി സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തിവരികയായിരുന്നു.
 


പ്രധാന വാർത്തകൾ
 Top