21 July Sunday

ദേശീയപാത വികസനം : തടസ്സം നീ​ങ്ങും ; കൂടുതൽ ചർച്ച നടത്തി വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്ന്‌ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019


ന്യൂഡൽഹി
ദേശീയപാത വികസനത്തിൽ കേരളത്തിന്റെ പ്രശ‌്നങ്ങൾ പരിഹരിക്കാൻ പ്രത്യേക പരിഗണന നൽകുമെന്ന‌് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ‌്കരി മുഖ്യമന്ത്രി പിണറായി വിജയന‌് ഉറപ്പുനൽകി. കേന്ദ്രമന്ത്രിയുമായി ഒരു മണിക്കൂറോളം നീണ്ട ചർച്ചയിൽ ഒട്ടേറെ നിർദേശങ്ങൾ ഉയർന്നുവന്നെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചില നിർദേശങ്ങൾ എളുപ്പത്തിൽ അംഗീകരിക്കാവുന്നതേയുള്ളൂ. മറ്റുചിലതിന്റെ കാര്യത്തിൽ സംസ്ഥാനത്ത‌് കൂടുതൽ ചർച്ചനടത്തി വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത‌് 600 കിലോമീറ്റർ ദേശീയപാത വികസിപ്പിക്കാൻ 44,000 കോടിരൂപ ചെലവുവരും.ഏറ്റെടുക്കുന്ന ഭൂമിക്ക‌് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച‌് നാല‌് മടങ്ങുവരെ അധികവിലയാണ‌് കേരളത്തിൽ നൽകേണ്ടിവരുന്നത‌്. ഈ പ്രശ‌്നം മുമ്പ‌് ചർച്ചചെയ‌്ത‌് പരിഹരിച്ചതാണ‌്. എന്നാൽ, ഉയർന്ന ഭൂമിവിലയുടെ വിഷയത്തിൽ ദേശീയപാത അതോറിറ്റി വീണ്ടും തടസ്സവാദങ്ങൾ ഉയർത്തുന്നു. ഭൂമി ഏറ്റെടുക്കാനുള്ള  പണം സംബന്ധിച്ച നിർദേശങ്ങൾ സംസ്ഥാനത്ത‌്  ചർച്ചചെയ്യേണ്ടതുണ്ട‌്.  കേരളത്തിന്റെ ദേശീയപാത വികസനം യാഥാർഥ്യമാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബന്ധമാണെന്ന‌് കേന്ദ്രമന്ത്രി വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top