15 November Friday

ശബരിമലയിലെ സംയുക്ത സർവേ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019


കൊച്ചി
ശബരിമലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭൂമിയിൽ റവന്യു(ദേവസ്വം) വകുപ്പിന്റെ നിർദേശപ്രകാരം നടത്തുന്ന സംയുക്ത സർവേ ഹൈക്കോടതി ദേവസ്വം ബെഞ്ച് തടഞ്ഞു. വനം, റവന്യു, ദേവസ്വം വകുപ്പുകൾ സംയുക്തമായി ആഗസ്റ്റ് 12 മുതൽ സർവേ നടത്തണമെന്ന പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ സർവേ ആരംഭിച്ചത്.

ബോർഡിന്റെ ഭൂമി കണ്ടെത്താൻ സംയുക്ത സർവേ നടത്തണമെന്ന വർഷങ്ങൾക്ക് മുമ്പുള്ള ഉത്തരവ് നിലവിലിരിക്കെ എന്തിനാണ് പുതിയ സർവേയെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു. തുടർന്നാണ് പുതിയ സർവേ നടപടി ഈ മാസം 29 വരെ തടഞ്ഞത്. തീരുമാനത്തിൽ അധികൃതരുടെ വിശദീകരണവും തേടി. സംയുക്ത സർവേ ആഗസ്റ്റ് 12ന് തുടങ്ങി ഒരു മാസത്തിനകം പൂർത്തിയാക്കണമെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്.

ഇത്‌ കോടതി വിധിയുടെ ലംഘനമാണെന്ന് മുൻ കേസിലെ അഡ്വക്കറ്റ് കമീഷണറായ എ എസ് പി കുറുപ്പ് കോടതിയെ അറിയിച്ചു. അഡ്വക്കറ്റ് കമീഷണറായ ശേഷം റവന്യു, വനം, ദേവസ്വം, സർവേ വകുപ്പുകളുടെയും സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. സർവേ ഡയറക്ടറുടെ നേതൃത്വത്തിൽ സർവേയ്‌ക്ക് പ്രത്യേക സംഘമുണ്ടാക്കി. ശബരിമല സന്നിധാനം, കുന്നാർ, പമ്പ എന്നിവിടങ്ങളിലും മറ്റു പ്രദേശങ്ങളിലും സർവേ നടത്തി സ്‌കെച്ചടക്കം 16 ഇടക്കാല റിപ്പോർട്ടുകൾ നൽകി.

നിലക്കലിലെ സർവേ പൂർത്തിയാകാറായി. സന്നിധാനത്തെ സർവേ സംബന്ധിച്ച രണ്ടു റിപ്പോർട്ടുകളോട് വനംവകുപ്പും ദേവസ്വം വകുപ്പും എതിർപ്പ് പറഞ്ഞിട്ടുണ്ട്. ഇത് കോടതി പരിശോധിക്കുകയാണ്. അതിനിടയിലാണ് പുതിയ തീരുമാനമെന്നും എ എസ് പി കുറുപ്പ് അറിയിച്ചു.


പ്രധാന വാർത്തകൾ
 Top