29 February Saturday

സംസ്ഥാന അധ്യാപക കായികോത്സവം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020



കൊല്ലം
കെഎസ്‌ടിഎ സംഘടിപ്പിക്കുന്ന അധ്യാപകരുടെ സംസ്ഥാന കായികമേളയ്ക്ക് കൊല്ലത്ത്‌ ആവേശത്തുടക്കം. ഫെബ്രുവരി ഏഴുമുതൽ 11 വരെ ആലപ്പുഴയിൽ
നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് അനുബന്ധമായാണ് കായികമേള. ശനിയാഴ്ച ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ നടന്നു. ലാൽ ബഹദൂർ സ്റ്റേഡിയം, ആശ്രാമം മൈതാനം, നാസ ഇൻഡോർ കോർട്ട് എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ. 

ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ കായികമേള ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ ജെ ഹരികുമാർ അധ്യക്ഷനായി. മാർച്ച്‌ പാസ്റ്റിൽ  സംസ്ഥാന ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ സല്യൂട്ട് സ്വീകരിച്ചു. ദേശീയ കായികതാരം സയിന കായികജ്യോതി പ്രയാണത്തിന് നേതൃത്വം കൊടുത്തു. കെ സി ഹരികൃഷ്ണൻ ജ്യോതി ഏറ്റുവാങ്ങി. കലാകായിക വേദി കൺവീനർ ബി സുരേഷ് സ്വാഗതവും കെഎസ്ടിഎ സംസ്ഥാന ട്രഷറർ മദനമോഹനൻ നന്ദിയുംപറഞ്ഞു.

ഫുട്ബാൾ മത്സരത്തിൽ തിരുവനന്തപുരം, കാസർകോട്‌ ജില്ലാ ടീമുകൾ ഏറ്റുമുട്ടി. എം നൗഷാദ് എംഎൽഎ കായികതാരങ്ങളെ പരിചയപ്പെട്ടു. പട്ടത്താനം നാസ ഇൻഡോർ കോർട്ടിൽ നടന്ന ഷട്ടിൽ മത്സരത്തിൽ കൊല്ലത്തെ തോൽപ്പിച്ച്‌ തൃശൂരും വോളിബോളിൽ കണ്ണൂരിനെ തോൽപ്പിച്ച്‌ മലപ്പുറവും ജേതാക്കളായി. ഗെയിംസ്  മത്സരങ്ങളുടെ ഫൈനൽ, അത്‌ലറ്റിക്  എന്നിവ ഞായറാഴ്ചയാണ്‌. സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനംചെയ്യും.
 


പ്രധാന വാർത്തകൾ
 Top