05 December Thursday

ധർമടത്തും കോഴിക്കോട്ടും നാളികേര പാർക്ക്‌: മന്ത്രി ഇ പി

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2019


കോഴിക്കോട്‌
കണ്ണൂരിലെ ധർമടത്തും കോഴിക്കോട്ടും നാളികേര പാർക്ക്‌ സ്ഥാപിക്കുമെന്ന്‌ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.  നൂറ്‌ ഏക്കർ വീതം ഏറ്റെടുത്താണ്‌ രണ്ട്‌ നാളികേര പാർക്കുകൾ സ്ഥാപിക്കുക.  കിൻഫ്ര വഴി ഭൂമി ഏറ്റെടുത്ത്‌  സ്ഥാപിക്കുന്ന പാർക്കുകളിൽ നാളികേരാധിഷ്‌ഠിത ഉൽപ്പന്നങ്ങൾ നിർമിക്കുന്ന വ്യവസായങ്ങളാണ്‌ ആരംഭിക്കുക. പാർക്കിൽ വ്യവസായങ്ങൾ തുടങ്ങുന്നവർക്ക്‌ സാമ്പത്തിക സഹായമടക്കം ലഭ്യമാക്കും–-അന്താരാഷ്‌ട്ര നാളികേര സമ്മേളന സമാപനത്തോടനുബന്ധിച്ച്‌ നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

നാളികേര സമ്മേളനം കേരളത്തിൽ തെങ്ങുകൃഷിയിലും അധിഷ്‌ഠിത വ്യവസായ വികസനത്തിലും വലിയ ഉണർവ്‌ പകരും.  വിദേശികളടക്കം നിരവധി സംരംഭകർ നാളികേരാധിഷ്‌ഠിത വ്യവസായ വികസനത്തിന്‌ സന്നദ്ധത അറിയിച്ചു.  ഗ്രീൻനട്ട്‌ ഇന്റർനാഷണൽ, ഇൻഡ്‌കാർബ്‌ ആക്ടിവേറ്റഡ്‌ കാർബൺ,  കൊടിയത്തൂർ സർവീസ്‌ സഹകരണ ബാങ്ക്‌,  കടത്തനാട്‌ കോക്കനട്ട്‌ പ്രൊഡ്യൂസർ കമ്പനി,   പുതുപ്പാടി സർവീസ്‌ സഹകരണ ബാങ്ക്‌ എന്നിവ ഇതിൽ ചിലതാണ്‌.

സർക്കാരിന്റെ വാണിജ്യമിഷൻ നാളികേര വ്യവസായ യൂണിറ്റുകൾക്ക്‌ വിപണന–-സാങ്കേതിക സഹായം ലഭ്യമാക്കുന്നതാണ്‌. കാർഷിക സർവകലാശാല, മറ്റ്‌ ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി  സഹകരിച്ച്‌ ഗുണനിലവാര പരിശോധനാ സൗകര്യം നൽകുമെന്നും -മന്ത്രി പറഞ്ഞു. ആസൂത്രണ ബോർഡ്‌ വൈസ്‌ ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, ആസൂത്രണ ബോർഡംഗം ഡോ. ആർ രാമകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top