22 August Thursday

ഓഖി കാലത്ത‌് തിരിഞ്ഞുനോക്കാത്ത ആന്റണി ; തീരദേശം അവഗണിച്ചപ്പോൾ ‘തടയൽ പ്രചാരണം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019


ഓഖി ദുരന്തത്തിൽ തീരദേശം തോരാ കണ്ണീരണിഞ്ഞപ്പോൾ തിരിഞ്ഞുനോക്കാത്ത മുതിർന്ന കോൺഗ്രസ‌് നേതാവ‌് എ കെ ആന്റണി തെരഞ്ഞെടുപ്പ‌് റോഡ‌്ഷോയുടെ പേരിൽ വിവാദമുണ്ടാക്കി മുതലെടുപ്പിന‌് ശ്രമിച്ചത‌് തിരിഞ്ഞുകുത്തുന്നു. ഓഖി ചുഴലിക്കൊടുങ്കാറ്റിൽ  ജില്ലയിലെ തീരങ്ങളിൽ മാത്രം നഷ്ടപ്പെട്ടത‌് നൂറ്റമ്പതോളം  മത്സ്യത്തൊഴിലാളികളുടെ ജീവനാണ‌്.

ജീവിതമാർഗമായ വള്ളവും വലയും നഷ്ടപ്പെട്ട‌് ആയിരത്തോളം തൊഴിലാളികൾ വഴിയാധാരവുമായി. തലസ്ഥാന നഗരത്തിന്റെ കണ്ണെത്തും ദൂരത്തുള്ള വലിയതുറ, ചെറിയതുറ കണ്ണാന്തുറ, വിഴിഞ്ഞം തുടങ്ങിയ തീരങ്ങളിലെല്ലാം ഉറ്റവരെ കണ്ടെത്താൻ കഴിയാതെ കൂട്ട നിലവിളി ഉയർന്നപ്പോൾ നാട്‌ ഒറ്റമനസോടെ രക്ഷാപ്രവർത്തനത്തിലായിരുന്നു. സർക്കാരും സൈന്യവും സാമൂഹ്യസംഘടനകളും ഒന്നിച്ച‌് രക്ഷാപ്രവർത്തനങ്ങളിൽ മുഴുകി. നഗരത്തിൽ താമസക്കാരനായ എ കെ ആന്റണി ഒരിക്കൽ പോലും ഓഖി ദുരിതത്തിലകപ്പെട്ട കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ തീരദേശത്ത‌് പോയില്ല. അവരെ ആശ്വസിപ്പിക്കാൻ ഒരു യാത്രയും തീരങ്ങളിലൂടെ ആന്റണി നടത്തിയില്ല.

എന്നാൽ പാർലമെന്റ‌് തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമാപനദിവസം തീരദേശംവഴി എ കെ ആന്റണി റോഡ‌് ഷോയുമായി വന്നതുതന്നെ ദുരുദ്ദേശ്യപരമായിരുന്നു. ദുരന്തകാലത്ത‌് തങ്ങളെ തിരിഞ്ഞുനോക്കാത്ത ആന്റണിയെ മത്സ്യത്തൊഴിലാളികൾ അവഗണിച്ചതോടെ റോഡ‌് ഷോ നിറംകെട്ടു. എന്നാൽ യാത്ര തടഞ്ഞുവെന്ന‌് വ്യാജപ്രചാരണം നടത്തിയാൽ മുതലെടുക്കാമെന്ന‌് ആന്റണിയും യുഡിഎഫും കണക്കു കൂട്ടി.  

മീൻ മണം തനിക്ക‌് ഓക്കാനമുണ്ടാക്കുന്നതാണ‌് എന്ന‌് പറഞ്ഞ‌് സ്വന്തം മണ്ഡലത്തിലെ മത്സ്യത്തൊഴിലാളികളെ ലോകത്തിനു മുന്നിൽ അപമാനിച്ച‌് തലസ്ഥാനത്ത‌് തോൽവി ഉറപ്പാക്കിയ ശശിതരൂരിന‌്  അൽപമെങ്കിലും രക്ഷകിട്ടുമെന്ന വക്രബുദ്ധിയായിരുന്നു, തടയൽ പ്രചാരണം. വേളിയിൽ എൽഡിഎഫും യുഡിഎഫും നടത്തിയ റോഡ‌് ഷോ മുഖാമുഖമെത്തിയപ്പോഴുണ്ടായ ഗതാഗതക്കുരുക്ക‌് തടയലായി ആന്റണി ചിത്രീകരിച്ചു.

ആന്റണി പറഞ്ഞത‌് യുഡിഎഫ‌് അനുകൂല മാധ്യമങ്ങൾ അപ്പാടെ വിഴുങ്ങുകയും ചെയ‌്തു.  ഗതാഗത തടസ്സം ഒഴിവാക്കി ആന്റണിയുടെ വാഹനം കടത്തിവിടാൻ ശ്രമിക്കുമ്പോൾ ആന്റണി ഉൾപ്പെടെയുള്ള നേതാക്കൾ വാഹനത്തിൽനിന്ന‌് ഇറങ്ങി നടന്നുപോയി. ഒരു ഗതാഗതക്കുരുക്കിൽ പെട്ടത‌് ജീവിതത്തിലെ വലിയ ദുരനുഭവമായി ആന്റണി ചിത്രീകരിച്ചു. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കലായി പ്ര‌സ‌്താവനയും ഇറക്കി.

എന്നാൽ ഇതേ വേളിയിൽ ഓഖി ദുരന്തകാലത്ത‌് രക്ഷാപ്രവർത്തനം കോൺഗ്രസുകാർ തടസ്സപ്പെടുത്തിയപ്പോൾ ഇത്തരമൊരു പ്രസ‌്താവനയ‌്ക്ക‌് ആന്റണിയെ കണ്ടില്ല. ഓഖി ദുരന്തത്തിൽ പരിക്കേറ്റവരെയും ഉറ്റവരെ കാണാതെ ബോധരഹിതരായി വീണ അമ്മമാരെയുമെല്ലാമായി ആശുപത്രിയിലേക്ക‌് ഒന്നൊന്നായി ആംബുലൻസുകൾ പാഞ്ഞുകൊണ്ടിരുന്ന വഴിയിലാണ‌് ദുരന്തത്തിനിടെ മുതലെടുപ്പിനായി ഒരു വിഭാഗം മത്സ്യത്തൊഴിലാളികളെ വഴിയിലിറക്കി കോൺഗ്രസുകാർ റോഡ‌് തടഞ്ഞത‌്. 

24 മണിക്കൂറും മത്സ്യത്തൊഴിലാളികൾക്കൊപ്പം ഉറങ്ങാതെ രക്ഷാ പ്രവർത്തനത്തിൽ മുഴുകിയ സംസ്ഥാന  സർക്കാരും  മന്ത്രിമാരും ഉദ്യോഗസ്ഥരും രാഷ്ട്രീയ ഭേദമന്യേ അംഗീകരിക്കപെട്ടിരുന്നു. സർക്കാരിനോടുള്ള തീരദേശത്തിന്റെ കടപ്പാടും സ‌്നേഹവും എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണ പ്രവർത്തനങ്ങളിൽ പ്രതിഫലിച്ചിട്ടുമുണ്ട‌്.


പ്രധാന വാർത്തകൾ
 Top