25 March Saturday
ടിക്കറ്റ്‌ നിരക്ക്‌ കൂട്ടിയത്‌ തിരിച്ചടി ; ടിക്കറ്റ്‌ നിരക്കിൽ സർക്കാരിന്‌ പങ്കില്ല

കളിക്കും കാണികൾക്കുമൊപ്പം സർക്കാർ , കാണികൾ കുറഞ്ഞത്‌ സംഘാടകരുടെ പിടിപ്പുകേട്‌ : മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2023

ആളൊഴിഞ്ഞ ഗ്രീൻഫീൽഡിൽ 
വിരാട് കോഹ്ലി ബാറ്റിങ്ങിനിടെ


തിരുവനന്തപുരം
സർക്കാർ എക്കാലവും കളിയ്ക്കും കായികതാരങ്ങൾക്കും കളിയാസ്വാദകർക്കും  ഒപ്പമാണെന്ന്‌ കായികമന്ത്രി വി അബ്‌ദുറഹിമാൻ  പറഞ്ഞു.
ഇവിടെ നടക്കുന്ന മുഴുവൻ കായികമത്സരങ്ങൾക്കും അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയുമാണ് സർക്കാർ നൽകിവരുന്നത്. മത്സരങ്ങൾ കൂടുതൽ പേർ കാണുകയും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ മികച്ച താരങ്ങൾ ഉയർന്നുവരണമെന്നുമാണ്‌ സർക്കാർ നിലപാട്‌.  
ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ പൂർണ്ണമായും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) നിയന്ത്രണത്തിലും ഉത്തരവാദിത്വത്തിലുമാണ് നടക്കുന്നത്. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത് അതത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളാണ്. സംഘാടകർ ആവശ്യപ്പെടുന്ന സൗകര്യങ്ങളും സംവിധാനങ്ങളും ഏർപ്പെടുത്തി കൊടുക്കുന്ന ചുമതല മാത്രമാണ് സർക്കാരിനുള്ളത്. മത്സര നടത്തിപ്പിലോ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിലോ ഒരു പങ്കുമില്ല.

സംസ്ഥാന സ്‌പോട്‌സ് കൗൺസിലിന്റെയും സർക്കാരിന്റെയും നിയമങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കാൻ കഴിയില്ലെന്നും അതിനാൽ അത്തരത്തിൽ ഒരംഗീകാരവും വേണ്ടെന്നും പണ്ടേ അറിയിച്ചിട്ടുള്ളവരാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ. അതിനാൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കു മേൽ സംസ്ഥാന സർക്കാരിന് ഒരു നിയന്ത്രണവുമില്ല. ഉയർന്ന ടിക്കറ്റ് നിരക്ക്‌ ശ്രദ്ധയിൽപ്പെട്ട ഉടൻ കുറയ്ക്കാൻ  ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളോട് ആവശ്യപ്പെട്ടതാണ്. എന്നാൽ, അനുകൂല നടപടി ഉണ്ടായില്ല. ഇക്കാര്യത്തിൽ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് ‘പാവപ്പെട്ടവർ കളി കാണണ്ട എന്നാകും ക്രിക്കറ്റ് ഭാരവാഹികളുടെ നിലപാട്’ എന്ന്‌ മറുപടി പറഞ്ഞതിനെ ‘പട്ടിണിക്കാർ കളി കാണണ്ട’ എന്ന്‌ മന്ത്രി പറഞ്ഞുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.

കാര്യവട്ടത്ത് കാണികൾ വരാതിരുന്നത് മന്ത്രി കാരണമെന്ന്‌ പറയുന്നവർക്ക് നല്ല പ്രചാരം കൊടുക്കാൻ പല മാധ്യമങ്ങളും മത്സരിച്ചു. കാണികൾ കുറഞ്ഞതിന് പ്രധാന കാരണം സംഘാടകരുടെ പിടുപ്പുകേടാണ്. ഈ അബദ്ധം മനസ്സിലായപ്പോൾ ക്രിക്കറ്റ് അസോസിയേഷൻ കുറ്റം മന്ത്രിക്കു മേൽ ചാരി തടിതപ്പാൻ നോക്കുകയാണ്.

മൂന്ന്‌ മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ശ്രീലങ്കയുമായി കളിച്ചത്. ഇതിൽ ആദ്യ രണ്ട് കളി ഇന്ത്യ ജയിച്ചതോടെ മൂന്നാം മത്സരം അപ്രസക്തമായി. അതോടെ കളി ആസ്വദിക്കുന്നവർക്ക് താൽപ്പര്യം കുറയും. ട്വന്റി20 മത്സരം കാണുന്നതു പോലെ ഇപ്പോൾ ഏകദിനത്തിന് ആളു കൂടാറില്ല. അല്ലെങ്കിൽ അത്ര ആവേശകരമായ സാഹചര്യമായിരിക്കണം. കടുത്ത വെയിലും ചൂടും മറ്റൊരു കാരണമായി.

ഇതെല്ലാം മറച്ചുവെച്ച്, മന്ത്രിക്കു നേരെ ആക്ഷേപവുമായി വരുന്നവരുടെ ലക്ഷ്യം വ്യക്തമാണ്. കാര്യവട്ടത്ത് കളി കാണാൻ ആളു കയറാതിരുന്നതിന് സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നവർ യഥാർത്ഥ പ്രതികളെ വെള്ളപൂശാൻ കാണിക്കുന്ന തിടുക്കം കാണുമ്പോൾ എന്തോ ഒരു പന്തികേടും തോന്നുന്നു. കളിയും കളിക്കാരും കാണികളുമാണ് പ്രധാനം. അവർക്കു വേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നത്. വസ്തുതകൾ ജനങ്ങൾക്കു മുന്നിലുണ്ട്. അവർ തീരുമാനിക്കട്ടെയെന്ന്‌ മന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ടിക്കറ്റ്‌ നിരക്ക്‌ കൂട്ടിയത്‌ തിരിച്ചടി
ഗ്രീൻഫീൽഡ്‌ ഏകദിനത്തിന്‌ ടിക്കറ്റ്‌ നിരക്ക്‌ കൂട്ടിയത്‌ തിരിച്ചടിയായി. വൻകിട മെട്രോ നഗരങ്ങളിലെ സ്‌റ്റേഡിയങ്ങളിൽ ഈടാക്കുന്ന നിരക്കിനേക്കാൾ കൂടുതലാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ നിശ്ചയിച്ചത്. അപ്പർ ടയറിന്‌ 1000 രൂപയും ലോവർ ടയറിന്‌ 2000 രൂപയുമായിരുന്നു. ജിഎസ്‌ടിയും വിനോദനികുതിയും വേറെയും.

കൊൽക്കത്തയിൽ നടന്ന രണ്ടാം ഏകദിനത്തിന് 650 രൂപയാണ് കുറഞ്ഞ നിരക്ക്. അവിടെ മുഴുവൻ ടിക്കറ്റും വിറ്റുപോയി. കൂടുതൽപേർ കാണാനാഗ്രഹിക്കുന്ന ട്വന്റി20 മത്സരത്തിന് മുംബൈയിൽ 700 രൂപയായിരുന്നു. പുണെയിൽ 800ഉം. ന്യൂസിലൻഡുപോലെ ശക്തമായ ടീമിനെതിരെ 18ന് ഹൈദരാബാദിൽ നടക്കുന്ന ഏകദിനത്തിന് 850 രൂപയാണ് കുറഞ്ഞ നിരക്ക്.  കാര്യവട്ടത്ത് കളി നടക്കുമ്പോൾ നിയമപ്രകാരം വിനോദനികുതി ഇനത്തിൽ 50 മുതൽ 24 ശതമാനംവരെ കോർപറേഷന് നൽകണം. ഇത്തവണ അത് 12 ശതമാനമായി കുറച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top