12 August Wednesday

മുസ്ലിംലീഗ്‌ ജില്ലാകമ്മിറ്റി ; അഴിച്ചുപണിയണമെന്ന്‌ അന്വേഷണസമിതി

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020


കൊച്ചി
മുസ്ലിംലീഗ്‌ എറണാകുളം ജില്ലാ കമ്മിറ്റിയിൽ അടിമുടി അഴിച്ചുപണി ശുപാർശ ചെയ്‌ത്‌ രണ്ടംഗ അന്വേഷണസമിതിയുടെ റിപ്പോർട്ട്‌ ലീഗ്‌ ഉന്നതാധികാരസമിതിക്ക്‌ സമർപ്പിച്ചു. വി കെ ഇബ്രാഹിംകുഞ്ഞ്‌ എംഎൽഎക്കും മകനുമെതിരെ എറണാകുളം ജില്ലാ കമ്മിറ്റിയിലെ വിമതപക്ഷം നൽകിയ പരാതിയാണ്‌ ഡോ. എം കെ മുനീർ, ബഷീർ രണ്ടത്താണി എന്നിവർ അന്വേഷിച്ചത്‌. ഇബ്രാഹിംകുഞ്ഞ്‌ വിരുദ്ധർക്ക്‌ വൻ ഭൂരിപക്ഷമുള്ള എറണാകുളം ജില്ലാ കമ്മിറ്റിയുടെ തലപ്പത്ത്‌ ഉൾപ്പെടെ മാറ്റം നിർദേശിച്ചാണ്‌ സമിതി റിപ്പോർട്ട്‌.

ഇബ്രാഹിംകുഞ്ഞിനെതിരെ ഉയർന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിനുപിന്നിൽ ജില്ലാ കമ്മിറ്റിയിലെ വിമതവിഭാഗം തന്നെയാണെന്നാണ്‌ സമിതിയുടെയും കണ്ടെത്തൽ. ഇതിനായി സംസ്ഥാനതലത്തിൽ ഗൂഢാലോചന നടന്നതായും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. ഇബ്രാഹിംകുഞ്ഞിനെയും മകനെയും എല്ലാ പാർടി ചുമതലകളിൽനിന്നും ഒഴിവാക്കണമെന്ന ആവശ്യം സമിതി പരിഗണിച്ചില്ല. എന്നാൽ ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ മകനെ നീക്കണമെന്ന്‌ നിർദേശിക്കുന്നുവെങ്കിലും പകരം അടുത്ത അനുയായി ടി എം അബ്ബാസിനെ ജില്ലാ ജനറൽ സെക്രട്ടറിയാക്കണമെന്നാണ്‌ ശുപാർശ. ഇബ്രാഹിംകുഞ്ഞിന്റെ താൽപ്പര്യപ്രകാരം ജില്ലാ കമ്മിറ്റിയിലെ വിമതരിൽ പ്രധാനികൾക്കെതിരെ അച്ചടക്ക നടപടിയും സമിതി നിർദേശിച്ചതായി സൂചനയുണ്ട്‌.

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ  ഇബ്രാഹിംകുഞ്ഞ്‌ പത്തുകോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ്‌ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന്‌ പരാതി നൽകിയത്‌. കേസ്‌ പിൻവലിപ്പിക്കാൻ ഇബ്രാഹിംകുഞ്ഞും മകനും ശ്രമിച്ചതായി കേസിലെ പരാതിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം കെ എസ്‌ ഹംസ, ജില്ലാ സെക്രട്ടറി ഹംസ പാറക്കാട്ട്‌, എസ്‌ടിയു ജില്ലാ സെക്രട്ടറി ടി എസ്‌ അബൂബക്കർ, വൈസ്‌ പ്രസിഡന്റ്‌ പി എം എ ലത്തീഫ്‌, യൂത്ത്‌ ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി എ അഹമ്മദ്‌ കബീർ എന്നിവരാണ്‌ കള്ളപ്പണക്കേസ്‌  കുത്തിപ്പൊക്കിയതെന്നാണ്‌ ഇബ്രാഹിംകുഞ്ഞ്‌  പക്ഷത്തിന്റെ ആരോപണം. ‌ധാരണയിലെത്താൻ പരാതിക്കാരനുമായി ഒപ്പുവയ്‌ക്കാൻ തയ്യാറാക്കിയ കരാറിലും ഇ‌ക്കാര്യം പറയുന്നു. ഇത്‌ പാർടിക്ക്‌ അപകീർത്തിയായെന്നാണ്‌ ജില്ലാ കമ്മിറ്റിയുടെ പരാതി. സംസ്ഥാന നേതൃത്വം ഇബ്രാഹിംകുഞ്ഞിനുവേണ്ടി നടത്തിയ അനുരഞ്ജന നീക്കങ്ങൾ പരാജയപ്പെട്ടപ്പോഴാണ്‌ രണ്ടംഗ സമിതിയെ അന്വേഷണത്തിന്‌ നിയോഗിച്ചത്‌.  പതിനെട്ട്‌ അംഗ ജില്ലാ കമ്മിറ്റിയിൽ 12 പേരും വിമതപക്ഷത്താണ്‌. മലപ്പുറം ലീഗ്‌ഹൗസിൽ ഇരുപക്ഷത്തെയും വിളിച്ച്‌ രണ്ടംഗസമിതി മൊഴിയെടുത്തിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top