21 October Wednesday
സ്‌കൂൾ ജൂലൈക്ക്‌ ശേഷം

അന്തർജില്ലാ ബസ്‌‌; ബസിൽ മുഴുവൻ സീറ്റിലും ഇരിക്കാം; പഴയ ടിക്കറ്റ്‌ നിരക്ക് , സാനിറ്റൈസർ വേണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


തിരുവനന്തപുരം
ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ. പരിമിതമായ തോതിൽ അന്തർജില്ലാ ബസ്‌യാത്രയ്‌ക്ക്‌ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊട്ടടുത്ത രണ്ട്‌ ജില്ലകൾക്കിടയിലാകും സർവീസ്‌. 

മുഴുവൻ സീറ്റിലും ഇരിക്കാം. സുരക്ഷാമാനദണ്ഡം പൂർണമായി പാലിക്കണം. യാത്രക്കാർ മാസ്‌ക്‌ ധരിക്കണം. ബസിന്റെ വാതിലിന്‌ അരികിൽ സാനിറ്റെസർ സൂക്ഷിക്കണം. പഴയ ടിക്കറ്റ്‌ നിരക്ക്‌ തന്നെയാകും ഇടാക്കുക. നേരത്തെ പകുതി സീറ്റിൽ മാത്രം യാത്രക്കാരെ അനുവദിച്ചപ്പോൾ 50 ശതമാനം നിരക്ക്‌ വർധിപ്പിച്ചിരുന്നു.
വിദ്യാലയങ്ങൾ തുറക്കുന്നത്‌ ജൂലൈയിലോ അതിന്‌ ശേഷമോ ആയിരിക്കും. ഇക്കാര്യത്തിൽ കേന്ദ്രവുമായി ചർച്ച നടത്തും.

ഗുരുവായൂരിൽ വിവാഹത്തിന്‌ അനുമതി
ഗുരുവായൂർ ക്ഷേത്രം, കല്യാണമണ്ഡപം, ഹാളുകൾ എന്നിവിടങ്ങളിൽ 50 പേർ പങ്കെടുത്തുള്ള വിവാഹമാകാം. ഗുരുവായൂരിൽ ഒരുദിവസം എത്ര വിവാഹം നടത്താമെന്ന്‌ ദേവസ്വം ബോർഡ്‌ ഉചിതമായ തീരുമാനമെടുക്കണം. 

സിനിമാഷൂട്ടിങ്‌ ആകാം
സിനിമാഷൂട്ടിങ്ങ്‌ ആരംഭിക്കാം. സ്‌റ്റുഡിയോ, ഇൻഡോർ ഷൂട്ടിങ്ങിനാണ്‌ അനുമതി. പരമാവധി 50 പേർ മാത്രമേ പാടുള്ളൂ. ചാനലുകളുടെ ഇൻഡോർ ഷൂട്ടിങ്ങിന്‌ 25 പേരും.

കാർയാത്രയ്‌ക്ക്‌ 4 പേർ
കാർ യാത്രയ്‌ക്ക്‌ ഡ്രൈവർക്ക്‌ പുറമെ മൂന്ന്‌ യാത്രക്കാരാകാം. ഓട്ടോയിൽ രണ്ട്‌ യാത്രക്കാരും.

കൂട്ടം കൂടൽ അനുവദിക്കില്ല
കൂട്ടം കൂടുന്നത്‌ അനുവദിക്കില്ല. പ്രായമായവർ പുറത്ത്‌ വന്നാൽ റിവേഴ്‌സ്‌ ക്വാറന്റൈൻ പരാജയപ്പെടും. അപകട സാധ്യത വർധിക്കും.ലോക്ഡൗണിൽ നിന്ന് ഘട്ടം ഘട്ടമായി പുറത്തുകടക്കാനുള്ള കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാർ പരിശോധിച്ചു. ചില കാര്യങ്ങളിൽ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കും. നിയന്ത്രണം കടുപ്പിക്കാം എന്നല്ലാതെ സംസ്ഥാനത്തിന്‌ ഇളവ്‌ നൽകാൻ അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top