24 August Saturday

കർഷകർക്ക് നൽകിയ വാഗ്ദാനം ബിജെപി മറന്നു: പിണറായി വിജയൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019


സ്വന്തം ലേഖകന്
തെരഞ്ഞെടുപ്പ് കാലത്ത് കർഷകരെ സഹായിക്കാനെന്ന വ്യാജേന ബിജെപി പ്രഖ്യാപിച്ച ചില ആശ്വാസ പദ്ധതികൾ തട്ടിപ്പാണെന്ന് വ്യക്തമായെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വീണ്ടും അധികാരത്തിൽ വന്നപ്പോൾ ബിജെപി സർക്കാർ കർഷകദ്രോഹ നടപടികൾ ശക്തമാക്കി.

ദുരിതത്തിലായ കർഷകരെ സഹായിക്കാനെന്ന പേരിൽ  പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പോലുള്ളവ പ്രഖ്യാപിച്ചു. കുത്തക മാധ്യമങ്ങൾ  വലിയ പ്രചാരവും നൽകി. എന്തൊക്കെയോ കർഷകർക്ക് ചെയ്യാൻ പോകുന്നു എന്ന പ്രതീതി സൃഷ്ടിക്കലായിരുന്നു ഇതിന്റെ  തന്ത്രം. യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരേണ്ട  മാധ്യമങ്ങളിൽ പലതും ബിജെപി അനുകൂല ജിഹ്വകളായി മാറി.  പ്രഖ്യാപിച്ച പദ്ധതികളെല്ലാം ഇപ്പോൾ എവിടെപ്പോയി എന്നു ചിന്തിക്കണം. ബിജെപി കർഷകരെ വഞ്ചിക്കുകയാണ്. കേരള കർഷക സംഘത്തിന്റെ യുവ കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വലിയ പ്രയാസങ്ങളാണ് കർഷകർ നേരിടുന്നത്. ക്ഷീരകർഷകർ പശുവിനെ വളർത്തി പാലെടുക്കും. പാലെടുക്കാൻ കഴിയാത്ത അവസ്ഥയിലും പശുക്കളെ സംരക്ഷിക്കണമെന്നാണ് ഗോസംരക്ഷണ സേന പറയുന്നത്. പശുവിന്റെ പേരിൽ കർഷകരെ കൊല്ലുന്നത് വ്യാപകമാണ്. കോൺഗ്രസ് ഭരിക്കുന്നിടങ്ങളിലും കർഷകർ ദുരിതത്തിലാണ്. ഓരോ അര മണിക്കൂറിലും ഓരോ കർഷകൻ ആത്മഹത്യ ചെയ്യുന്നു.

1991 മുതൽ രാജ്യം നവ ഉദാരവൽക്കരണ നയം സ്വീകരിച്ചതോടെയാണ് സ്ഥിതി രൂക്ഷമായത്. ഈ നയങ്ങളുടെ ദുരിതം  കൂടുതൽ അനുഭവിക്കുന്നവരാണ് കർഷകർ. ഒരു ഭാഗത്ത് കൃഷിച്ചെലവ് വർധിക്കുമ്പോൾ മറുഭാഗത്ത് ഉൽപ്പന്നങ്ങൾക്ക് ന്യായവില കിട്ടുന്നില്ല. പേറ്റന്റ് വിഷയത്തിലടക്കം ഇതു വ്യക്തമാണ്. ചിപ്സ് ഉണ്ടാക്കാനുള്ള ഉരുളക്കിഴങ്ങിന് ഒരാൾ പേറ്റന്റെടുത്ത് ഇന്ത്യയിലെ കർഷകർ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത് തടയാൻ കേസ് കൊടുത്തു. ഇടതുപക്ഷ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം വഴിയാണ് കർഷകന് നീതി കിട്ടിയത്.

ഈ നിലയിൽ നമ്മുടെ നേന്ത്രവാഴയ്ക്ക്  ആരെങ്കിലും പേറ്റന്റെടുത്താൽ എന്താകും സ്ഥിതി. നവ ഉദാരവൽക്കരണം തുടങ്ങിയ ശേഷം വന്ന ഗാട്ട്, ആസിയാൻ അടക്കമുള്ള കരാറുകളെല്ലാം കർഷക ദ്രോഹമാണ്. എന്നാൽ ഇതിൽനിന്ന്അ പാഠം പഠിക്കാത്ത ബിജെപി സർക്കാർ കർഷകരെ ദ്രോഹിക്കാനുള്ള പുതിയ കരാറിനാണ് നീക്കം നടത്തുന്നതെന്നും പിണറായി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top