03 August Monday

വീട്‌ സ്‌കൂളാക്കാൻ ഹൈടെക്‌ പഠനമുറികൾ; പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും കൗൺസലിങ്‌

എം വി പ്രദീപ്‌Updated: Saturday Jun 20, 2020



വീടുകളിൽ പഠനസൗകര്യമില്ലാത്ത പട്ടികജാതി കുടുംബങ്ങളിലെ എട്ടുമുതൽ 12 വരെ ക്ലാസിലെ കുട്ടികൾക്ക്‌ വീടിനോട്‌ ചേർന്ന്‌ ഹൈടെക്‌ പഠനസൗകര്യം ഒരുക്കും. രണ്ട്‌ ലക്ഷം രൂപവീതം ചെലവിൽ 8500 പഠനമുറികൂടി നിർമിക്കാനാണ്‌ ഉത്തരവായത്‌. വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ്‌ സഹായം ലഭിക്കുക. 

മന്ത്രി എ കെ ബാലന്റെ നിർദേശത്തെതുടർന്നാണ്‌ പഠനമുറി ഒരുക്കാൻ കൂടുതൽ തുക അനുവദിച്ചത്‌‌. സർക്കാർ, എയ്‌ഡഡ്‌, സ്‌പെഷൽ, ടെക്‌നിക്കൽ സ്‌കൂളുകളിലെ കുട്ടികൾക്കായാണ്‌ സൗകര്യം. 120 ചതുരശ്ര അടിയിൽ നിർമിക്കുന്ന തറയോട്‌ പാകിയ  കോൺക്രീറ്റ്‌ പഠനമുറിയിൽ ഡിജിറ്റൽ പഠനസൗകര്യം സജ്ജമാക്കും. മേശ, കസേര, പുസ്‌തകങ്ങൾ തുടങ്ങിയവയും ബുക്കുകൾ സൂക്ഷിക്കാൻ ഷെൽഫും‌ ഉണ്ടാകും. പിന്നോക്കമേഖലയിലും ആദിവാസി ഊരുകളിലും‌ പഠനസൗകര്യം ഉറപ്പാക്കുമെന്ന്‌ പ്രകടനപത്രികയിൽത്തന്നെ എൽഡിഎഫ്‌ പ്രഖ്യാപിച്ചിരുന്നു. മുൻ വർഷങ്ങളിൽ 16,500 കുടുംബത്തിന്‌ പഠനമുറി നൽകി.

പട്ടികവർഗത്തിന്‌  ഊരുകളിൽ  500 സമൂഹപഠനമുറി പ്രഖ്യാപിച്ചതിൽ 125 എണ്ണം പൂർത്തിയാക്കി. പട്ടികജാതിവിഭാഗത്തിന്‌ കോളനികളിൽ സമൂഹപഠനമുറി ഒരുക്കുന്ന ‘വിജ്ഞാൻവാടി’യിൽ 97 എണ്ണം  പ്രവർത്തിക്കുന്നുണ്ട്.

പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും കൗൺസലിങ്‌
എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക്‌ ഫലപ്രഖ്യാപനത്തിനുമുമ്പായി കൗൺസലിങ്‌ നൽകും. അതത്‌ സ്കൂളുകളിലെ കൗൺസിലർമാർ എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളെയും ഫോണിൽ വിളിക്കും. ഈ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലും അധ്യാപകരുടെ സഹായത്തോടെയും പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ പട്ടിക തയ്യാറാക്കും. അവർക്ക്‌ ടെലിഫോണിക്‌ കൗൺസലിങ്‌ നൽകും. ആവശ്യമെങ്കിൽ നേരിട്ട്‌ കണ്ടും‌ കൗൺസലിങ്‌‌ നൽകും.

രക്ഷിതാക്കളോടും കുട്ടികളോടും പ്രത്യേകം സംസാരിക്കും. വിഷാദം, ആത്മഹത്യാ പ്രവണത എന്നിവയുണ്ടെങ്കിൽ മനസ്സിലാക്കാനാണ് ഇത്‌. ഇത്തരം വീടുകളിൽ നേരിട്ടെത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണ നൽകും. സ്കൂൾ അധികൃതർ, പിടിഎ എന്നിവയുടെ സഹകരണത്തോടെയാണ്‌ പ്രവർത്തനം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top