21 October Monday
പുത്തുമല

ഇവർ കാണാമറയത്ത്‌

സ്വന്തം ലേഖകൻUpdated: Saturday Aug 31, 2019
കൽപ്പറ്റ
പുത്തുമല ദുരന്തത്തിൽ കാണാമറയത്തായത്‌ അഞ്ചുപേർ. ഇവരെ മരിച്ചവരായി പരിഗണിച്ച്‌ സർക്കാർ തുടർ നടപടികളിലേക്ക്‌ കടന്നു. കുടുംബങ്ങൾക്ക്‌ സാമ്പത്തിക സഹായമുൾപ്പെടെ നൽകും. അവസാനം ലഭിച്ച മൃതദേഹവും ഡിഎൻഎ പരിശോധനയിലൂടെ ആരുടേതാണെന്ന്‌ തിരച്ചറിഞ്ഞതോടെ കാണാതായവരുടെ കാര്യത്തിൽ വ്യക്തതയായി. ഇതുസംബന്ധിച്ച റിപ്പോർട്ട്‌ ജില്ലാധികൃതർ ഉടൻ സർക്കാരിന്‌ സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടികൾ.
പുത്തുമല പച്ചക്കാട്‌ പൂത്രത്തൊടിയിൽ ഹംസ, നാച്ചിവീട്ടിൽ അവറാൻ, കന്നൻകാടൻ അബൂബക്കർ, എടക്കണ്ടൻ നബീസ, പുത്തുമല എസ്‌റ്റേറ്റ്‌ തൊഴിലാളി അണ്ണയൻ എന്നിവരെയാണ്‌ ദുരന്തത്തിൽ കാണാതായത്‌. എല്ലാവരും നാട്ടുകാർക്ക്‌ സുപരിചരിതരും  പ്രിയപ്പെട്ടവരുമായിരുന്നു.  അണ്ണയ്യൻ എസ്‌റ്റേറ്റ്‌ പാടിയിലും മറ്റുള്ളവർ  സ്വന്തം വീടുകളിലുമാണ്‌ താമസിച്ചിരുന്നത്‌. എട്ടിന്‌ ഉരുൾപ്പൊട്ടുന്നതിന്‌ മുമ്പ്‌ ആളുകളെ പ്രദേശത്തുനിന്നും ഒഴിപ്പിക്കുന്നതിന്‌ ഇവരും മുമ്പിലുണ്ടായിരുന്നു. ക്യാമ്പിൽപോയ ശേഷം ചെറിയ ആവശ്യങ്ങൾക്കായി തിരികെ വന്നവരായിരുന്നു പലരും. അയൽവാസികളായ അബൂബക്കറും അവറാനും കാറിൽ ഒരുമിച്ച്‌ യാത്രചെയ്യുമ്പോഴായിരുന്നു ദുരന്തം. കാറുപോലും കണ്ടെത്താനായില്ല. ഹംസ പേരക്കുട്ടിയുടെ വിവാഹത്തിന്‌ കരുതിയിരുന്ന ആഭരണവും പണവും എടുക്കാനായി വീട്ടിലെത്തിയതായിരുന്നു. അണ്ണയൻ സമീപത്ത്‌ പാടിയിൽ താമസിക്കുന്നവർക്ക്‌ മാറി താമസിക്കാനുള്ള വീടിന്റെ താക്കോലുമായെത്തിയതായിരുന്നു. നബീസ പുത്തുമലയിൽ ഒലിച്ചുപോയ ക്യാന്റീനുള്ളിലായിരുന്നു. ഇവർക്കായി 18 ദിവസം തെരച്ചിൽ നടത്തി. കാണാതായവുടെ ബന്ധുക്കളുടെ സമ്മതത്തോടെ കഴിഞ്ഞ 26നാണ്‌  തെരച്ചിൽ അവസാനിപ്പിച്ചത്‌.
പ്രധാന വാർത്തകൾ
 Top