24 September Sunday
വായ്‌പാത്തട്ടിപ്പിനിരയായ കർഷകൻ ജീവനൊടുക്കിയ സംഭവം

ജ്വലിച്ച്‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023
പുൽപ്പള്ളി
കോൺഗ്രസ്‌ നേതാക്കളുടെ വായ്‌പാത്തട്ടിപ്പിനിരയായി കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ പുൽപ്പള്ളിയിൽ പ്രതിഷേധം ജ്വലിച്ചു. കേളക്കവല ചെമ്പകമൂല കിഴക്കേ ഇടിക്കലാത്ത്‌ രാജേന്ദ്രൻ നായർ വിഷം കഴിച്ച്‌ ജീവനൊടുക്കിയതിൽ നാട്‌ നടുങ്ങി. തിങ്കൾ രാത്രിമുതൽ കാണാതായ രാജേന്ദ്രൻ നായരെ ചൊവ്വ രാവിലെയാണ്‌ വീടിനുസമീപം കുന്നിൻമുകളിൽ വിഷം അകത്തുചെന്ന്‌ മരിച്ചനിലയിൽ കണ്ടത്‌. 
കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി സഹകരണ ബാങ്കിൽ നടത്തിയ വായ്‌പാത്തട്ടിപ്പിലൂടെ 46 ലക്ഷത്തോളം രൂപയുടെ ബാധ്യതയാണ്‌ രാജേന്ദ്രനുണ്ടായിരുന്നത്‌. ഇതേ തുടർന്നാണ് ജീവനൊടുക്കിയത്‌. 
മൃതദേഹം ഇൻക്വസ്‌റ്റ്‌ നടത്തുന്നത്‌ നാട്ടുകാരും സമരസമിതി പ്രവർത്തകരും ചേർന്ന്‌ തടഞ്ഞു. ഉന്നത റവന്യു അധികൃതർ സ്ഥലത്തെത്തണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തട്ടിപ്പ്‌ നടത്തിയവർക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്നും കുടുംബത്തിന്റെ ബാധ്യത ബാങ്ക്‌ ഏറ്റെടുത്ത്‌ ഭൂമിയുടെ രേഖ തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ടു. ബത്തേരി തഹസിൽദാർ ഷാജിയും ഡിവൈഎസ്‌പി അബ്ദുൾ ഷരീഫും സ്ഥലത്തെത്തി നാട്ടുകാരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ്‌  മൃതദേഹം ഇൻക്വസ്‌റ്റ്‌ നടത്താനായത്‌.  പകൽ മൂന്നോടെയാണ്‌ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി മാനന്തവാടിയിലെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌. കർഷകസംഘത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം ഇരമ്പി.  ഷട്ടർ അടച്ച്‌ മണിക്കൂറുകൾ ബാങ്ക്‌ ഉപരോധിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top