10 July Friday

അണയാത്ത സമരാവേശം

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

 മേപ്പാടി

അടിയന്തരാവസ്ഥയുടെ ഓർമകൾ കരുത്താക്കി സിഐടിയു സുവർണജൂബിലി നിറവിലും ചെങ്കൊടി ഉയർത്തി തോട്ടം തൊഴിലാളി നേതാവ്‌ പി പി അസീസ്‌.  ഇപ്പോൾ 64 വയസ്സുള്ള അസീസ്‌ കൗമാരം  പിന്നിടുന്ന കാലത്താണ്‌ ഇതേ ചെങ്കൊടി   ഉയർത്തിയതിന്‌  1975 ലെ അടിയന്തരാവസ്ഥയിൽ ദീർഘകാലം  ജയിൽവാസം അനുഭവിച്ചത്‌. ഖദർ ധാരികളും  പൊലിസും അഴിഞ്ഞാടി ജനാധിപത്യധ്വംസനങ്ങൾ നടത്തുമ്പോഴും തൊഴിലാളി ശബ്ദം ഉറക്കെ കേൾപ്പിക്കാൻ മുന്നിൽ നിന്നതിനാണ്‌ അസീസിനെ പൊലിസ്‌ തടങ്കലിലിട്ടത്‌. മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റ് ഓഫീസ് പരിസരത്തായിരുന്നു അടിയന്തരാവസ്ഥയിൽ പ്രതിഷേധിച്ച്‌  1975 ആഗസ്ത് 15ന് സിഐടിയുവിന്റെ ചെങ്കൊടി ഉയർത്തിയത്‌. അസീസ്‌ അടക്കമുള്ള ഏഴ് പ്രവർത്തകരെ പൊലിസ്‌ അറസ്റ്റ് ചെയ്ത് 83 ദിവസം വൈത്തിരി സബ്ബ് ജയിലിൽ അടച്ചു. പുളിക്കൽ മൊയ്തു, രാമചന്ദ്രകൈമൾ, അബ്ദു, പരേതരായ - വേലു സ്വാമി, തങ്കപ്പൻ, സെയ്തലവി എന്നിവരായിരുന്നു മറ്റുള്ളവർ. ആ ഓർമയുടെ 45 വർഷം പിന്നിടുമ്പോഴാണ്‌ തൊഴിലാളി ധ്വംസനത്തിനെതിരായ മറ്റൊരു പോരാട്ടത്തിന്‌ കളമൊരുങ്ങുമ്പോൾ അസീസ്‌ ചെങ്കൊടിയുമായി വീണ്ടും മുന്നിൽ നിൽക്കുന്നത്‌. കേന്ദ്രസർക്കാർ തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും കവർന്നെടുക്കുകയും  തൊഴിൽ പൂർണമായി ഇല്ലാതാക്കുകയും ചെയ്യുന്ന കാലത്ത്‌ എല്ലാ ശക്‌തിയും ഉപയോഗിച്ച്‌ തൊഴിലാളിവിരുദ്ധതക്കെതിരെ പോരാടണമെന്ന്‌ അസീസ്‌ പറഞ്ഞു. സിഐടിയു അമ്പതാം സ്ഥാപകദിനാഘോഷം ഈ പോരാട്ടത്തിനുള്ള ഊർജമാണെന്നും അസീസ്‌ പറഞ്ഞു. നിലവിൽ വയനാട്‌ എസ്‌റ്റേറ്റ്‌ ലേബർ യൂണിയൻ(സിഐടിയു)നെടുമ്പാല ഡിവിഷൻ പ്രസിഡന്റാണ്‌ അസീസ്‌.
പ്രധാന വാർത്തകൾ
 Top