നടവയൽ
ഇനി അനന്തപുരിയിലെ കിനാവ്. കനവിന്റെ മണ്ണിൽ നാലുദിനം പീലിവിടർത്തിയാടിയ ജില്ലാ സ്‌കൂൾ കലോത്സവ മേള ചിലങ്കയഴിച്ചു. മൂവായിരത്തോളം പ്രതിഭകൾ മാറ്റുരച്ചു. പെരുമ്പറ മുഴക്കിയ ഗോത്രകലകൾ മനസ്സിൽനിന്ന് മായില്ല. തിരുവാതിരയ്‌ക്കും ഒപ്പനയ്‌ക്കും ഭരതനാട്യത്തിനും ചവിട്ടുനാടകത്തിനുമൊപ്പം ഗോത്രകലകളും ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയിൽ സ്‌കൂൾ കലോത്സവത്തിൽ നിറഞ്ഞാടി. ഓട്ടൻതുള്ളലും മാർഗംകളിയും പരിചമുട്ടും സമാപന ദിനം സമ്പുഷ്‌ടമാക്കി.
നടവയലിനെ ‘നടനവയലാ’ക്കിയ കലാദിനങ്ങളായിരുന്നു. മേള നാടിന്റെ ഉത്സവമായി. നന്ദി... വീണ്ടും വരികയെന്ന് വിടചൊല്ലി. ഏതൊരു കലോത്സവത്തിലുമുണ്ടാകുന്ന ചെറിയ കുറവുകളെ പെരുപ്പിച്ച് കലോത്സവത്തെ തകർക്കാൻ ശ്രമിച്ചവർക്കുള്ള മറുപടി കൂടിയായി മേളയുടെ ഉജ്വലവിജയം. വൈകിട്ട് ആറോടെ സമാപന സമ്മേളനമുൾപ്പെടെ പൂർത്തിയാക്കി. ജില്ലയിലെ താരങ്ങൾ ഇനി തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനമേളയിൽ മാറ്റുരയ്‌ക്കും.
സമാപന സമ്മേളനം ടി സിദ്ദിഖ് എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷനായി. കലക്ടർ ഡി ആർ മേഘശ്രീ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്രവ്യാസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ എം വിനോദ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..