30 January Monday

പഴശ്ശി പോരാട്ടങ്ങൾ വിസ്‌മരിക്കാനാവില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി പുരാവസ്‌തുവകുപ്പ്‌ സംഘടിപ്പിച്ച ചരിത്ര സെമിനാറിൽ കെ കെ മാരാർ സംസാരിക്കുന്നു

മാനന്തവാടി
പഴശ്ശി പോരാട്ടങ്ങൾ കാലത്തിന്‌ വിസ്‌മരിക്കാനാവില്ലെന്ന്‌ സെമിനാർ. 217ാമത്‌ പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശികുടീരത്തിൽ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ചരിത്ര സെമിനാർ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ഓർമപ്പെടുത്തലായി. സ്വാതന്ത്ര്യനിഷേധത്തിനെതിരെ പഴശ്ശിയുടെ നേതൃത്വത്തിൽ മലബാറിൽ നടത്തിയ ചെറുത്തുനിൽപ്പ്‌ പുതിയ കാലത്തിനും ഊർജം പകരുന്നതാണെന്ന്‌ വിഷയാവതാരകർ പറഞ്ഞു. ‘ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ  മലബാറിലെ ആദ്യകാല ചെറുത്തുനിൽപ്പുകൾ’ എന്ന വിഷയത്തിൽ കോഴിക്കോട് സർവകലാശാല റിട്ട. പ്രൊഫ. ഡോ. കെ ഗോപാലൻകുട്ടിയും ‘പഴശ്ശി സമരങ്ങളുടെ കാണാപ്പുറങ്ങൾ’ എന്ന വിഷയത്തിൽ കലാഗവേഷകനായ കെ കെ മാരാരും സംസാരിച്ചു. 
ആദിവാസികൾ വനത്തെ പൈതൃകഭൂമിയായി കണ്ടപ്പോൾ ലാഭം കൊയ്യാനുള്ള ഉപാധിയായിട്ടാണ് ബ്രിട്ടീഷുകാർ വനസമ്പത്തിനെ കണ്ടത്. ബഹുവിഭവകൃഷിയെ ഇല്ലാതാക്കി ബ്രിട്ടീഷുകാർ ഏകവിഭവകൃഷിയെ പ്രോത്സാഹിപ്പിച്ചു. സ്വാശ്രയ ജീവിതരീതിയും സ്വാതന്ത്ര്യവും നഷ്ടപ്പെട്ട ആദിവാസികൾക്ക് ജീവിതം തിരിച്ചുപിടിക്കാൻ പഴശ്ശിയുടെ പോരാട്ടം പിന്തുണയേകി. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ  മലബാറിൽ നടന്ന ചെറുത്തുനിൽപ്പുകൾ പുതുതലമുറ വിസ്മരിക്കരുതെന്നും ഡോ. കെ ഗോപാലൻകുട്ടി പറഞ്ഞു. ചരിത്രത്തിൽ മതിയായ രേഖപ്പെടുത്തലില്ലാത്ത പഴശ്ശി സമരങ്ങൾ കെ കെ മാരാർ ചരിത്രകുതുകികൾക്കായി പങ്കുവച്ചു. 
സെമിനാറിൽ ചരിത്രാധ്യാപിക ഡോ. പ്രിയ പിലിക്കോട് അധ്യക്ഷയായി. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, കോഴിക്കോട് പഴശ്ശി മ്യൂസിയം ഓഫീസർ ഇൻ ചാർജ്  കെ കൃഷ്ണരാജ്, ആർട്ടിസ്റ്റ് കെ എസ് ജീവാമോൾ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top