കൽപ്പറ്റ
യോഗത്തിന് പ്രവർത്തകരെത്താത്തതിനാൽ പ്രതിപക്ഷ നേതാവിനെ നേതാക്കൾ ഗസ്റ്റ് ഹൗസിൽ ഇരുത്തിച്ചത് ഒരു മണിക്കൂർ. കൽപ്പറ്റ നഗരസഭാ യുഡിഎഫ് കൺവൻഷനിലാണ് സംഭവം. ഞായറാഴ്ച 11 മണിക്കാണ് കൺവൻഷൻ വിളിച്ചു ചേർത്തത്. ആളെത്താത്തതിനാൽ ഒരുമണിക്കാണ് ചടങ്ങാരംഭിച്ചത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മണിക്കൂർ വൈകിയാണ് ജില്ലയിലെത്തിയതെങ്കിലും 12 മണിക്ക് പൊഴുതനയിലെ പരിപാടി കഴിഞ്ഞ് കൽപ്പറ്റയ്ക്ക് പുറപ്പെട്ടിരുന്നു. 10 മിനിട്ടുകൊണ്ടെത്തുമെന്ന് അനൗൺസ് ഉണ്ടായെങ്കിലും വേദിയിലെത്തിയത് ഒരു മണിക്കൂർ കഴിഞ്ഞ്. സ്ഥാനാർഥികളും പ്രവർത്തകരുമെത്താത്തതിനാൽ നേതാക്കളിടപ്പെട്ട് നേരെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോവുകയായിരുന്നു. ചെന്നിത്തല 12 മണിക്ക് മുന്നേ കൽപ്പറ്റയിൽ എത്തിയിരുന്നു. ആ സമയം സദസ്സിൽ ആകെയുണ്ടായിരുന്നത് മാധ്യമപ്രവർത്തകരുടെ ഒരു വൻപടയുൾപ്പെടെ അമ്പതിൽ താഴെ ആളുകൾ മാത്രം. സംഗതി പന്തിയല്ലെന്ന് കണ്ട നേതാക്കൾ അടവ് മാറ്റി.
കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ കുറച്ചുപേരെയെ ക്ഷണിച്ചിട്ടുള്ളൂ എന്നായി നേതാക്കൾ. പിന്നീട് കണ്ടത് പുറകിലിട്ട കസേരകൾ പ്രവർത്തകർ മാറ്റിവയ്ക്കുന്നതാണ്. വിളറിപൂണ്ട നേതാക്കൾ പ്രവർത്തകരെ എത്തിക്കാൻ തുരുതുരാ ഫോൺ വിളിയും. ചില സ്ഥാനാർഥികളുൾപ്പെടെ എത്തിയതും ഈ വെപ്രാള വിളിയിലാണ്. അങ്ങനെ ഇട്ട കസേരയിൽ ഒരുവിധം ഒരു മണിയോടെ ആളുകളെ നിറച്ചു.
വിമതശല്യത്തിൽ പൊറുതിമുട്ടുന്ന കൽപ്പറ്റയിലെ യുഡിഎഫ് നേതാക്കളെ പ്രവർത്തകരും കൈവിട്ടുവെന്നതിന്റെ ഉദാഹരണമായിരുന്നു കൺവൻഷൻ. ലീഗിലും കോൺഗ്രസിലുമുള്ള പ്രധാന പ്രവർത്തകരായ യുവാക്കളെ സീറ്റ് നിർണയത്തിൽ അവഗണിച്ചിരുന്നു.
അതിലുള്ള പ്രതിഷേധം കൂടിയാണിന്നുണ്ടായ സംഭവമെന്ന് കൽപ്പറ്റയിലെ യുവനേതാവ് പറഞ്ഞു. മാത്രമല്ല കൽപ്പറ്റയിൽെ മുതിർന്ന നേതാക്കളെല്ലാം വിമത ഭീഷണി നേരിടുന്നവരാണ്. പി പി ആലി, ടി ജെ ഐസക്, ജോഷി സിറിയക്ക് എന്നിവർ വാർഡുകളിൽ വിയർക്കുകയാണ്. അവിടെയും പ്രവർത്തകർ മുഖം തിരിഞ്ഞു നിൽക്കുകയാണ്. ഇവരുടെ വാർഡുകളിൽനിന്നും ആരും തന്നെ യോഗത്തിനെത്തിയിട്ടില്ല. വിമതശല്യത്തിൽ വലയുന്ന കൽപ്പറ്റയിലെ യുഡിഎഫിന് കനത്ത ആഘാതം കൂടിയായി ഞായറാഴ്ചത്തെ കൺവൻഷൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..