16 January Saturday

കോവിഡ്‌ പോസിറ്റിവിറ്റി നിരക്ക് കൂടുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

 

കൽപ്പറ്റ  
കോവിഡ്‌ രോഗികളുടെ എണ്ണവും  കോവിഡ്‌ പോസറ്റീവിറ്റി നിരക്കും ‌ വർധിക്കുന്നത്‌ ജില്ലയെ ആശങ്കയിലാഴ്‌ത്തുന്നു. പത്ത്‌ ശതമനത്തിനടുത്താണ്‌ ജില്ലയിലെ നിലവിലുള്ള പോസറ്റീവിറ്റി നിരക്ക്‌. ഈ മാസം ആദ്യം ആറ്‌ ശതമാനത്തിൽ താഴെയായിരുന്നു ഈ നിരക്ക്‌. കഴിഞ്ഞ ഒരാഴ്‌ചയിലധികമായി കോവിഡ്‌ രോഗികളുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ട്‌. 150 മുതൽ 250 വരെ പേരാണ്‌ ഓരോദിവസവും കോവിഡ്‌ ബാധിതരാവുന്നത്‌. ഒരാഴ്‌ച  മുൻപുവരെ ജില്ല കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ ഏറ്റവും താഴെയായിരുന്നെങ്കിൽ ഇപ്പോൾ സ്ഥിതി മാറി. കാസർകോഡ്‌, ഇടുക്കി, പത്തനംതിട്ട ജില്ലകൾക്ക്‌ മുകളിലാണ്‌ നിലവിൽ ജില്ല. മൊത്തം കോവിഡ്‌ രോഗികളുടെ എണ്ണം പതിനായിരവും കടന്നു. 
   സംസ്ഥാനത്താകെ കോവിഡ്‌ രോഗബാധിതരാകുന്നവരുടെ എണ്ണത്തിലുണ്ടാവുന്ന കുറവും  നാട്‌ തദ്ദേശതെരഞ്ഞെടുപ്പിലേക്ക്‌ കടന്നതും ആളുകൾക്കിടയിൽ ജാഗ്രത കുറച്ചതായി ആരോഗ്യവകുപ്പ്‌ വിലയിരുത്തുന്നു.  വിനോദസഞ്ചാരികളടക്കം നിയന്ത്രണമില്ലാതെ  കറങ്ങിനടക്കുന്നതും ജില്ലക്ക്‌ വെല്ലുവിളിയാണ്‌. ജില്ലയിൽ കോവിഡ്‌ പരിശോധനയുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്‌. ഒരാഴ്‌ചമുൻപ്‌വരെ  1500 വരെ പേരെയാണ്‌ ദിനംപ്രതി പരിശോധിച്ചിരുന്നതെങ്കിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി 1700നും 2100നും ഇടയിൽ സാമ്പിളുകൾ എടുക്കുന്നുണ്ട്‌. ജില്ലയിൽ കൽപ്പറ്റ, ബത്തേരി, മാനന്തവാടി നഗരങ്ങളിൽ പരിശോധനക്കായി  സ്‌റ്റെപ്പ്‌ കി്യോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്‌. 
   തെരഞ്ഞെടുപ്പ്‌ പ്രചരണത്തിൽ സാമൂഹ്യഅകലം പാലിക്കുന്നതിലും ആളുകളുമായി ഇടപഴകുന്നതിലും  കർശനിയന്ത്രണവും ജാഗ്രതയും പുലർത്തണം.    വരും നാളുകളിൽ  ‌ പ്രചാരണം ശക്‌തമാവുമ്പോൾ നിയന്ത്രണങ്ങൾ കൈവിട്ട്‌ പോവാതിരിക്കാൻ സൂക്ഷിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതർ പറഞ്ഞു.     
ജാഗ്രത കൈവിടരുത്‌
ജില്ലയിൽ കോവിഡ് വ്യാപനം 250ഉം കടന്ന  സാഹചര്യത്തിൽ  ജനങ്ങൾ സ്വയം ശ്രദ്ധിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ജാഗ്രതയോടെ നടത്തണം.  ആദിവാസി കോളനികളിലെ പ്രചരണത്തിലെല്ലാം അതീവ ശ്രദ്ധ പുലർത്തണം.  പ്രായമായവരിലും മറ്റ്‌ അസുഖമുള്ളവർക്കും കോവിഡ് ബാധിച്ചാൽ രോഗം സങ്കീർണമാക്കും.  ഗൃഹസന്ദർശനം നടത്തുന്ന സ്ഥാനാർഥികളും പ്രവർത്തകരും വോട്ടർമാരുമായി നേരിട്ട് സമ്പർക്കത്തിൽ ആകാത്ത തരത്തിൽ പ്രചാരണം നടത്തണമെന്നും ഡിഎംഒ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top