28 November Saturday
കാട്ടിലെ പാഴ്‌മുളം തണ്ടിൽനിന്നും...

ലക്ഷങ്ങൾ നേടാം

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

പുൽപ്പള്ളി മാടപ്പാറയിൽ ഭാസ്‌കരന്റെ ഈറ്റത്തോട്ടം

കൽപ്പറ്റ
കാട്ടിലെ പാഴ്‌മുളം തണ്ടിൽനിന്നും പാട്ടിന്റെ പാലാഴി മാത്രമല്ല   നിത്യവരുമാനവും ഉണ്ടാക്കാമെന്നത്‌ വയനാടൻ കാർഷികമേഖലക്ക്‌ പ്രതീക്ഷ പകരുന്നു.  ശുദ്ധവായുവും ശുദ്ധജലവും പ്രദാനം ചെയ്യുന്ന ഓടക്ക്‌  തറവില നൽകി സംഭരിക്കാനുള്ള തീരുമാനമാണ്‌ കർഷകർക്ക്‌ പ്രത്യാശ നൽകുന്നത്‌. ജില്ല മണ്ണ്‌ സംരക്ഷണ ഓഫീസ്‌ ഇടപെടലിന്റെ ഭാഗമായി  ഒരു ഓട കണയ്‌ക്ക്‌ 130 രൂപ തോതിൽ സംഭരിക്കാൻ വെസ്‌റ്റേൺ  ഘാട്ട്‌  ബാംബൂ സീഡ്‌ലിങ്‌ എന്ന സ്ഥാപനമാണ്‌ സന്നദ്ധമായത്‌. പദ്ധതിയുടെ ഉദ്‌ഘാടനം നവംബർ രണ്ടിന്‌ നടക്കും. തകരുന്ന വയനാടൻ പരിസ്ഥിതിയെ തിരികെ പിടിക്കുന്നതോടൊപ്പം  കർഷകക്ക്‌ മികച്ച വരുമാനവും ലഭിക്കുന്നു എന്നതാണ്‌ പദ്ധതിയുടെ നേട്ടം. പുൽപ്പള്ളി, മുള്ളൻകൊല്ലി,പൂതാടി പഞ്ചായത്തുകളിലെ വരൾച്ച പരിഹരിക്കാൻ സംസ്ഥാന സർകാർ   വരൾച്ച ലഘുകരണപദ്ധതിക്കായി 80 കോടി രൂപ നീക്കിവെച്ചിരുന്നു. ഈ പദ്ധതിയുടെ  ഭാഗമായി കർഷകർ, കർഷക ഗ്രൂപ്പുകൾ, കുടുംബശ്രീ എന്നിവർ മുഖേന പ്രദേശത്തെ ചതുപ്പുകളിലും നീർച്ചാലുകളുടെയും തോടിന്റെയും ഓരങ്ങളിലും കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഉദ്ദേശം 25000 ഓടത്തൈകൾ  നട്ടു.  ഇവ  2022 ൽ  വിളവെടുപ്പിന് മൂപ്പെത്തും.   ഒരു ഓട കണയ്ക്ക് തറവില  130 രൂപ നിശ്ചയിച്ച് ഓരോ വർഷവും കർഷകരിൽനിന്നും ഓട കണകൾ എടുക്കാൻ തയ്യാറാണെന്ന്‌  സ്ഥാപന അധികൃതർ അറിയിച്ചിട്ടുണ്ട്‌..       
   
എവിടെയെല്ലാം ചെയ്യാം 
വന്യമൃഗശല്ല്യം,  കാലാവസ്ഥാ മാറ്റം, മറ്റു പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവ കാരണം  കൃഷിയെടുക്കാൻ കഴിയാതെ തരിശിട്ടിരിക്കുന്ന ചതുപ്പ് - തരിശു സ്ഥലങ്ങളിൽ ഓട കൃഷി ചെയ്യാം.  നാലാം വർഷം മുതൽ  വിളവെടുപ്പ് തുടങ്ങാം. ഓരോ ചുവടിൽനിന്നും ഏറ്റവും കുറഞ്ഞത് 10–-15 മൂപ്പെത്തിയ കണകൾ ഓരോ വർഷവും മുറിച്ചെടുക്കാം.  40 വർഷം വരെ വിളവെടുപ്പ് തുടരാം. പിന്നീട്‌ ഓട പൂത്തു നശിക്കും.  ചന്ദനത്തിരി  സ്‌റ്റിക്ക്‌, കൽക്കരി കത്തുന്നതിന്റെ  ക്ഷമത വർധിപ്പിക്കുന്നതിനുള്ള  പെല്ലെറ്റ്‌ ,  ക്രാഫ്‌റ്റ്‌  ഉൽപ്പന്ന നിർമാണം എന്നിവക്കാണ്‌  ഇതുപയോഗിക്കുക.  ഒരു എക്കറിൽ 2 മീx 2 മീ അകലത്തിൽ 800 തൈകൾ വരെ നട്ടു പരിപാലിച്ചാൽ 4-ാം വർഷം മുതൽ   ഓരോ വർഷവും 10 ലക്ഷത്തിലധികം വരുമാനം ലഭിക്കും.
  
പരിസ്ഥിതി സൗഹൃദം,  മികച്ച  വരുമാനം
ഉയർന്ന വരുമാനം, എളുപ്പത്തിലുള്ള പരിപാലനം, രാസവള കീടനാശിനികളിൽ നിന്നും മോചനം, ശുദ്ധജല സ്രോതസ്സുകളുടെ പുനർജ്ജനിക്ക് സഹായകരം, തുടങ്ങി ഓട കൃഷിക്ക്‌ മേന്മകളേറെയാണ്‌. വന്യ മൃഗങ്ങളുടെ കടന്നാക്രമണം ഇല്ലാത്ത വിള, തരിശു ചതുപ്പുകളുടെ സൂക്ഷ്‌മ വിനിയോഗം, കാലാവസ്ഥാ വ്യതിയാനത്തിന്റെ  പ്രത്യാഘാതങ്ങളിൽനിന്നും ശാശ്വത രക്ഷ, സൂക്ഷ്മ കാലാവസ്ഥക്ക് അനുയോജ്യം, വരൾച്ചാലഘൂകരണത്തിന് ഗുണകരം, തുടങ്ങി വയനാടിന്റെ പരിസ്ഥിതി സംരക്ഷണത്തിനും ‌ കൃഷി  ഗുണം ചെയ്യും
                                                                                                                              പി യു ദാസ്
                                                                             ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top