പുത്തുമലയിൽ 6 മണിക്കൂറിൽ 112.6 മില്ലിമീറ്റർ മഴ

കൽപ്പറ്റ
മഴ കനത്തതോടെ ആശങ്കയിൽ പുത്തുമലയും പരിസരങ്ങളും. രണ്ട് ദിവസമായി അതിശക്ത മഴയാണ് ഈ മേഖലകളിൽ പെയ്യുന്നത്. ഞായർ രാവിലെ 8.30 മുതൽ തിങ്കൾ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ പെയ്‌തത് 200.2 മില്ലിമീറ്റർ മഴയാണ്.
പച്ചക്കാട്ടിൽ സ്ഥാപിച്ചിട്ടുള്ള മഴമാപിനിയിൽ തിങ്കൾ രാവിലെ 8.30 മുതൽ പകൽ 2.30 വരെയുള്ള ആറ് മണിക്കൂറിൽ രേഖപ്പെടുത്തിയത് 112.6 മില്ലിമീറ്ററാണ്. ആശങ്കപ്പെടുത്തുന്ന അളവാണിത്. 2019ൽ പുത്തുമലയിൽ ഉരുൾപൊട്ടിയ ആഗസ്‌ത് എട്ടിന് രേഖപ്പെടുത്തിയ മഴയുടെ ശരാശരിക്ക് അടുത്തെത്തും. 2019 ആഗസ്‌ത് എട്ടിന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ ഇവിടെ പെയ്‌തത് 550 മില്ലിമീറ്റർ മഴയായിരുന്നു. അന്ന് വൈകിട്ട് നാലിനാണ് ഉരുൾപൊട്ടലുണ്ടായത്. പകൽ സമയത്തേതുപോലെ തിങ്കൾ രാത്രി വൈകിയും ശക്തമായ മഴയുണ്ട്. രാത്രിയിലെ മഴയുടെ അളവനുസരിച്ചാണ് ചൊവ്വ രാവിലെ 8.30വരെയുള്ള 24 മണിക്കൂറിലെ മഴ കണക്കാക്കുക.
സമീപ പ്രദേശങ്ങളായ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം ഉൾപ്പെടെ വെള്ളരിമല വില്ലേജിലാകെ കനത്ത മഴയാണ്. പലഭാഗങ്ങളിൽനിന്നും ആളുകളെ മാറ്റിപാർപ്പിച്ചു. കുടുംബങ്ങൾ സ്വയം ഒഴിഞ്ഞുപോകുന്നുണ്ട്. മഴ ശക്തമാകുമ്പോൾ 2019ലെ ഉരുൾപൊട്ടൽ ഭീതിയാണ് മനസ്സുകളിൽ. ചൂരൽമഴ പുഴയിൽ ജലനിരപ്പ് ഉയർന്ന് വീടുകളിൽ വെള്ളം കയറി.
0 comments