22 September Sunday

സർവേ ഉടൻ പൂർത്തിയാക്കും ഭൂപ്രശ്‌നത്തിൽ പത്തിനകം റിപ്പോര്‍ട്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019
കൽപ്പറ്റ
കൽപ്പറ്റ മണ്ഡലത്തിലെ ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിനായി  ആഗസ്‌ത്‌ പത്തിനകം റിപ്പോർട്ട്‌ തയ്യാറാക്കും. തിങ്കളാഴ്‌ച കലക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിലാണ്‌  തീരുമാനം. വനംവകുപ്പുമായി തർക്കത്തിലുള്ള കേസുകളും കൈവശ രേഖ, പട്ടയം തുടങ്ങിയ പ്രശ്‌നങ്ങളും യോഗത്തിൽ ചർച്ചചെയ്തു. മൂപ്പൈനാട്  ക്ലബ് മട്ടം, നീലിമല, കടച്ചിക്കുന്ന്, ജയഹിന്ദ് കോളനി, ചുണ്ടേൽ  ഹാരീസൺ മലയാളം പ്ലാന്റേഷൻ എസ്റ്റേറ്റ് ഭൂമി, മണ്ടമല, ചെമ്പ്ര എസ്റ്റേറ്റ്, പടിഞ്ഞാറത്തറ  കാപ്പിക്കളം, കുന്നത്ത് ഇടവക  അറമല, മുട്ടിൽ സൗത്ത്-നോർത്ത്, കൽപ്പറ്റ ഗൂഡലായികുന്ന്, വെള്ളരിമല, വെള്ളാരംകുന്ന് പെരുംന്തട്ട തുടങ്ങിയ ഇടങ്ങളിലെ ഭൂപ്രശ്‌നങ്ങൾ എന്നിവയും ചർച്ചയായി.  വനംവകുപ്പുമായി തർക്കത്തിലുള്ള നീലിമല, കടച്ചിക്കുന്ന്, ജയഹിന്ദ് കോളനി എന്നിവിടങ്ങളിൽ സംയുക്ത സർവേ പൂർത്തിയാക്കിയിട്ടുണ്ട്. സാറ്റലൈറ്റ് സർവേ ഉടൻ പൂർത്തിയാക്കാൻ സർവ്വേ വകുപ്പിനോട് ആവശ്യപ്പെട്ടു.  മലയാളം പ്ലാന്റേഷൻ നേടിയ വിധി തർക്കത്തിലുള്ള മറ്റു സർവേ നമ്പറുകൾക്കും ബാധകമാണോയെന്ന് പരിശോധിച്ച് ആഗസ്റ്റ് ഒന്നിനു മുമ്പ് റിപ്പോർട്ട് നൽകണം.  ആഗസ്റ്റ് രണ്ടിന് കാപ്പിക്കളം പ്രശ്‌നഭൂമിയിൽ സംയുക്ത സർവ്വേ നടത്തി റിപോർട്ട് സമർപ്പിക്കും. അർഹരായവർക്ക് പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കും. വൈത്തിരി അറമല ഭൂപ്രശ്‌നത്തിന് പരിഹാരം കാണാൻ റിസർവ്വേ നടത്തും. ആദിവാസികൾക്ക് നൽകിയ ഭൂമി കൂടാതെ അധികസ്ഥലമുണ്ടെങ്കിൽ  അർഹതപ്പെട്ടവർക്ക്‌ നൽകും. മണ്ടമല ഭൂപ്രശ്‌നത്തിൽ ആറ് കേസുകൾ കോടതിയുടെ പരിഗണനയിലാണ്. മുട്ടിൽ സൗത്ത് പൊതുമരാമത്തിന്റെ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമിക്കും മുട്ടിൽ നോർത്ത് ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥയിലുള്ള പുറമ്പോക്ക് ഭൂമിക്കും സ്‌കെച്ച് തയ്യാറാക്കും. നിലവിൽ ഈ ഭൂമി വർഷങ്ങളായി കൈവശം വച്ചുതാമസിക്കുന്നവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടിയെടുക്കും. വെള്ളാരംകുന്ന് പെരുംന്തട്ട കൈവശ ഭൂമിയിൽ ആഗസ്റ്റ് 10ന് മുമ്പായി സർവേ പൂർത്തിയാക്കും. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗുഡലായികുന്ന് ഭൂപ്രശ്‌നത്തിന്  സർക്കാർതലത്തിൽ തീരുമാനമെടുക്കും. 
വനം വകുപ്പുമായുള്ള ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമമുണ്ടാവുമെന്നും അതിനായി ഉദ്യോഗസ്ഥ തലത്തിൽ യോഗം ചേരുമെന്നും സി കെ ശശീന്ദ്രൻ എഎൽഎ പറഞ്ഞു. ഭൂപ്രശ്‌നത്തിൽ ഏതെങ്കിലും ഒരു വകുപ്പ് എടുക്കുന്ന തീരുമാനം പരിശോധിക്കാൻ വീണ്ടും ജോയിന്റ് സർവേ നടത്തുമെന്നും ജില്ലാ കളക്ടർ എ ആർ അജയകുമാർ  പറഞ്ഞു. സബ്കലക്ടർ എൻ എസ് കെ ഉമേഷ് എന്നിവർ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
 Top