05 August Wednesday

നെന്മേനി കൃഷി അസിസ്റ്റന്റിനെ സസ്‌പെൻഡ്‌ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
ബത്തേിരി
സാമ്പത്തിക ക്രമക്കേടിനെ തുടർന്ന്‌ നെന്മേനി കൃഷിഭവനിലെ കൃഷി അസിസ്റ്റന്റിനെ സസ്‌പെൻഡ്‌ ചെയ്‌തു.   നെന്മേനി കൃഷി അസിസ്റ്റന്റ്‌ കൃഷ്ണജയെയാണ്‌ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സസ്‌പെൻഡ്‌ ചെയ്‌തത്‌. കർഷകർക്ക്‌ നൽകുന്ന ആനുകൂല്യം ക്രമവിരുദ്ധമായി വകമാറ്റി നിക്ഷേപിച്ചത്‌ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ നടപടി. കൃഷി അസിസ‌്റ്റന്റ‌് കൃഷ‌്ണജക്കെതിരെ നെന്മേനി കൃഷി ഓഫീസർ അനുപമ പരാതി നൽകിയിരുന്നു. ഗുരുതരമായ സാമ്പത്തിക തട്ടിപ്പും  ക്രമക്കേടും നടത്തിയതായി ജില്ല കൃഷി ഓഫീസിൽ നിന്നും നടത്തിയ പ്രാഥമിക പരിശോധനയിൽ ബോധ്യമായതായി സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. 
      കർഷകർക്ക്‌ നൽകേണ്ട ആനുകൂല്യം ബന്ധുവും വീട്ടുജോലിക്കാരിയുമായ  എം സുനിതയുടെ എസ്‌ബിഐ കൊളഗപ്പാറ ബ്രാഞ്ച്‌ അക്കൗണ്ടിലും കേരള ഗ്രാമീൺ ബാങ്ക്‌ അക്കൗണ്ടിലും നിക്ഷേപിച്ചതായി പരിശോധനയിൽ കണ്ടെത്തി. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക്‌ സ്‌റ്റേറ്റ്‌മെന്റ്‌ ഉൾപ്പടെയുള്ള രേഖകൾ പരിശോധിച്ചു.  കൃഷി ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മൊഴികൾ എടുത്തതിന്‌  ‌ ശേഷമാണ്‌ നടപടി. 
    നെല്ല‌്, കുരുമുളക‌്, പച്ചക്കറി തുടങ്ങിയ കൃഷികൾക്ക‌് സബ‌്സിഡി ലഭിക്കുന്നതിനുള്ള നിരവധി അപേക്ഷകളാണ‌് കൃഷിഭവനിൽ എത്തിയത‌്. 
ഇതിൽ സുനിതയുടെ പേരിലും അപേക്ഷകൾ തിരുകിക്കയറ്റി സബ‌്സിഡി തുക സുനിതയുടെ പേരിലുള്ള അമ്പലവയൽ എസ‌്ബിഐ, കേരള ഗ്രാമീൺ ബാങ്ക‌് അക്കൗണ്ടുകളിൽ അയക്കുന്ന രീതിയിലായിരുന്നു ‌തട്ടിപ്പ‌്.   സുനിതയുടെ പേരിൽ തന്നെ നിരവധി അപേക്ഷകൾ കണ്ട‌് സംശയം തോന്നിയ കൃഷി ഓഫീസർ ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർക്ക‌് പരാതി നൽകി. തുടർന്ന‌് നടന്ന അന്വേഷണത്തിലും ഓഡിറ്റ‌് വിഭാഗത്തിന്റെ പരിശോധനയിലും സുനിതയുടെ അക്കൗണ്ടുകളിലേക്ക‌്‌ 80,000 രൂപ സബ‌്സിഡിയായി എത്തിയതിന്റെ ബാങ്ക‌് സ‌്റ്റേറ്റ‌്മെന്റും ലഭ്യമായി. നെന്മേനി പഞ്ചായത്തിൽ ഒരു സെന്റ‌് സ്ഥലം പോലും ഇല്ലാത്ത സുനിതയുടെ അക്കൗണ്ടിലെ നോമിനി കൃഷ‌്ണജയാണ‌്. 
പാട്ടകൃഷി പോലും സുനിത ചെയ്യുന്നില്ല. മുമ്പ‌് മീനങ്ങാടി, മുക്കം, പുൽപ്പള്ളി, അമ്പലവയൽ കൃഷിഭവനുകളിലും മഞ്ഞപ്പാറ സ്വദേശിനിയും യുഡിഎഫ‌് അനുഭാവിയുമായ കൃഷ‌്ണജ ജോലി ചെയ‌്തിരുന്നു. അമ്പലവയൽ കൃഷി ഓഫീസിൽ സാമ്പത്തിക തട്ടിപ്പ‌് നടത്തിയതിന‌് കൈയോടെ പിടിക്കപ്പെട്ട ഇവർ പണം തിരിച്ചടച്ച‌് രക്ഷപ്പെടുകയായിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top